കൂത്തുപറമ്പ്: കഴിഞ്ഞ ദിവസമുണ്ടായ പ്രളയത്തിൽ മാങ്ങാട്ടിടം പഞ്ചായത്തിലെ 300ഓളം വീടുകളിൽ വെള്ളം കയറി. 21 വീടുകൾ നശിച്ചു. എട്ട് വാർഡുകളിലായി 11 വീടുകൾ പൂർണമായും രണ്ട് വീടുകൾ ഭാഗികമായും തകർന്നു. എട്ട് വീടുകൾ വാസയോഗ്യമല്ലാതായി. വീടും ഉപജീവനമാർഗവും വ്യാപാര സ്ഥാപനങ്ങളും നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിന് പഞ്ചായത്ത് ഓഫിസ് കേന്ദ്രീകരിച്ച് റിലീഫ് സെന്റർ ആരംഭിച്ചതായും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ഗംഗാധരൻ മാസ്റ്റർ, സെക്രട്ടറി എസ്. അനിൽ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
50 വർഷത്തിനിടയിൽ ആദ്യമായാണ് മെരുവമ്പായി പുഴയിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്ന് നിർവേലി പാലോട്ട് കുന്ന്, മെരുവമ്പായി, കണ്ടംകുന്ന്, ആയിത്തറ ഭാഗങ്ങളിൽ ഇത്രയേറെ വെള്ളം കയറുന്നത്. രണ്ടാൾ ഉയരത്തിലാണ് വിവിധ പ്രദേശങ്ങളിൽ വെള്ളം ഉയർന്നത്. ഈ പ്രദേശങ്ങളിലെ 33 വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറി രണ്ട് കോടിയിലധികം രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചത്. ഗൃഹോപകരണങ്ങൾ, ഫർണിച്ചർ, വിലപ്പെട്ട രേഖകൾ, വസ്ത്രങ്ങൾ തുടങ്ങിയവയെല്ലാം നഷ്ടമായി. വ്യാപകമായി കാർഷിക വിളകൾ നശിച്ചു. 10 കോടിയോളം വരുന്ന കൃഷി നാശവും സംഭവിച്ചു. 30 കോടിയോളം രൂപയുടെ നാശനഷ്ടമാണ് ആകെ കണക്കാക്കുന്നത്. പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ട വിദ്യാർഥികൾക്ക് എത്രയും പെട്ടെന്ന് പാഠപുസ്തകങ്ങൾ എത്തിക്കുന്ന നടപടി കെ.കെ. ശൈലജ എം.എൽ.എ മുഖാന്തരം സ്വീകരിച്ചുവരികയാണ്. അതോടൊപ്പം, പാസ്പോർട്ട് ,ആധാർ കാർഡ്, മറ്റ് രേഖകൾ നഷ്ടപ്പെട്ടവർക്കും വീണ്ടെടുക്കാനുള്ള നടപടികൾ സ്വീകരിക്കും. ദുരിതബാധിതരെ സഹായിക്കുന്നതിന് പഞ്ചായത്ത് ഓഫിസിൽ റിലീഫ് സെന്റർ ആരംഭിച്ചിട്ടുണ്ട്.
മുഴുവൻ ആളുകളും റിലീഫ് പ്രവർത്തനങ്ങളുമായി സഹകരിക്കണമെന്നും പഞ്ചായത്ത് ഭാരവാഹികൾ പറഞ്ഞു. അസിസ്റ്റന്റ് സെക്രട്ടറി പി. ലതീഷ് ബാബു, കെ. ഷിവ്യ, എം. ഷീന എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.