കൊട്ടിയൂർ: രാജവെമ്പാലകൾ മലയിറങ്ങും കാലത്ത് വനാതിർത്തി ജനവാസ കേന്ദ്രങ്ങളിൽ പിടികൂടുന്നവയുടെ എണ്ണത്തിൽ കുതിപ്പ്. ആദ്യകാലങ്ങളിൽ രാജവെമ്പാല എന്ന പേര് മാത്രം കേട്ടിരുന്ന മലയോരത്ത് ഇന്ന് ദിനം പ്രതി കാണുന്ന അവസ്ഥയാണ്. രാജവെമ്പാലകൾ ഇല്ലാതിരുന്ന മേഖലകളിൽ ഇപ്പോൾ ഇവയെ കണ്ടെത്തുന്നത് നാട്ടുകാരിൽ ആശങ്ക ഉളവാക്കുന്നുണ്ട്. കൊട്ടിയൂരിലെയും പരിസരങ്ങളിലെയും ജനവാസ കേന്ദ്രത്തിൽ നിന്ന് ജൂലൈയിൽ മാത്രം പിടികൂടിയത് ആറ് രാജവെമ്പാലകളെയാണ്.
ഏറ്റവും ഒടുവിൽ കൊട്ടിയൂരിലെ അംഗൻവാടിയുടെ ഉള്ളിൽ രാജവെമ്പാലയെ കണ്ടെത്തിയ സംഭവമാണ്. കൊട്ടിയൂർ, ആറളം വന്യജീവി സങ്കേതത്തിന്റെ ചുറ്റുമുള്ള ആറളം, മുഴക്കുന്ന്, പേരാവൂർ, കണിച്ചാർ, കേളകം, കൊട്ടിയൂർ പ്രദേശങ്ങളിലാണ് രാജവെമ്പാലകളെ അധികമായി കാണുന്നതും പിടികൂടുന്നതും. ഒരു ദിവസം തന്നെ ഒന്നിലധികം രാജവെമ്പാലകളെയാണ് കൊട്ടിയൂർ, കേളകം പഞ്ചായത്തുകളിൽ നിന്ന് പിടികൂടിയിട്ടുള്ളത്.
സ്ഥിരമായ ആവാസകേന്ദ്രമുള്ളവയാണ് രാജവെമ്പാലകൾ. അതിനാൽ തന്നെ 50 കിലോമീറ്റർ അകലെ എങ്കിലും ഇവയെ തുറന്നു വിട്ടാൽ മാത്രമേ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് അകന്നു നിൽക്കൂ. പിടികൂടുന്ന രാജവെമ്പാലകളെ ഉൾവനത്തിൽ വിടാത്തതാണ് ഇവ തുടർച്ചയായി ജനവാസ കേന്ദ്രങ്ങളിൽ എത്തുന്നതിന് കാരണമെന്നാണ് ജനങ്ങളുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.