കണ്ണൂർ: സമ്പർക്കത്തിലൂടെ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ബോണ്ട് (ബസ് ഒാൺ ഡിമാൻഡ്) സർവിസിന് ജില്ലയിൽ തുടക്കമാവുന്നു. സർക്കാർ ജീവനക്കാരെയും സ്ഥിരം യാത്രക്കാരെയും ലക്ഷ്യമിട്ടാണ് പദ്ധതി തുടങ്ങുന്നത്. നിശ്ചിത ദിവസത്തേക്ക് ട്രാവൽ കാർഡ് എടുക്കുന്നവർക്കാണ് ഇത്തരം സർവിസിൽ യാത്ര ചെയ്യാൻ സാധിക്കുക.
കാർഡ് എടുത്തവരെ അവരുടെ വീടിന് സമീപത്തുള്ള സ്റ്റോപ്പിലെത്തി ബസിൽ കയറ്റി ഒാഫിസിനു മുന്നിൽ ഇറക്കും. മുൻകൂട്ടി കാർഡ് എടുത്തവരെ മാത്രമേ 'ബോണ്ട്' സർവിസുകളിൽ യാത്ര ചെയ്യാൻ അനുവദിക്കൂ.
കോവിഡ് പ്രോട്ടാകോൾ പാലിച്ച് നിശ്ചിത യാത്രക്കാരെ മാത്രം ഉൾക്കൊള്ളിച്ചാണ് ബസുകൾ സർവിസ് നടത്തുക. കാർഡിനായി രജിസ്റ്റർ ചെയ്യുേമ്പാൾ കയറേണ്ടതും ഇറേങ്ങണ്ടതുമായ സ്റ്റോപ്പുകൾ യാത്രക്കാരൻ സൂചിപ്പിക്കണം. ഇതനുസരിച്ച് ഒരേ സ്ഥലത്തേക്ക് നിശ്ചിത യാത്രക്കാരെ മാത്രം ഉൾക്കൊള്ളിച്ച് പ്രത്യേക സർവിസാണ് നടത്തുക.
സംസ്ഥാനത്തെ മറ്റു ജില്ലകളിലും നടപ്പാക്കിയ പദ്ധതി വിജയകരമായതിനാലാണ് കണ്ണൂരിലും തുടങ്ങുന്നതെന്ന് ജില്ല ട്രാവൽ ഒാഫിസർ കെ. പ്രദീപ് പറഞ്ഞു. ജില്ലയിൽ ആദ്യ ഘട്ടത്തിൽ കണ്ണൂർ-പരിയാരം ഗവ. മെഡിക്കൽ കോളജ്, ഇരിട്ടി -കണ്ണൂർ, കണ്ണൂർ -തലശ്ശേരി റൂട്ടുകളിലാണ് ബോണ്ട് സർവിസ് തുടങ്ങുക.
ഒാണം കഴിഞ്ഞാലുടൻ ട്രാവൽ കാർഡ് രജിസ്ട്രേഷൻ ആരംഭിക്കും. യാത്രക്കാരുടെ എണ്ണം അനുസരിച്ച് ബസുകളുടെയും റൂട്ടുകളുടെയും എണ്ണത്തിൽ വർധനയുണ്ടാകുമെന്നും ഡി.ടി.ഒ അറിയിച്ചു. കൂടാതെ ഇത്തരം കാർഡ് എടുക്കുന്നവർക്ക് അവരുടെ കാർ, ബൈക്ക് എന്നിവ പാർക്ക് ചെയ്യാൻ ഡിപ്പോയിൽ സൗജന്യമായി സ്ഥലസൗകര്യം അനുവദിക്കും. ആദ്യ ഘട്ടത്തിൽ 20 ദിവസം കാലാവധിയുള്ള കാർഡാണ് യാത്രക്കാർക്ക് നൽകുക. പിന്നീട് ആവശ്യാനുസരണം പുതുക്കാം.
ട്രാവൽ കാർഡ് ആവശ്യമുള്ളവർ പദ്ധതി കോഒാഡിനേറ്റർ പി.സി. സനൽ കുമാറുമായി ബന്ധപ്പെടണം. ഫോൺ: 8547712059. ഒാണത്തോടനുബന്ധിച്ച് അന്തർസംസ്ഥാന സർവിസിന് പുറമെ മറ്റു ജില്ലകളിലേക്കും കണ്ണൂരിൽനിന്ന് കെ.സ്.ആർ.ടി.സി സർവിസ് തുടങ്ങി.
തിരുവനന്തപുരം, പാലക്കാട്, തൃശൂർ ജില്ലകളിലക്കാണ് സർവിസ്. സെപ്റ്റംബർ രണ്ടിന് വൈകീട്ട് 5.30ന് കണ്ണൂർ ഡിപ്പോയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള ഡീലക്സ് സർവിസിന് ബുക്കിങ് തുടങ്ങിയതായും ഡി.ടി.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.