മാഹി: ഭീഷണിപ്പെടുത്തി പണംതട്ടിയ കേസിൽ മനുഷ്യാവകാശ പ്രവർത്തകൻ കരിയാട് സ്വദേശി ഹമീദ് കിടഞ്ഞി എന്ന കഴുക്കോൽ ഹമീദ് ഉൾപ്പെടെ മൂന്നുപേരെ മാഹി കോടതി നാലുവർഷം വീതം തടവിന് ശിക്ഷിച്ചു. രയരോത്ത് സെമീർ കിടഞ്ഞി, നാദാപുരം പുളിയാവിൽ തെക്കിയാട് ചാമയിൽ സിദ്ദിഖ് എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റുള്ളവർ. വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷ നലു വർഷേത്തേക്കാണെങ്കിലും രണ്ടുവർഷം തടവ് ഒന്നിച്ചനുഭവിച്ചാൽ മതിയാവും. ഖത്തറിലെ ബിസിനസുകാരനായ കരിയാട് സ്വദേശി സാദിഖ് കണ്ടിയിലിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 2021 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. ഹമീദ് കിടഞ്ഞി സാദിഖിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചുവെന്നാണ് പരാതി.
മുംബൈയിൽനിന്ന് ഭർത്താവിനെ അന്വേഷിച്ച് മാഹിയിലെത്തിയ സ്ത്രീയെ തെറ്റിദ്ധരിപ്പിച്ച് ഇവരെ വേർപിരിക്കാനും ഇവരിൽനിന്ന് പണം തട്ടാനും ഹമീദും സംഘവും ശ്രമിച്ചിരുന്നുവത്രെ. സ്ത്രീയുടെ ഭർത്താവ് പെരിങ്ങത്തൂർ പുളിയനമ്പ്രം നൂറുദ്ദീന്റെ ബന്ധുവാണ് പരാതിക്കാരൻ. ഭർത്താവിനെ അന്വേഷിച്ച് മാഹിയിലെത്തി സ്ത്രീ താമസിച്ച ലോഡ്ജിൽനിന്നാണ് ഹമീദ് ഉൾപ്പെടെയുള്ള മൂവർ സംഘം തട്ടിപ്പിന് പദ്ധതിയിട്ടതെന്ന് പറയുന്നു. സ്ത്രീയെയും ഭർത്താവിനെയും ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് സാദിഖിൽനിന്ന് 90,000 രൂപ ഹമീദ് കൈവശപ്പെടുത്തി.
സ്ത്രീയെ പരാതിക്കാരനായ സാദിഖ് പീഡീപ്പിച്ചതായി പരാതിയുണ്ടെന്നും ഒത്തുതീർപ്പാക്കാൻ 25 ലക്ഷം രൂപ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു പിന്നിട് ഹമീദ് കിടഞ്ഞി ഖത്തറിലെ സാദിഖിനെ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്നാണ് പരാതി. നിരന്തരം പണം നൽകണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് സാദിഖ് മാഹി പൊലീസിൽ പരാതി നൽകി. കോടതി വിധിയുണ്ടായ ശേഷം ജാമ്യത്തിലിറങ്ങിയ ഹമീദും സെമീറും ചേർന്ന് പരാതിക്കാരനായ സാദിഖിനെ തടഞ്ഞുനിർത്തി ആക്രമിച്ചതായുമുള്ള പരാതിയിൽ ചൊക്ലി പൊലീസ് ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.