വളപട്ടണം: വളപട്ടണം പുഴയിൽ ചാടിയ ബന്ധുവായ യുവാവിനെ രക്ഷിക്കാൻ പിറകെ പുഴയിലേക്ക് ചാടിയ യുവാവിനെ കാണാതായി. പാടിയോട്ടുചാൽ ഏച്ചിലാംപാറയിലെ കിഴക്കേ വീട്ടിൽ പരേതനായ ഗംഗാധരെൻറ മകൻ വി.കെ. വിജിത്തി(33)നെയാണ് കാണാതായത്. ബുധനാഴ്ച ഉച്ച ഒരുമണിയോടെയാണ് സംഭവം. വളപട്ടണം പാലത്തിൽനിന്ന് കാസർകോട് കയ്യൂർ പാലോത്ത് പ്രമോദിെൻറ മകൻ പ്രബിൻ (25) പുഴയിലേക്ക് ചാടിയതിനു പിറകെ രക്ഷിക്കാനായാണ് വിജിത്ത് പുഴയിലേക്ക് ചാടിയത്.
സ്വകാര്യ ആശുപത്രിയിലെ പരിശോധനക്ക് ശേഷം കണ്ണൂരിൽനിന്ന് നാട്ടിലേക്ക് തിരിച്ചു പോകുമ്പോൾ വളപട്ടണം പാലത്തിലെ ഗതാഗതക്കുരുക്കിനെ തുടർന്ന് ഇവർ സഞ്ചരിച്ച വാഹനം വളരെ സാവകാശമാണ് മുന്നോട്ടു നീങ്ങിയത്. അതുകാരണം വാഹനത്തിെൻറ ഡോർ തുറന്ന് മാനസികാസ്വാസ്ഥ്യമുള്ള പ്രബിൻ പുഴയിലേക്ക് ചാടുകയായിരുന്നു.
ഇരുവരും പുഴയിൽ ചാടിയതിന് പിറകെ പ്രബിെൻറ അമ്മ ബേബിയും പുഴയിൽ ചാടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ബലം പ്രയോഗിച്ചു പിടിച്ചുവെക്കുകയായിരുന്നു. പുഴയിൽ ചാടിയ പ്രബിനെ അഴീക്കൽ കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തി. എന്നാൽ, നല്ല അടിയൊഴുക്കുള്ള പ്രദേശമായതിനാൽ വിജിത്തിനെ കണ്ടെത്താൻ കഴിഞ്ഞില്ല. കെ.ആർ.എം.യു കണ്ണൂർ അംഗവും പയ്യന്നൂര്‍ പാടിയോട്ടുചാൽ ഏച്ചിലംപാറ സ്വദേശിയുമാണ് കാണാതായ വിജിത്ത്.
കോസ്റ്റൽ പൊലീസിലെ എസ്. ലക്ഷ്മണൻ, എ.എസ്.ഐ സജിത്, സീനിയർ സിവിൽ പൊലീസ് ഓഫിസർ മഹേഷ്, സജേഷ്, സുമേഷ്, അഭിലാഷ്, വില്യംസ് എന്നിവരുടെ നേതൃതത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. കണ്ണൂരിൽനിന്നെത്തിയ ഫയർ ഫോഴ്സും വളപട്ടണം പൊലീസും തിരച്ചിൽ നടത്തി. തിരച്ചിൽ നടത്തൽ വെളിച്ചക്കുറവും രാത്രിയായതിനാലും നിർത്തി. വ്യാഴാഴ്ച വീണ്ടും തിരച്ചിൽ തുടരുമെന്ന് അഴീക്കൽ കോസ്റ്റൽ പൊലീസ് ഇൻസ്പെക്ടർ എൻ.ജി. ശ്രീമോൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.