കണ്ണൂർ: സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം റദ്ദാക്കിയ ഹൈകോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈകോടതി ഡിവിഷൻ ബെഞ്ച് തള്ളി. ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് സർക്കാർ അപ്പീൽ തള്ളിയത്.
കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഭാഗമായി വളപട്ടണം മന്ന ഹൈവേ ജങ്ഷൻ മുതൽ പുതിയ ചാല ബൈപാസ് ജങ്ഷൻ വരെയുള്ള നാലുവരി പാത നിർമാണവുമായി ബന്ധപ്പെട്ട് വിദഗ്ദ്ധ സമിതിയുടെ ശിപാർശയും, സംസ്ഥാന സർക്കാറിന്റെ അനുമതിയും, അതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനവുമാണ് നേരത്തെ ഹൈകോടതി സിംഗിൾ ബെഞ്ച് അസാധുവാക്കിയത്. ചിറക്കൽ, വളപട്ടണം പഞ്ചായത്തുകളിലെ പ്രതിനിധികളെ ഉൾപെടുത്താതെ രൂപവത്കരിച്ച വിദഗ്ദ്ധ സമിതിയുടെ ശിപാർശ പരിഗണിക്കാവുന്നതല്ലെന്നും, അതിന്റെ അടിസ്ഥാനത്തിൽ സർക്കാർ നൽകിയ അനുമതിയും വിജ്ഞാപനവും നിലനിൽക്കുന്നതല്ലെന്നുമായിരുന്നു ഹൈകോടതി സിംഗിൾ ബെഞ്ച് വിധി.
2013ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിന്റെ 15-ാം വകുപ്പിൽ പരാതിക്കാരെ കേൾക്കുന്നത് സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ നിയമത്തിലൂടെ വ്യക്തമാക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഭൂമി ഏറ്റെടുക്കൽ നടത്തുന്ന സ്ഥലങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിനിധികളെ വിദഗ്ദ്ധ സമിതിയിൽ ഉൾപ്പെടുത്തണമെന്ന് പറയുന്നത്, അതാത് പ്രദേശങ്ങളിലെ സാമൂഹിക സാഹചര്യത്തെക്കുറിച്ചു അവർക്ക് അവബോധമുള്ളതുകൊണ്ടാണ്. തൊട്ടടുത്തുള്ള കോർപറേഷനിലെ പ്രതിനിധികളുണ്ട് എന്നുള്ളത് കൊണ്ട് പഞ്ചായത്തിന്റെ പ്രശ്നങ്ങൾ ശരിയായ രീതിയിൽ പരിഗണിക്കപ്പെട്ടു എന്ന് പറയാൻ സാധിക്കില്ലെന്നായിരുന്നു ജസ്റ്റിസ് ടി.ആർ. രവി അധ്യക്ഷനായ ഹൈ കോടതി സിംഗിൾ ബെഞ്ച് നിരീക്ഷിച്ചത്. സിംഗിൾ ബെഞ്ചിന്റെ ഈ കണ്ടെത്തലുകളെല്ലാം ഡിവിഷൻ ബെഞ്ച് ശരിവെച്ചു.
കണ്ണൂർ വളപട്ടണം മന്ന ഹൈവേ ജങ്ഷൻ മുതൽ പുതിയ ചാല ബൈപാസ് ജങ്ഷൻ വരെയുള്ള സ്ഥലങ്ങളിൽ വീടുകളും വ്യാപാര സ്ഥാപനങ്ങളും നടത്തിവരുന്ന ചിറക്കൽ പി.എം. അബ്ദുൽ മനാഫ് തുടങ്ങി 16 പേരാണ് സർക്കാറിനെതിരെ കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.