കണ്ണൂർ: കോവിഡ് കേസുകൾ വർധിച്ചതോടെ കണ്ണൂർ ബി വിഭാഗത്തിലേക്ക് മാറി. പൊതുപരിപാടികൾ അടക്കമുള്ള ആൾക്കൂട്ടങ്ങൾ അനുവദിക്കില്ല. ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന കോവിഡ് രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലുള്ള ജില്ല മെഡിക്കൽ ഓഫിസറുടെ റിപ്പോർട്ടിനെ തുടർന്നാണ് വെള്ളിയാഴ്ച മുതൽ ജില്ലയെ ബി വിഭാഗം ജില്ലയായി പ്രഖ്യാപിച്ച് കലക്ടർ എസ്. ചന്ദ്രശേഖർ ഉത്തരവിട്ടത്. ഇതുപ്രകാരമുള്ള നിയന്ത്രണങ്ങൾ ഫെബ്രുവരി അഞ്ചുവരെയോ മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയോ നിലവിലുണ്ടായിരിക്കും.
ഉത്തരവ് പ്രകാരം ജില്ലയിൽ എല്ലാ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാമുദായിക കൂടിച്ചേരലുകളും അനുവദിക്കില്ല. മതപരമായ എല്ലാ ചടങ്ങുകളും ഓൺലൈനായി മാത്രം നടത്തണം. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പരമാവധി 20 പേർ മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ. ഇതിനുപുറമെ ജനുവരി 30ന് ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ജില്ലയിലെ വ്യാപാര സ്ഥാപനങ്ങൾ, മാളുകൾ, എന്നിവിടങ്ങളിൽ അനുവദനീയമായതിൽ കൂടുതൽ ആളുകൾ കൂടിച്ചേരുന്നില്ലെന്നും ആളുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും പൊലീസ് ഉറപ്പുവരുത്തും. കോവിഡ് ചട്ടലംഘനം ശ്രദ്ധയിൽപെടുന്നപക്ഷം ബന്ധപ്പെട്ടവർക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കും. ഇനിയുള്ള ദിവസങ്ങളിൽ താലൂക്ക് തലത്തിൽ ഡെപ്യൂട്ടി തഹസിൽദാറുടെ നേതൃത്വത്തിൽ സ്ക്വാഡുകൾ രൂപവത്കരിക്കും.
കണ്ണൂർ: കോവിഡ് കണക്കുകൾ രണ്ടായിരവും കടന്നു കുതിക്കുന്നു. ജില്ലയിൽ പുതുതായി 2,152 പേർക്കാണ് കോവിഡ്സ്ഥിരീകരിച്ചത്. ബുധനാഴ്ച 2,333 പേർക്കാണ് കോവിഡ് ബാധിച്ചത്. 3,18,400 പേർ ഇതുവരെ രോഗബാധിതരായി. 1,973 പേർ രോഗമുക്തരായി. 5,577 സാമ്പിളുകൾ വ്യാഴാഴ്ച പരിശോധിച്ചു. ഇതുവരെ ചെയ്ത പരിശോധനകളുടെ എണ്ണം 2,51,2398 ആയി.
1814 പേരാണ് ബുധനാഴ്ച രോഗമുക്തരായത്. ജില്ലയിലെ ആശുപത്രികളിൽ ആകെ പ്രവേശിപ്പിച്ചതിൽ 14.8 ശതമാനം മാത്രമാണ് കോവിഡ് കേസുകൾ. വ്യാഴാഴ്ച ആശുപത്രികളിൽ പ്രവേശിപ്പിച്ച 2,980 പേരിൽ 440 പേരാണ് കോവിഡ് പോസിറ്റിവ് ആയിട്ടുള്ളത്. കോവിഡ് പോസിറ്റിവായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ, ജനുവരി ഒന്നുമുതൽ വ്യാഴാഴ്ച വരെ ഉണ്ടായത് 95.6 ശതമാനം വർധനയാണ്. അതേസമയം ജനുവരി ഒന്നിന് തീവ്രപരിചരണ വിഭാഗത്തിൽ (ഐ.സി.യു) പ്രവേശിപ്പിച്ചത് 47 പേരാണെങ്കിൽ വ്യാഴാഴ്ച അത് 110 പേരാണ്-134 ശതമാനം വർധന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.