കണ്ണൂർ: തോട്ടടയിലെ കണ്ണൂർ ഗവ. ഐ.ടി.ഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കുന്നു. ഇതിന്റെ ഭാഗമായി നിർമിച്ച സ്മാർട്ട് ക്ലാസ് റൂം, മിനി കോൺഫറൻസ് ഹാൾ, അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക് എന്നിവ അടങ്ങുന്ന കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 9.30ന് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കുമെന്ന് പ്രിൻസിപ്പൽ ബി.എസ്. ദിലീപൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. നൈപുണ്യ പരിശീലന രംഗത്ത് ആറ് ദശാബ്ദത്തിലേറെയായി കുട്ടികൾക്ക് വഴികാട്ടുന്ന ഈ വിദ്യാലയം 1948ൽ ആവിഷ്കരിച്ച പദ്ധതിയാണ് ക്രമാനുഗതമായ മാറ്റത്തിലൂടെ വ്യാവസായിക പരിശീലന പദ്ധതിയും വ്യവസായ പരിശീന കേന്ദ്രങ്ങളുമായി മാറിയത്.
ഈ സ്ഥാപനം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് സംസ്ഥാന സർക്കാർ കിഫ്ബി വഴി 13.81 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകി. അതിന്റെ ഒന്നാം ഘട്ടമായി 4.1 കോടി ചെലവഴിച്ചാണ് സമുച്ചയ നിർമാണം പൂർത്തിയാക്കിയത്. വരും തലമുറകൾക്ക് കാല ഘ്യത്തിനനുസൃതമായ നൈപുണ്യ പരിശീലനം നൽകുന്നതിനും സ്വയംപര്യാപ്തതക്ക് ആവശ്യമായ ദിശാബോധം നൽകുന്നതിനും കണ്ണൂർ ഐ.ടി.ഐക്ക് ലഭിക്കുന്ന അന്താരാഷ്ട്ര പദവി നാഴികക്കല്ലാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാലയ അധികൃതർ. വൈസ് പ്രിൻസിപ്പൽ കെ.എൽ. സുധ, സ്റ്റാഫ് സെക്രട്ടറി കെ. പവിത്രൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.വി. ബാബു എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.