കണ്ണൂർ: സംസ്ഥാനത്തെതന്നെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ട ഉൾപ്പെടെ കണ്ണൂരിലെ മയക്കുമരുന്ന് കേസുകളിലെ മുഖ്യപ്രതി തെക്കിബസാർ റാബിയ മന്‍സിലിൽ നിസാം അബ്ദുൽ ഗഫൂർ (35) അറസ്റ്റിൽ. മഞ്ചേശ്വരം ഹൊസങ്കടിയിൽ ഒളിവിൽ കഴിയവേയാണ് ചൊവ്വാഴ്ച ഉച്ചയോടെ കണ്ണൂർ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്.
മലബാര്‍ മേഖലയിൽ പുതുതലമുറ മയക്കുമരുന്നുകളുടെ മൊത്ത വിതരണക്കാരനാണ് പിടിയിലായ നിസാമെന്ന് സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ പറഞ്ഞു. ഈ മാസം ഏഴിന് രണ്ടുകിലോയോളം എം.ഡി.എം.എയും ബ്രൗൺഷുഗറും ഓപിയവും അടക്കമുള്ള മയക്കുമരുന്നുമായി മുഴപ്പിലങ്ങാട് സ്വദേശി തോട്ടൻറവിട ഹൗസിൽ അഫ്സൽ (33), ഭാര്യ ബൾകീസ് ചരിയ (31) എന്നിവരെ കണ്ണൂരിൽ പൊലീസ് പിടികൂടിയിരുന്നു. ചോദ്യം ചെയ്യലിലാണ്, ഇവരുടെ ബന്ധുവും കേസിലെ മുഖ്യകണ്ണിയുമായ നിസാമിനെക്കുറിച്ച് വിവരം ലഭിച്ചത്.
ബംഗളൂരുവിൽനിന്ന് ടെക്സ്റ്റൈൽ ഉൽപന്നങ്ങളെന്ന വ്യാജേന വലിയ അളവിൽ പാർസലായി മയക്കുമരുന്ന് അയച്ചത് ഇയാളായിരുന്നു. ബല്‍ക്കീസും അഫ്സലും പിടിയിലായതറിഞ്ഞതോടെ നിസാം ഒളിവിൽപോയി. മംഗളൂരുവിലും കാസർകോട്ടുമായി പല സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയവേ കാറിൽ സഞ്ചരിക്കുമ്പോളാണ് ഇയാൾ പിടിയിലായത്. ബംഗളൂരുവിൽനിന്ന് നിസാം വഴി വില്‍പനക്കായി എത്തിക്കുന്ന മയക്കുമരുന്നുകള്‍ ചില്ലറ വിൽപനക്കായി അളന്നുതൂക്കി വിതരണം നടത്തിയിരുന്ന, പടന്നപ്പാലം പാസ്പോർട്ട് ഓഫിസിന് സമീപത്തെ ഇന്‍റീരിയർ ഡിസൈനിങ് സ്ഥാപനത്തിൽ കഴിഞ്ഞയാഴ്ച പൊലീസ് നടത്തിയ പരിശോധനയിലും എൽ.എസ്.ഡി സ്റ്റാമ്പുകളും മോളി ഗുളികകളും കണ്ടെടുത്തിരുന്നു.
ബൽക്കീസിന്‍റെയും നിസാമിന്‍റെയും ബന്ധു കണ്ണൂർ തയ്യില്‍ മരക്കാര്‍കണ്ടി കരീലകത്ത് ജനീസിന്‍റെ ഉടമസ്ഥതയിലാണ് കട. കണ്ണൂരിലെ മയക്കുമരുന്ന് കടത്തിനുപിന്നിൽ കൂടുതൽ കണ്ണികളുണ്ടെന്ന് മനസ്സിലായതോടെ മയക്കുമരുന്ന് മാഫിയയെ കുടുക്കാനായി കണ്ണൂർ സിറ്റി പൊലീസ് കമീഷണർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. സിറ്റി പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ പി.കെ. സുമേഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് നിസാമിനെ അറസ്റ്റുചെയ്തത്. പ്രതിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്.
ഓരോ മാസവും പ്രതിയുടെ ബാങ്ക് അക്കൗണ്ടിൽ ഒരു കോടിക്ക് മുകളിലുള്ള പണ ഇടപാടുകള്‍ നടക്കുന്നതായി പൊലീസ് പരിശോധനയില്‍ കണ്ടെത്തി. നേരത്തെ ബംഗളൂരുവിൽ കഞ്ചാവ് പിടികൂടിയ കേസില്‍ നിസാം ആറുമാസം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കണ്ണൂരിലെ മയക്കുമരുന്നു കേസുകള്‍ ഉള്‍പ്പെടെ ഏഴു കേസുകള്‍ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമായി ഇയാൾക്കെതിരെ നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.