കണ്ണൂർ: മലയോര മേഖലയിലെ യാത്രാപ്രശ്നം രൂക്ഷമായ സ്ഥലങ്ങളില്‍ ജനപ്രതിനിധികളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ആവശ്യപ്രകാരം അനുവദിക്കുന്ന ബസ്റൂട്ടുകള്‍ക്ക് അടിയന്തര പ്രാധാന്യത്തോടെ സമയം അനുവദിക്കണമെന്ന് ജില്ല വികസന സമിതി യോഗം നിര്‍ദേശം നല്കി.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യനാണ് വിഷയം യോഗത്തില്‍ ഉന്നയിച്ചത്. മലയോര മേഖലയില്‍ പുതുതായി നിരവധി നല്ല റോഡുകള്‍ നിര്‍മിച്ചിട്ടുണ്ടെന്നും എന്നാല്‍, പല സ്ഥലങ്ങളിലും ബസ്റൂട്ട് ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം പുതിയ റൂട്ടുകളില്‍ ബസ് പെര്‍മിറ്റ് അനുവദിച്ച് മാസങ്ങളായിട്ടും ആര്.ടി.ഒ ഓഫിസ് സമയം അനുവദിക്കാത്ത സ്ഥിതിയുണ്ടെന്നും ബിനോയ് കുര്യന് പറഞ്ഞു. പുതിയ റൂട്ട് അനുവദിക്കുമ്പോള്‍ സമയം അനുവദിക്കുന്നത് സംബന്ധിച്ച ശിപാര്‍ശയും സമര്‍പ്പിക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ല കലക്ടര്‍ അരുണ്‍ കെ. വിജയന് ആര്.ടി.ഒ അധികൃതര്‍ക്ക് നിര്‍ദേശം നല്കി.
നിലവില്‍ ബസ് സർവിസ് ഇല്ലാത്ത സ്ഥലങ്ങള്‍, രൂക്ഷമായ യാത്രാപ്രശ്നമുള്ളതായി തദ്ദേശസ്ഥാപനങ്ങളോ, ജനപ്രതിനിധികളോ നിര്‍ദേശിക്കുന്ന റൂട്ടുകള്‍ എന്നിങ്ങനെ പ്രത്യേക പരിഗണനയോടെ പെര്‍മിറ്റ് അനുവദിക്കുന്ന കേസുകളില്‍ സമയം അനുവദിക്കുന്നതില്‍ കാലതാമസം അംഗീകരിക്കാനാവില്ലെന്നും കലക്ടര്‍ പറഞ്ഞു. കണ്ണൂര്‍ ഗവ. ഐ.ടി.ഐയിലെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പണി ഉടൻ പൂര്‍ത്തിയാക്കണമെന്ന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ആവശ്യപ്പെട്ടു. കെട്ടിടത്തിന്റെ പെയിന്റിങ് ഉള്‍പ്പെടെയുള്ള പ്രവൃത്തി പൂര്‍ത്തീകരിച്ചതായും ഉദ്ഘാടന സജ്ജമായതായും ഐ.ടി.ഐ പ്രിന്‍സിപ്പല്‍ അറിയിച്ചു. മലയോര ഹൈവേയുടെ ഭാഗമായുള്ള വെമ്പുവ, ചെന്തോട് താല്‍ക്കാലിക പാലങ്ങൾ ഒലിച്ചുപോയത് പ്രദേശത്ത് അപകട ഭീഷണി ഉണ്ടാക്കുന്നതായി സണ്ണി ജോസഫ് എം.എല്‍.എ പറഞ്ഞു. നടന്നുപോകാന്‍ കഴിയുന്ന വിധം കൈവരികളോടെ താല്ക്കാലികപാലം ഉണ്ടാക്കുന്ന പ്രവൃത്തി ആരംഭിച്ചതായി കെ.എസ്.ടി.പി അധികൃതര്‍ അറിയിച്ചു. കേളകം, ഇരിട്ടി പ്രദേശങ്ങളിലെ വന്യമൃഗശല്യം തടയാനുള്ള സൗരോര്‍ജ വേലി നിര്‍മിക്കുന്നതിനുള്ള 11 പ്രവൃത്തിയില്‍ ഒന്ന് ടെൻഡര്‍ നടപടി പൂര്‍ത്തിയായതായും 10 എണ്ണം റീ ടെൻഡറിന് വെച്ചതായും ഡി.എഫ്.ഒ അറിയിച്ചു.
ആറളം ഫാമിലേക്ക് പുഴയിലൂടെ ആനകള്‍ കയറുന്നത് തടയാന്‍ പുഴയുടെ വലതുകരയില്‍ 250 മീറ്റര്‍ നീളത്തിലും മൂന്ന് മീറ്റര്‍ ഉയരത്തിലും സംരക്ഷണ ഭിത്തി നിര്‍മിക്കുന്നതിന് റിവര്‍ മാനേജ്മെന്റ് ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തിയുടെ സാങ്കേതികാനുമതിയായതായി മേജര്‍ ഇറിഗേഷന്‍ എക്സി. എൻജിനീയര്‍, ഡി.എഫ്.ഒ എന്നിവര്‍ അറിയിച്ചു. പുഴക്ക് കുറുകെ താല്‍ക്കാലിക തൂക്കുവേലി നിര്‍മിച്ചിട്ടുണ്ടെന്നും ഡി.എഫ്.ഒ അറിയിച്ചു.
ആറളം പുനരധിവാസ മേഖലയില്‍ ഭൂമി അനുവദിച്ചിട്ടും താമസിക്കാത്തവരുടെ കൈവശരേഖ റദ്ദുചെയ്ത് അര്‍ഹരായ ഭൂരഹിതര്‍ക്ക് നല്‍കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്താന്‍ യോഗം നിര്‍ദേശിച്ചു. ഇതിന്റെ സര്‍വേ നടപടികള്‍ നടന്നു വരുന്നതായും പുതിയ ഗുണഭോക്താക്കളില്‍നിന്ന് അപേക്ഷ സ്വീകരിച്ചതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു. വനം വകുപ്പിന് കീഴിലുള്ള പൈതല്‍മല, കഞ്ഞിരക്കൊല്ലി, കാപ്പിമല വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യവും പൊതുസൗകര്യവും ഒരുക്കാന്‍ നടപടി വേണമെന്ന് സജീവ് ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടു. പ്രവേശന ഫീസ് പിരിക്കുന്നുണ്ടെങ്കിലും സഞ്ചാരികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വിമുഖത കാണിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധികളെയും തദ്ദേശസ്ഥാപനങ്ങളെയും വനം വകുപ്പിനെയും പങ്കെടുപ്പിച്ച് പ്രത്യേക യോഗം വിളിച്ച് ഇക്കാര്യത്തില്‍ നടപടി സ്വകീരിക്കാന്‍ ഡി.ടി.പി.സിക്ക് യോഗം നിര്‍ദേശം നല്കി.
താവം, പാപ്പിനിശ്ശേരി പാലങ്ങളിലെ കുഴിയടക്കാന്‍ അടിയന്തര നടപടി വേണമെന്ന് എം. വിജിന് എം.എല്‍.എ ആവശ്യപ്പെട്ടു. പാലം നിര്‍മാണം പൂര്‍ത്തിയാക്കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം ഇവ ഏറ്റെടുക്കാത്തത് അറ്റകുറ്റപ്പണി യഥാസമയം നടത്തുന്നതിന് തടസ്സമാകുന്നതായും അദ്ദേഹം പറഞ്ഞു.
താല്‍ക്കാലിക നടപടിയായി ഉടൻ പാലങ്ങളിലെ കുഴി അടക്കുന്നതിന് പൊതുമരാമത്ത് റോഡ്സ് വിഭാഗത്തെ യോഗം ചുമതലപ്പെടുത്തി. തലശ്ശേരി -വളവുപാറ കെ.എസ്.ടി.പി റോഡിലും സമാന സ്ഥിതിയുള്ളതായി മട്ടന്നൂര്‍ നഗരസഭ ചെയര്മാന് എന്‍. ഷാജിതും ചൂണ്ടിക്കാട്ടി. പഴശ്ശി ഇറിഗേഷന്റെ ഭൂമിയില്‍ മുണ്ടേരി പഞ്ചായത്തിലെ ചില ഭാഗങ്ങളില്‍ കൈയേറ്റമുള്ളതായി പരാതി ഉണ്ടെന്നും ഇക്കാര്യം പരിശോധിക്കണമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പറഞ്ഞു.
സിവില്‍ സ്റ്റേഷന് ഓഫിസുകളില്‍ എത്തുന്ന പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പൊതുശുചിമുറി വേണമെന്ന് ജില്ല വികസന സമിതിയില്‍ ആവശ്യം. എം. വിജിന് എം.എല്‍.എയാണ് യോഗത്തില്‍ ഇക്കാര്യം ഉന്നയിച്ചത്.
ഉചിതമായ സ്ഥലം കണ്ടെത്തി ഇതിനാവശ്യമായ കരട് എസ്റ്റിമേറ്റ് തയാറാക്കാന്‍ ജില്ല വികസന സമിതി ചെയര്‍മാനായ കലക്ടര്‍ അരുണ്‍ കെ. വിജയന് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന് നിര്‍ദേശം നല്കി.
വിവിധ ആവശ്യങ്ങള്‍ക്കായി സിവില്‍ സ്റ്റേഷനിലെത്തുന്ന സ്ത്രീകളടക്കമുള്ളവര്‍ പൊതു ശുചിമുറി ഇല്ലാത്തതിനാല്‍ ഇപ്പോള്‍ ഏറെ ബുദ്ധിമുട്ടുന്നതായി എം.എല്‍.എ ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന് കിഴക്കെ കവാടം റോഡിനോട് ചേര്‍ന്ന് ബസ് സ്റ്റോപ്പുള്ളത് അപകടങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ മുന്നോട്ടേക്ക് മാറ്റി സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്ന ഓട്ടോറിക്ഷകളടക്കമുള്ള ചെറു വാഹനങ്ങള്‍ സ്റ്റോപ്പില്‍ നിര്‍ത്തിയിടുന്ന ബസുകളെ മറികടന്ന് പോകുന്നത് പലപ്പോഴും അപകടകരമായ രീതിയിലാണ്. ഇത് ഒഴിവാക്കാന്‍ ബസ് സ്റ്റോപ് മാറ്റുന്നത് വഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.