മാഹി: മാഹി ഇൻഡോർ സ്റ്റേഡിയം കെട്ടിടം കായിക പ്രേമികൾക്ക് ദു:ഖത്തോടൊപ്പം ഭീഷണിയുമാകുന്നു. സ്റ്റേഡിയത്തിന്റെ ഉൾഭാഗങ്ങൾ തകർന്നുതുടങ്ങിയതാണ് കാരണം.ഒരു വ്യാഴവട്ടം പിന്നിടുമ്പോഴേക്ക് പൂർണ തകർച്ചയിലേക്ക് നീങ്ങുകയാണ് സ്റ്റേഡിയം. 12.62 കോടി രൂപ ചെലവഴിച്ച് 2012 ൽ നിർമിച്ച സ്റ്റേഡിയം 2015 ൽ വിദ്യാഭ്യാസ വകുപ്പിന് കൈമാറി. ഒരു വോളി ബാൾ/ ബാസ്കറ്റ് ബാൾ കോർട്ട്, നാല് ഷട്ടിൽ കോർട്ടുകൾ, മൂന്ന് ടേബ്ൾ ടെന്നിസ് കോർട്ടുകൾ, 750 പേർക്കുള്ള ഗാലറി എന്നീ സൗകര്യങ്ങളാണുള്ളത്.
250 വിദ്യാർഥികളും മുതിർന്നവരുമായി ഇൻഡോർ സ്റ്റേഡിയം ഉപയോഗിക്കുന്നുണ്ട്. കളിക്കാൻ ഇൻഡോർ സ്റ്റേഡിയം ഉപയോഗിക്കുന്നത് 500 രൂപ മാസ വാടക നൽകിയാണെങ്കിലും ‘തറ നിലവാരം’ മാത്രമേയുള്ളുവെന്നാണ് കളിക്കാനെത്തുന്നവർ പറയുന്നത്. പണം അടച്ച് കളിക്കുന്നവർക്ക് ഇരിപ്പിടം പോലും ഈ സ്റ്റേഡിയത്തിൽ ഇല്ല.
സ്റ്റേഡിയത്തിനകത്ത് ഫ്ലോറിങ് 12 വർഷങ്ങൾക്ക് മുമ്പ് മരം പാകിയാണ് ചെയ്തത്. ഇത് പരിപാലിക്കാത്തതിനാൽ ദ്രവിക്കാനും തുടങ്ങിയിട്ടുണ്ട്. വൈകീട്ട് സ്കൂൾ വിദ്യാർഥികൾ കളിക്കാനെത്തുന്നുണ്ടെങ്കിലും കുടിവെള്ളം കിട്ടുന്നതിന് സൗകര്യമില്ല. വാച്ച്മാൻമാരോ മറ്റ് ഉദ്യോഗസ്ഥരോ ഇല്ല. ബാലഭവനിലെ രണ്ട് കായികാധ്യാപകരാണ് ഇപ്പോൾ സ്റ്റേഡിയം തുറക്കുന്നതും മറ്റു കാര്യങ്ങൾ ചെയ്യുന്നതും. അധ്യാപകർ തന്നെയാണ് അത്യാവശ്യ ശുചീകരണ പ്രവർത്തികളും ചെയ്യുന്നത്.
പകൽ സമയങ്ങളിൽ തെരുവ് നായകളുടെ താവളമായ ഇൻഡോർ സ്റ്റേഡിയയത്തിൽ കഴിഞ്ഞ ദിവസം നായ വിസർജിച്ചതടക്കം ഈ അധ്യാപകർ തന്നെയാണ് വൃത്തിയാക്കിയത്. പെൺകുട്ടികൾ അടക്കമുള്ളവർ പരിശീലനത്തിനായി വരുന്നുണ്ട്. ഇവിടെയുള്ള ശുചിമുറികളിൽ വേണ്ടത്ര വെളിച്ചമോ വൃത്തിയോ ഇല്ല.
മൊബൈൽ ഫോൺ വെളിച്ചമാണ് ഇവർ ആശ്രയിക്കുന്നത്. പല ഇലക്ട്രിക് ഉപകരണങ്ങളും തകർന്നും തൂങ്ങിയും പ്രവർത്തന രഹിതമായി. വയറിങ് ചുമരിന് പുറമേയാതിനാൽ സ്വിച്ചുകൾ പലതും ഷോക്കേൽക്കുന്ന പരുവത്തിലാണ് ഇപ്പോഴുള്ളത്. സുധാകരൻ മാസ്റ്റർ ഫുട്ബാൾ അക്കാദമിയാണ് രണ്ടര ലക്ഷം രൂപ ചിലവഴിച്ച് സ്റ്റേഡിയത്തിന് പുറത്ത് ചെളിയും വെള്ളവും നിറഞ്ഞ ഭൂമി നികത്തി ഫുട്ബാൾ കളിക്കാനുള്ള ഗ്രൗണ്ട് നിർമിച്ചത്. ബാസ്കറ്റ് ബാൾ കളിക്കുന്നയിടത്ത് ലൈറ്റുണ്ടെങ്കിലും വോളിബാൾ കളിക്കുന്ന ഭാഗത്ത് വെളിച്ചമില്ല. മേൽക്കൂരയിലെ സീലിങ് പലയിടത്തും അടർന്ന് തൂങ്ങി കിടക്കുകയാണ്.
ജനറേറ്റർ പ്രവർത്തന രഹിതമാണ്. കൂടാതെ സ്റ്റേഡിയത്തിന് ചുറ്റും കാട് വളർന്നു കിടക്കുകയാണ്. സ്റ്റേഡിയത്തിന് പുറത്ത് വെളിച്ചമില്ലാത്തതിനാൽ രാത്രി സമയങ്ങളിൽ കളിക്കാൻ വരുന്നവർ മൊബെൽ ഫോണിൻ്റെ വെളിച്ചത്തിലാണ് സഞ്ചരിക്കാറ്. മുൻപ് സ്റ്റേഡിയത്തിന്റെ പരിസരത്ത് നിന്ന് പെരുമ്പാമ്പിനെ പിടികൂടിയിരുന്നു.സ്റ്റേഡിയത്തിന് പുറത്ത് ഉള്ള ഫുട്ബാൾ ഗ്രൗണ്ടും കാട് മൂടിയ അവസ്ഥയിലാണ്. ഉദ്ഘാടന സമയത്ത് മാഹിയിലെ ജനങ്ങൾ തങ്ങളുടെ കായിക കഴിവുകൾ വികസിപ്പിക്കുന്നതിന് സ്റ്റേഡിയം പ്രയോജനപ്പെടുത്തണമെന്നാണ് മന്ത്രി അജയ് മക്കാൻ പറഞ്ഞത്.
എന്നാൽ ഇന്ന് സ്റ്റേഡിയം ഉപയോഗിക്കുന്നവർക്ക് ഇവിടത്ത പരിതാപകരമയായ അവസ്ഥയിൽ കളിക്കാനും കളിക്കാതിരിക്കാനും പറ്റാത്ത സ്ഥിതിയിലാണ് ഉള്ളത്. അധികൃതർ ഉടൻ ഇടപെട്ടില്ലെങ്കിൽ സ്റ്റേഡിയം കൂടുതൽ തകർച്ചയിലേക്ക് നീണ്ട് ഒരുതരത്തിലും കളിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് മാറും എന്നാണ് കായികപ്രേമികൾ ഭയപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.