മട്ടന്നൂര്‍: ആറാമത് മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കും. തിങ്കളാഴ്ച വോട്ടെണ്ണല്‍. ഉച്ചയോടെ ഫലംവ്യക്തമാകും. വെള്ളിയാഴ്ച വൈകുന്നേരം പരസ്യ പ്രചാരണം സമാപിക്കും.
എല്ലാ പോളിങ് ബൂത്തിലും വിഡിയോ പരിശോധന ഒരുക്കുന്നുണ്ട്. ഇടതു, വലതു കൗണ്‍സിലര്‍മാര്‍ ഏറ്റുമുട്ടുന്ന ഉത്തിയൂര്‍, സിറ്റിങ് കൗണ്‍സിലര്‍ മൂന്നാംവട്ടവും മാറ്റുരക്കുന്ന കയനി ഉള്‍പ്പെടെയുള്ള വാര്‍ഡില്‍ കടുത്തമത്സരമാണ്. ഐക്യമുന്നണി 32 വോട്ടിനു ജയിച്ച ബേരം, 70 വോട്ടിനു ജയിച്ച കയനി, 139 വോട്ടിനു ജയിച്ച മണ്ണൂര്‍, 155 വോട്ടിനു ജയിച്ച മിനി നഗര്‍, ഇടതുമുന്നണി 42 വോട്ടിനു ജയിച്ച മേറ്റടി, 53 വോട്ടിനു ജയിച്ച കളറോഡ്, 58 വോട്ടിനു ജയിച്ച നാലാങ്കേരി, 70 വോട്ടിനു ജയിച്ച കോളാരി, 77 വോട്ടിനു ജയിച്ച മരുതായി, 99 വോട്ടിനു ജയിച്ച മുണ്ടയോട്, 113 വോട്ടുകള്‍ക്കു ജയിച്ച പെരിഞ്ചേരി, ഏളന്നൂര്‍, 189 വോട്ടിനു ജയിച്ച ആണിക്കരി, 238 വോട്ടിനു ജയിച്ച ഉത്തിയൂര്‍ എന്നീ 14 വാര്‍ഡില്‍ കടുത്ത മത്സരമാണ്. കടുകടുപ്പം മേറ്റടി, മരുതായി, മിനിനഗര്‍ എന്നിവയിലാണ്. കോളാരിയിലും മേറ്റടിയിലും കഴിഞ്ഞതവണ ബി.ജെ.പിയാണ് രണ്ടാംസ്ഥാനത്ത് എത്തിയിരുന്നത്.
35 വാര്‍ഡുകളിലായി 111 സ്ഥാനാര്‍ഥികളാണുള്ളത്. കഴിഞ്ഞതവണ സ്ഥാനാര്‍ഥികള്‍ 112 ആയിരുന്നു. ഇടതു, വലതു മുന്നണികളും ബി.ജെ.പിയും എല്ലാ വാര്‍ഡിലും, എസ്.ഡി.പി.ഐ നാല് വാര്‍ഡിലും മത്സരിക്കുന്നു. ഒന്നില്‍ സ്വതന്ത്രനും മറ്റൊന്നില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ വിമതനായും രംഗത്തുണ്ട്.
ഏറ്റവും കൂടുതല്‍ സ്ഥാനാർഥികളുള്ളത് ബേരത്താണ്. അഞ്ചുപേര്‍. കഴിഞ്ഞ അഞ്ചുതവണയും ഒപ്പംനിന്ന വോട്ടര്‍മാര്‍ ഇത്തവണയും കൈവിടില്ലെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. എന്നാല്‍, കഴിഞ്ഞതവണ ഏഴു സീറ്റ് മാത്രം ലഭിച്ചെങ്കിലും ഐക്യത്തോടെ നിന്നതിനാല്‍ ഇത്തവണ ഭരണം ലഭിച്ചേക്കാമെന്ന് ഐക്യമുന്നണിയും വിലയിരുത്തുന്നു. ചുരുങ്ങിയപക്ഷം 13 മുതല്‍ 15 സീറ്റുവരെ ലഭിച്ചേക്കാമെന്നും ഐക്യമുന്നണി കണക്കുകൂട്ടുന്നു.
മട്ടന്നൂര്‍ 20ന് ബൂത്തിലേക്ക്
കണ്ണൂർ: ശനിയാഴ്ച മട്ടന്നൂർ നഗരസഭ പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നതിനാൽ അന്നേദിവസം നെഗോഷ്യബിൾ ഇൻസ്ട്രുമെൻറ് ആക്ട് പ്രകാരം നഗരസഭ പരിധിയിലെ മുഴുവൻ പൊതു ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതു അവധിയും സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾക്കും വാണിജ്യസ്ഥാപനങ്ങൾക്കും വേതനത്തോടെയുള്ള അവധിയും പ്രഖ്യാപിച്ച് പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിട്ടു. ഷോപ്‌സ് ആൻഡ് കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെൻറ് നിയമത്തിന് കീഴിൽവരുന്ന സ്വകാര്യ സ്ഥാപനങ്ങൾ ശനിയാഴ്ച വേതനത്തോടുകൂടിയുള്ള അവധി പ്രഖ്യാപിക്കുന്നുവെന്ന് ലേബർ കമീഷണർ ഉറപ്പാക്കണം. മട്ടന്നൂർ നഗരസഭയിലെ വോട്ടറും നഗരസഭക്ക് പുറത്ത് ജോലിചെയ്യുന്നവരുമായ കാഷ്വൽ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്കും വേതനത്തോടെയുള്ള അവധി നൽകണം. പോളിങ് ബൂത്തുകളായി നിശ്ചയിച്ച സ്ഥാപനങ്ങൾക്ക് വെള്ളി, ശനി ദിവസങ്ങളിലും വോട്ടെണ്ണൽ കേന്ദ്രമായ മട്ടന്നൂർ ഹയർസെക്കൻഡറി സ്‌കൂളിന് വെള്ളി, ശനി, തിങ്കൾ ദിവസങ്ങളിലും ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ ജില്ല കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.