കല്യാശ്ശേരി: ദേശീയ പാത നവീകരണത്തിന്റെ ഭാഗമായി പൊടിയിലും വെയിലിലും വലഞ്ഞ് പ്രദേശവാസികളും യാത്രക്കാരും. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഇല്ലാത്തതിനാൽ നവീകരണ പ്രവൃത്തിയുടെ ഭാഗമായ പൊടി ശ്വസിച്ചും വെയിലേറ്റും ബസ് കാത്തിരിക്കേണ്ട അവസ്ഥയാണ്. താൽക്കാലിക ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളെങ്കിലും ഒരുക്കുന്നതിന് കരാറുകാർക്ക് ദേശീയ പാത അധികൃതർ നിർദേശം നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നവീകരണത്തിന്റെ ഭാഗമായി ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും തണൽ ഒരുക്കിയ വൃക്ഷങ്ങളും മുറിച്ചു നീക്കിയപ്പോൾ ദേശീയ പാതയിൽ പേരിനുപോലും തണലില്ലാതായി.
പുതിയ പാതയുടെ പണി മധ്യഭാഗത്തും സർവിസ് റോഡുകളുടെ പണി ഇരു ഭാഗത്തും പുരോഗമിക്കുമ്പോൾ യാത്രക്കാർക്ക് കയറിനിൽക്കാൻപോലും ഇടമില്ല. സർവിസ് റോഡുകൾക്ക് അരികിൽ ഓവുചാലുകൾ നിർമിച്ചെങ്കിലും പല സ്ഥലത്തും അതിന് മൂടി സ്ഥാപിക്കാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. കണ്ണൂർ റീച്ചിൽ ദേശീയ പാത പ്രവൃത്തി നടക്കുന്ന കുറ്റിക്കോൽ, ബക്കളം, ആന്തൂർ നഗരസഭ ആസ്ഥാന മായ ധർമശാല, മാങ്ങാട്, കല്യാശ്ശേരി, കീച്ചേരി, വേളാപുരം തുടങ്ങിയ മിക്ക സ്ഥലത്തും യാത്രക്കാർ പൊരിവെയിലിലാണ് ബസ് കാത്തിരിക്കുന്നത്.
പാത നവീകരണത്തിന് ഇടയിൽ വലിയ ദുരിതത്തിലാണ് ഓട്ടോ തൊഴിലാളികൾ. നിർമാണ പ്രവൃത്തിക്കിടയിൽ പാർക്ക് ചെയ്യാൻ ഇടമില്ലാതെയും പൊരിവെയിലിൽ നിർത്തിയും വലയുകയാണ്. പണി പുരോഗമിക്കുന്നതിനനുസരിച്ച് പാർക്കിങ് ഇടങ്ങളും ഓട്ടോക്കാർ നിത്യേന മാറ്റേണ്ട ഗതികേടിലാണ്. ദേശീയ പാതക്കരികിൽ കീച്ചേരിയിൽ ഓട്ടോ പാർക്കിങ് നിർമാണം തുടങ്ങിയതിന് ശേഷം എട്ടിലധികം തവണ മാറ്റേണ്ടിവന്നു. ഇത് ഓട്ടോറിക്ഷകളെ ആശ്രയിക്കുന്ന യാത്രക്കാരേയും വല്ലാത്തെ വലക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.