കല്യാശ്ശേരി: ദേശീയപാത നിർമാണത്തിന്റെ ഭാഗമായി നിർമിച്ച സർവിസ് റോഡ് വാഹന ഗതാഗതത്തിന് അനുയോജ്യമല്ലാത്തതിനാൽ പൊളിച്ച് പുതുക്കിപ്പണി ആരംഭിച്ചു. കീച്ചേരിയിൽ നിന്നും കല്യാശ്ശേരിയിലേക്ക് പോകാൻ നിർമിച്ച സർവിസ് റോഡ് വയൽക്കരയാണ്. നിർമാണവേളയിൽ തന്നെ സർവിസ് റോഡ് നിർമാണം അശാസ്ത്രീയമാണെന്നും വർഷകാലത്ത് വയലിൽ നിറയുന്ന വെള്ളം റോഡിൽ കയറുമെന്നും വാഹനഗതാഗതം തടസപ്പെടുമെന്നും മാധ്യമം വാർത്ത നൽകിയിരുന്നു.
എന്നാൽ, അധികൃതർ അതൊന്നും ഗൗനിക്കാതെ റോഡ് നിർമിച്ച് തുറന്നുകൊടുത്തു. പ്രദേശത്തിന്റെ കിടപ്പ് മനസ്സിലാക്കാതെ നിർമിച്ച റോഡ് വർഷകാലമായതോടെ വെള്ളം കയറി മൂടിയതിനാൽ അടച്ചിട്ടു.
അധികൃതരുടെ വൈകിവന്ന ബുദ്ധിയിൽ തുറന്നുകൊടുത്ത കല്യാശ്ശേരി-കീച്ചേരി സർവിസ് റോഡിലെ ആദ്യ നിർമാണങ്ങൾ കുത്തിപ്പൊട്ടിച്ച് റോഡ് ഉയർത്താൻ നടപടി തുടങ്ങി. കഴിഞ്ഞ മൂന്നു മാസമായി റോഡ് അടച്ചിട്ട് വാഹനങ്ങൾ പഴയ പാതയിലൂടെ വഴി തിരിച്ച് വിട്ടിരുന്നു. കഴിഞ്ഞ ജൂൺ 24ന് കനത്ത മഴ പെയ്തതോടെ സർവിസ് റോഡിലെ 200 മീറ്ററോളം ഭാഗത്ത് രണ്ടടിയിലധികം ഉയരത്തിൽ വെള്ളം കയറി ഗതാഗതം താറുമാറായിരുന്നു. തുടർന്നാണ് റോഡ് അടച്ചിട്ടത്. ജൂൺ 25 ന് അടച്ചിട്ട സർവിസ് റോഡിൽ കഴിഞ്ഞ ദിവസം വരെ വെള്ളക്കെട്ടായിരുന്നു. മഴ നിലച്ചതോടെയാണ് നിർമിച്ച സർവിസ് റോഡും ഓവുചാലുകളും കുത്തിപ്പൊട്ടിച്ച് റോഡ് ഉയർത്തൽ നടപടി തുടങ്ങിയത്.
കല്യാശ്ശേരി മോഡൽ പോളിടെക്നിക് മുതൽ കീച്ചേരി വരെ പഴയ പാത ഒഴിവാക്കി കല്യാശ്ശേരി മംഗലശ്ശേരി- വയക്കര താവ വഴിയാണ് ബൈപാസായി പുതിയ പാത നിർമിച്ചത്. പുതിയ പാതയുടെ ഭാഗം ഉയർത്തിയെങ്കിലും ഇരു ഭാഗത്തേയും സർവിസ് റോഡ്പുതിയ പാതയിൽ നിന്നും നാല് മീറ്റർ മുതൽ ഏഴു മീറ്റർ താഴ്ചയിലാണ് നിർമിച്ചത്. ഇനി രണ്ടടിയിലധികം റോഡ് ഉയരം കൂട്ടിയില്ലെങ്കിൽ വർഷകാലത്ത് വീണ്ടും റോഡ് അടച്ചിടേണ്ടതായി വരും.
കല്യാശ്ശേരി വയക്കര-മംഗലശ്ശേരി വയൽ വഴി റോഡ് നിർമാണം തുടങ്ങിയപ്പോൾ തന്നെ നിരന്തരം റോഡിന്റെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി വാർത്തകൾ നൽകിയിരുന്നു. കാലവർഷ കാലത്ത് ഒരു മീറ്റർ മുതൽ രണ്ടുമീറ്റർ വരെ വെള്ളം കയറി കെട്ടിനിൽക്കുന്ന പാടശേഖരം വഴിയാണ് പാത കടന്നുപോയത്.
പുതുതായി നിർമിച്ച സർവിസ് റോഡ് നിലവിലെ പാട ശേഖരത്തിന്റെ ഭൂവിതാനത്തിൽ രണ്ടടിയോളം ഉയരത്തിൽ മാത്രമാണ് നിർമിച്ചത്. നിർമിച്ച റോഡിനേക്കാൾ ഉയരത്തിൽ വെള്ളം കെട്ടിനിൽക്കുന്ന പുരയിടങ്ങൾ സമീപ പ്രദേശത്തുണ്ടായിട്ടും വെള്ളക്കെട്ടിന്റെ അവസ്ഥ കണക്കിലെടുക്കാതെയാണ് നിർമാണം പൂർത്തിയാക്കിയത്.
ഇതോടെയാണ് സർവിസ് റോഡിന്റെ ചില ഭാഗത്ത് മൂന്നുമാസക്കാലം വെള്ളക്കെട്ട് മൂലം അടച്ചിടേണ്ടി വന്നത്. സമീപത്തെ വീടുകളിലും വെള്ളം കയറിയിരുന്നു.
പഴയ നിർമാണങ്ങൾ പൊളിച്ചുമാറ്റി നിലവിലുള്ള റോഡിന്റെ സമീപ പാടശേഖരത്തിന്റെ ഭൂവിതാനത്തിൽനിന്ന് ആവശ്യത്തിന് ഉയരം കൂട്ടിയില്ലെങ്കിൽ താമസിയാതെ വീണ്ടും റോഡ് പൊട്ടിച്ച് പണിയേണ്ടതായിവരും. ഭാവിയിലുണ്ടാകുന്ന വെള്ളക്കെട്ട് ഭീഷണി പഠനമാക്കി പരിഹാരം കണ്ട് നിർമാണ പ്രവൃത്തി നടത്തിയാലേ ഭാവിയിൽ ഉണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കാനാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.