കേളകം: ജില്ലയിലെ ആറളം ആദിവാസി പുനരധിവാസമേഖലയിൽ വീട് നിർമാണത്തിന്റെ പേരിൽ വൻ തട്ടിപ്പ്. താമസക്കാരല്ലാത്തവരുടെ പേരിൽ നിർമിച്ചത് വിവിധ ബ്ലോക്കുകളിലായി ഇരുനൂറിലധികം വീടുകൾ. നിർമാണം പൂർത്തിയാകും മുമ്പേ കരാറുകാർ പണം കൈപ്പറ്റിയെന്നും ആരോപണമുണ്ട്. കയറിക്കിടക്കാൻ ഒരു വീടെന്ന സ്വപ്നവുമായി ആദിവാസികളടക്കം നൂറുകണക്കിന് മനുഷ്യർ ജീവിക്കുന്ന നാട്ടിലാണ് ആറളത്തെ വീട് നിർമാണത്തട്ടിപ്പ്. നിർമാണത്തിലെ അപാകത മൂലം ഭൂരിഭാഗം വീടുകളും താമസയോഗ്യമല്ല. ആറു ലക്ഷം രൂപ മുടക്കി സർക്കാർ പണിതു നൽകിയ വീടുകളിൽ കാട്ടുപന്നികൾ അടക്കമുള്ള വന്യമൃഗങ്ങളാണ് താമസക്കാർ.
3500ഓളം ആദിവാസികൾക്കാണ് ആറളത്ത് ഭൂമി പതിച്ചു നൽകിയത്. ഇതിൽ പകുതിയിലധികം പേരും ഇവിടെ താമസത്തിനെത്തിയില്ല. താമസക്കാരല്ലാത്തവരുടെ വിലാസം തപ്പിയെടുത്ത് കരാറുകാർ അവരുടെ വീട്ടിലെത്തും. പിന്നെ പണം വാഗ്ദാനം ചെയ്ത് വീട് നിർമാണത്തിനുള്ള അപേക്ഷയിൽ ഒപ്പിട്ട് വാങ്ങും. 30,000 മുതൽ 50,000 രൂപ വരെയാണ് വാഗ്ദാനം. വീട് നിർമാണത്തിനുള്ള തുക അനുവദിക്കപ്പെട്ടാൽ പിന്നെ കാര്യങ്ങൾ എല്ലാം നിയന്ത്രിക്കുന്നത് കരാറുകാരാണ്. ആദ്യം മുഴുവൻ ചെക്കുകളിലും ഒപ്പിട്ട് വാങ്ങും. പിന്നെ വീട് നിർമാണം കരാറുകാരന് തോന്നും പടിയാണ്. ഒടുവിൽ വാഗ്ദാനം ചെയ്ത കമീഷൻ തുക പോലും ആദിവാസിക്ക് നൽകാതെ കരാറുകാർ മടങ്ങും. നിർമിച്ച് ഉപേക്ഷിക്കപ്പെട്ട വീടുകളിൽ ഭൂരിഭാഗത്തിന്റെയും കതകും ജനലുകളും പിഴുതെടുത്തിരിക്കുന്നു.
കരാറുകാരും ചില ഉദ്യോഗസ്ഥരും ചേർന്ന് നടത്തുന്ന ഈ തട്ടിപ്പിലൂടെ സർക്കാറിന് നഷ്ടമായത് കോടിക്കണക്കിന് രൂപയാണ്. കൊടും കാടിനുള്ളിൽ ആൾ താമസമില്ലാതെ കിടക്കുന്ന വീടുകൾ പലതും ചോർന്നൊലിക്കുന്നവയാണ്. രാജ്യത്തിന് മാതൃകയെന്ന പേരിൽ ആറളത്ത് ആദിവാസികളെ പുനരധിവസിപ്പിക്കപ്പെട്ടത് മുതൽ കൊള്ളയാണ് നടക്കുന്നത്. പുനരധിവാസത്തിന്റെ തുടക്കത്തിൽ സംസ്ഥാന നിർമിതി കേന്ദ്രത്തിന്റെ കീഴിൽ നടത്തിയ ഭവന നിർമാണവും നടത്തിയത് കരാറുകാരായിരുന്നു. അന്ന് നിർമിതിയുടെ നിർമാണ പിഴവിനെതിരെ വിജിലൻസ് അന്വേഷണം നടത്തി ക്രമക്കേട് കണ്ടെത്തിയിരുന്നു.
നിലവിൽ ആറളം ഫാമിൽ ഒരേക്കർ ഭൂമി വീതം ലഭിച്ച വയനാട് ഉൾപ്പെടെ ജില്ലകളിൽ നിന്നുള്ള അഞ്ഞൂറോളം കുടുംബങ്ങൾ ഇന്നും ആറളത്തെ ഭൂമിയിൽ താമസിക്കാനെത്തിയില്ല. അത്തരത്തിലുള്ള മറ്റ് ജില്ലക്കാരുടെ പ്ലോട്ടുകളിലാണ് തട്ടിപ്പ് നടത്തി തുക കൊള്ളയടിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. പതിറ്റാണ്ടുകളായി മറ്റ് ജില്ലയിലുള്ളവർക്ക് അനുവദിച്ച് ഏറ്റെടുക്കാത്ത ആറളത്തെ ഭൂമി ഫാമിന്റെ വിവിധ കോണുകളിൽ കുടിൽ കെട്ടി താമസിക്കുന്ന ഭൂരഹിതർക്ക് നൽകണമെന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. ആദിവാസി പുനരധിവാസ മേഖലയായ ഏഴ്, 10, 13 ബ്ലോക്കുകളിലായി നിർമിച്ച ആളൊഴിഞ്ഞ വീടുകൾ വലിയ കൊള്ളയുടെ സ്മാരകമാണിന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.