കണ്ണൂർ: പുതിയ സംരംഭകരെ സഹായിക്കാന്‍ താലൂക്കുതലത്തില്‍ സഹായകേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. കണ്ണൂരില്‍ 'മീറ്റ് ദി മിനിസ്റ്റര്‍' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രജിസ്ട്രേഷന് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സംരംഭകര്‍ക്ക് ഇവിടെനിന്നു സഹായം നല്കാന് കഴിയണം. അതിനായി പ്രഫഷനല്‍ രീതിയില്‍ വ്യവസായ വകുപ്പ് സംവിധാനങ്ങള്‍ പുനഃസംഘടിപ്പിക്കും. ജില്ല വ്യവസായ കേന്ദ്രവും നവീകരിക്കും. അദാലത്തുകള്‍ സ്ഥിരം സംവിധാനമായി ഉദ്ദേശിക്കുന്നില്ല. നിലവിലെ സംവിധാനങ്ങളെ ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കാനുള്ള നടപടിയുടെ ഭാഗമാണിത്. ഇനിയുള്ള വ്യവസായ വികസനത്തിെൻറ പ്രധാന ഭൂമികയായി ഉത്തരകേരളത്തെ മാറ്റണമെന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങള്‍, ഇലക്ട്രോണിക്സ്, ഫര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, ഐ.ടി, ടൂറിസം തുടങ്ങിയ മേഖലകളില്‍ പ്രത്യേക ഊന്നല്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടര്‍ എം.ജി. രാജമാണിക്യം, വ്യവസായ വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, ജില്ല കലക്ടര്‍ എസ്. ചന്ദ്രശേഖര്‍, ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ കാര്‍ത്തിക്, കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ് എന്നിവര്‍ സംസാരിച്ചു. ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അനില്‍കുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തീര്‍പ്പായത് 44 പരാതികള്‍
ജില്ലയിലെ വ്യവസായ, ഖനന മേഖലകളിലെ പ്രശ്നങ്ങള്‍ സംരംഭകരുമായി നേരിട്ട് സംവദിച്ച് 'മീറ്റ് ദി മിനിസ്റ്റര്‍' അദാലത്ത്. വ്യവസായ വാണിജ്യ മന്ത്രി പി. രാജീവിെൻറ നേതൃത്വത്തില്‍ കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് ഹാളില്‍ നടന്ന അദാലത്തില്‍ സ്വീകരിച്ച 94 പരാതികളില്‍ 44 എണ്ണം പരിഹരിച്ചു. പരാതിക്കാരെൻറ മതിയായ വിവരങ്ങള്‍ ഇല്ലാത്തതിനാല്‍ ഒരു പരാതി മാറ്റിവെച്ചു. 27 പരാതികള്‍ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
കളിമണ്ണ് ഖനനത്തിന് ജില്ലയില്‍ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടവ, പൂട്ടിക്കിടക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ പുനരാരംഭിക്കുമ്പോള്‍ വീണ്ടും ലൈസന്‍സ് എടുക്കുന്നതുമായി ബന്ധപ്പെട്ടവ, പാരിസ്ഥിതിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടവ തുടങ്ങി 22 പരാതികള്‍ നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിനായി മാറ്റിവെച്ചു. ഇതിന് പുറമെ 39 പരാതികളാണ് തത്സമയം സ്വീകരിച്ചത്. ഇവയുടെ വിശദാംശങ്ങള്‍ പഠിച്ച് നടപടി സ്വീകരിക്കും.
തദ്ദേശ സ്ഥാപനങ്ങള്‍, വൈദ്യുതി വകുപ്പ്, ജിയോളജി വകുപ്പ്, അഗ്നിരക്ഷ, മലിനീകരണ നിയന്ത്രണ വിഭാഗം, ബാങ്ക് വായ്പ തുടങ്ങി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ കൂടുതലായും ചര്‍ച്ച ചെയ്തത്. ചെങ്കല്‍ ഖനനം, ക്വാറി തുടങ്ങിയവക്ക് പഞ്ചായത്ത് ലൈസന്‍സ് അനുവദിക്കാത്തതുമായി ബന്ധപ്പെട്ടവ, കയര്‍മേഖലയുടെ നവീകരണം, തൊഴിലാളികളുടെ പ്രശ്നങ്ങള്‍, വായ്പ വിതരണം, ലൈസന്‍സ്, വിവിധ വകുപ്പുകളില്‍ നിന്നുള്ള അനുമതി തുടങ്ങിയവ സംബന്ധിച്ചും പരാതികള്‍ ലഭിച്ചു. ഒരോ പരാതിയിന്മേലും അതത് സ്ഥാപനവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയാണ് അദാലത്തിന് പരിഗണിച്ചത്.
മുന്‍ഗണന ക്രമത്തില്‍ ടോക്കണ്‍ നല്‍കിയാണ് അദാലത്തില്‍ പ്രവേശനം നല്‍കിയത്. ഒരുസമയം 10 പേർക്കായിരുന്നു അദാലത്ത് ഹാളിൽ പ്രവേശനം. തളിപ്പറമ്പ്, തലശ്ശേരി എന്നിവിടങ്ങളിലെ താലൂക്ക് വ്യവസായ കേന്ദ്രത്തിലും ജില്ല വ്യവസായ കേന്ദ്രത്തിലും നേരിട്ടും ഓണ്‍ലൈനിലുമാണ് പരാതികള്‍ സ്വീകരിച്ചത്.
പരിപാടിയില്‍ വ്യവസായ വാണിജ്യ വകുപ്പ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഡയറക്ടര്‍ എസ്. ഹരികിഷോര്‍, കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടര്‍ എം.ജി. രാജമാണിക്യം, ജില്ല കലക്ടര്‍ എസ്. ചന്ദ്രശേഖര്‍, ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എന്‍. അനില്‍ കുമാര്‍, കിന്‍ഫ്ര, കെ.എസ്.ഐ.ഡി.സി, മറ്റ് വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കണ്ണൂരില്‍ അതിവേഗ വ്യവസായവത്കരണത്തിന് നടപടി –മന്ത്രി പി. രാജീവ്
കണ്ണൂർ: കണ്ണൂരില്‍ അതിവേഗ വ്യവസായവത്കരണത്തിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഭൂമി ലഭ്യതയും കണ്ണൂര്‍ വിമാനത്താവളവും ഉള്‍നാടന്‍ ജലപാതയും കണ്ണൂരിെൻറ വ്യവസായ സാധ്യത വർധിപ്പിക്കും. കാര്‍ഷിക മൂല്യവർധിത ഉല്പന്നങ്ങള് അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഒരോ മണ്ഡലത്തിലും സ്വകാര്യ വ്യവസായ പാര്‍ക്ക് ആരംഭിക്കും. എം.എല്‍.എമാര്‍ അതിനു മുന്‍കൈയെടുക്കും. കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡിെൻറ കീഴില്‍ വൈദ്യുതി വാഹനങ്ങളുടെ സാധ്യത സംബന്ധിച്ച് പഠിക്കാന്‍ റിയാബിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പരിയാരത്ത് ഇത്തരമൊരു സംരംഭത്തിന് ഭരണാനുമതി നല്‍കിയിട്ടുണ്ട്. ജില്ലയില്‍ തന്നെ ഒരു സംയുക്ത സംരംഭവും ആലോചിച്ചിട്ടുണ്ട്. വ്യവസായ വകുപ്പില്‍ താഴേത്തട്ട് മുതലുള്ള ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ഐ.ഡി.സി മേഖല ഓഫിസ് കോഴിക്കോട് ആരംഭിക്കും. ഉത്തരകേരളത്തിലെ കിന്‍ഫ്രയുടെ പ്രവര്‍ത്തനങ്ങളുടെ പ്രധാന കേന്ദ്രമായി മട്ടന്നൂര്‍ മാറും. 'മീറ്റ് ദി മിനിസ്റ്റര്‍' പരിപാടിയുടെ തുടര്‍ച്ച എന്ന നിലയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് എല്ലാ ജില്ലകളിലും ഒരു മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന് ചുമതല നല്‍കും. കണ്ണൂരില്‍ എസ്. ഹരികിഷോറിനാണ് ഇതിെൻറ ചുമതല. പരാതി പരിഹാരത്തിന് സ്റ്റാറ്റ്യൂട്ടറി സംവിധാനം ഒരാഴ്ചക്കകം നിലവില്‍ വരും. ഏത് വകുപ്പിലുള്ള കാര്യം സംബന്ധിച്ചും ഈ സംവിധാനത്തിന് തീരുമാനമെടുക്കാനാവും. വിമുഖത കാട്ടിയാല്‍ ഉദ്യോഗസ്ഥര്‍ക്ക് പിഴ ഉള്‍പ്പെടെയുള്ള നടപടികൾ സ്വീകരിക്കാനാവുമെന്നും മന്ത്രി പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ഡയറക്ടര്‍ എസ്. ഹരികിഷോര്‍ എന്നിവരും പങ്കെടുത്തു.
• വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരം; വേങ്ങാട് സബ് സ്റ്റേഷന് നടപടി
വെളിച്ചെണ്ണ മില്ലിലെ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരം തേടിയാണ് പിണറായി സ്വദേശി നൗഫല്‍ വ്യവസായ മന്ത്രി പി. രാജീവിെൻറ 'മീറ്റ് ദി മിനിസ്റ്റര്‍' പരിപാടിയില്‍ എത്തിയത്. തിരിച്ചുപോയതാകട്ടെ സര്‍ക്കാറിനും വൈദ്യുതി വകുപ്പിനും നന്ദി പറഞ്ഞുകൊണ്ട്.
ഒന്നര വര്‍ഷം മുമ്പാണ് നൗഫല്‍ വേങ്ങാട് പഞ്ചായത്തില്‍ നമാസ്കോ ട്രേഡ്സ് ആൻഡ് എക്സ്പോര്‍ട്സ് കമ്പനിയുടെ വെളിച്ചെണ്ണ നിര്‍മാണ യൂനിറ്റ് ആരംഭിച്ചത്. 440 വാള്‍ട്ട് വൈദ്യുതി ലഭിച്ചാല്‍ മാത്രമേ പാക്കിങ് വിഭാഗത്തിലെ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനാവൂ. എന്നാല്‍, 350 ഓളം വാള്‍ട്ട് വൈദ്യുതി മാത്രമാണ് ഇവര്‍ക്ക് ലഭിക്കുന്നത്.
അടിക്കടിയുണ്ടാകുന്ന വോള്‍ട്ടേജ് ക്ഷാമം ചൂണ്ടിക്കാട്ടി ആറുമാസം മുമ്പാണ് നൗഫല്‍ കെ.എസ്.ഇ.ബിയെ സമീപിക്കുന്നത്. ഒരു കോടിയിലധികം രൂപ ചെലവ് വരുന്ന യന്ത്രസാമഗ്രികളാണ് വെളിച്ചെണ്ണ പാക്കിങ് യൂനിറ്റിലുള്ളത്. വേങ്ങാട് പഞ്ചായത്തിലെ വ്യവസായികള്‍ നേരിടുന്ന പ്രധാന പ്രശ്നമാണ് വൈദ്യുതി ക്ഷാമമെന്നും ഇത് പരിഹരിക്കാന്‍ വേങ്ങാട്ട് സബ്സ്റ്റേഷന് അനുവദിക്കണമെന്നുമായിരുന്നു നൗഫലിെൻറ ആവശ്യം. പരാതി പരിഗണിച്ച കെ.എസ്.ഇ.ബി അധികൃതര്‍ അഞ്ചുലക്ഷം രൂപ ചെലവില്‍ പാക്കിങ് യൂനിറ്റിനായി പ്രത്യേക ട്രാന്‍സ്ഫോർമര്‍ അനുവദിച്ചു നല്‍കുമെന്ന് ഉറപ്പുനല്‍കി.
വേങ്ങാട് സബ് സ്റ്റേഷന് തുടങ്ങാനാവശ്യമായ നടപടി ആരംഭിച്ചതായും കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.
• കുരുക്കഴിഞ്ഞു; ക്രഷറിന് അനുമതി
ക്രഷര്‍ തുടങ്ങുന്നതിന് വര്‍ഷങ്ങളായി വിവിധ ഓഫിസുകളില്‍ കയറിയിറങ്ങിയ തളിപ്പറമ്പ് സ്വദേശി എം.എ. അബ്ദുൽഖാദറിെൻറ നിയമതടസ്സം നീങ്ങി. 'മീറ്റ് ദി മിനിസ്റ്റര്‍' പരിപാടിയിലാണ് പ്രശ്നത്തിന് പരിഹാരമായത്.
നിയമക്കുരുക്കുകളാണ് വെള്ളാട് മാവുഞ്ചാല്‍ ക്രഷറിന് അനുമതി നല്‍കുന്നതിന് തടസ്സമായത്. അനുമതി നല്‍കണമെന്ന് ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി. ഫയര്‍ എൻ.ഒ.സി ലഭിച്ചില്ല എന്ന കാരണത്താലാണ് പഞ്ചായത്ത് ഇവര്‍ക്ക് അനുമതി നല്‍കാതിരുന്നത്. എന്നാല്‍, ക്രഷറുകള്‍ തീവ്ര അപകടകാരികളല്ലാത്തതിനാല്‍ ഫയര്‍ എൻ.ഒ.സി ആവശ്യമില്ലെന്ന് ഫയര്‍ ആന്‍ഡ് റെസ്ക്യൂ വകുപ്പ് അറിയിച്ചതിനാലാണ് പരാതിയില്‍ തീരുമാനമായത്.
2008ലാണ് അബ്ദുൽ ഖാദറിന് ക്രഷര്‍ പണിയുന്നതിന് കെട്ടിട പെര്‍മിറ്റ് ലഭിച്ചത്. പണി പൂര്‍ത്തിയാക്കി ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റിന് നല്കിയപ്പോള് ടൗണ്‍ പ്ലാനിങ്ങില്‍ നിന്ന് അനുമതി വാങ്ങാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ എൻ.ഒ.സി ഹാജരാക്കാന്‍ ആവശ്യപ്പെട്ടു.
2020 ഒക്ടോബറിലാണ് കേരള ഫയര്‍ ആന്‍ഡ് സേഫ്റ്റി റെസ്ക്യൂ വകുപ്പിെൻറ അഡ്വൈസറി ബോര്‍ഡ് ക്രഷറുകളെ ലോ ഹസാര്‍ഡ് വിഭാഗത്തില്‍പെടുത്തിയത്. എന്നാല്‍, പഞ്ചായത്ത് അധികൃതര്‍ പഴയ നിയമ പ്രകാരമുള്ള നിബന്ധനകള്‍ ചൂണ്ടിക്കാണിച്ചാണ് അനുമതി നല്‍കാതിരുന്നത്. അതിനാണ് ഇപ്പോള്‍ പരിഹാരമായത്.
• അദാലത്ത് വിവരങ്ങള്‍ വിരല്‍തുമ്പില്‍
വ്യവസായ വകുപ്പിെൻറ മീറ്റ് ദി മിനിസ്റ്റര്‍ അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരാതിക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കുന്നതിനായി ഡാഷ്ബോര്‍ഡ് സജ്ജീകരിച്ചു. വ്യവസായ മന്ത്രി പി. രാജീവ് ജില്ലയുടെ ഡാഷ്ബോര്‍ഡ് പുറത്തിറക്കി. Industry.kerala.gov.in എന്ന വ്യവസായ വാണിജ്യ വകുപ്പിെൻറ ഔദ്യോഗിക വെബ്സൈറ്റിലാണ് സംവിധാനം. വെബ്സൈറ്റിെൻറ മുകള്‍ഭാഗത്ത് വലതു വശത്തായാണ് ലിങ്ക് നല്‍കിയിരിക്കുന്നത്.
അദാലത്തില്‍ ലഭിച്ച പരാതികള്‍, അവയുടെ നിലവിലെ സ്ഥിതി എന്നിവ ഇതില്‍ ലഭ്യമാകും. സ്വീകരിച്ച പരാതികള്‍, തള്ളിയ പരാതികള്‍, മാറ്റിവെച്ചത് എന്നിങ്ങനെ വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. ജില്ല തിരിച്ചുള്ള വിവരങ്ങളും ലഭ്യമാകും. കണ്ണൂര്‍ ജില്ലയുടെ ഡാഷ്ബോര്‍ഡില്‍ 94 പരാതികളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
കണ്ണൂരിെൻറ വ്യവസായ കുതിപ്പിന് റൂട്ട് മാപ്പ്
കണ്ണൂര്‍: ജില്ലയുടെ വ്യവസായ വളര്‍ച്ചക്കുള്ള ക്രിയാത്മക നിര്‍ദേശങ്ങളും പദ്ധതി ശിപാര്‍ശകളും മുന്നോട്ടുവെച്ച് വ്യവസായ മന്ത്രി പി. രാജീവ് വിളിച്ചു ചേര്‍ത്ത എം.എല്‍.എമാരുടെ യോഗം. 'മീറ്റ് ദ മിനിസ്റ്റര്‍' പരിപാടിയുടെ ഭാഗമായാണ് യോഗം ചേര്‍ന്നത്.
കൈത്തറി, ഖാദി മുതല്‍ ഐ.ടി അടക്കമുള്ള ആധുനിക വ്യവസായങ്ങള്‍ വരെയുള്ള സാധ്യതകളാണ് എം.എൽ.എമാര്‍ മുന്നോട്ടുവെച്ചത്. വിമാനത്താവളം, തുറമുഖം, ചരിത്രപരമായ പ്രത്യേകതകള്‍, അസംസ്കൃത വസ്തുക്കളുടെ ലഭ്യത എന്നിവക്ക് അനുസരിച്ചുള്ള സാധ്യത ഉപയോഗപ്പെടുത്തിയാല്‍ ജില്ലക്ക് വ്യാവസായിക മുന്നേറ്റം സാധ്യമാകുമെന്ന് എം.എല്‍.എമാര്‍ ചൂണ്ടിക്കാട്ടി.
കണ്ണൂരില്‍ കൃഷി അധിഷ്ഠിത വ്യവസായങ്ങള്‍, ഭക്ഷ്യസംസ്കരണ യൂനിറ്റുകള്‍, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളില്‍ ഊന്നിയുള്ള വ്യവസായ സംരംഭങ്ങള്‍ കൊണ്ടുവരാനുള്ള സാധ്യത ഉപയോഗപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.
കണ്ണൂരിെൻറ അതിവേഗ വ്യവസായ വികസനം സര്‍ക്കാറിെൻറ ലക്ഷ്യമാണെന്നും മന്ത്രി പറഞ്ഞു. എം.എല്‍.എമാരായ രാമചന്ദ്രന് കടന്നപ്പള്ളി, കെ.കെ. ശൈലജ ടീച്ചര്‍, കെ.പി. മോഹനന്, അഡ്വ. സണ്ണി ജോസഫ്, കെ.വി. സുമേഷ്, അഡ്വ. സജീവ് ജോസഫ്, ടി.ഐ. മധുസൂദനന്, അഡ്വ. എ.എന്‍. ഷംസീര്‍, എം. വിജിന്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടര്‍ എം.ജി. രാജമാണിക്യം, വ്യവസായ വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, ജില്ല കലക്ടര്‍ എസ്. ചന്ദ്രശേഖര്‍, കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.