കണ്ണൂർ: കാലാവസ്ഥാ വ്യതിയാനവും പ്രകൃതിദുരന്തങ്ങളും വ്യാപകമാകുന്നതിനിടെ, ഭൂജലത്തിന്റെ ഉപയോഗം ഓരോ പ്രദേശത്തിന്റെയും ആവശ്യകതയനുസരിച്ച് തിട്ടപ്പെടുത്താനും പ്രകൃതിദുരന്തം മുൻകൂട്ടി അറിയാനും ഭൂജല സ്രോതസ്സുകളുടെ വിവര ശേഖരണത്തിന് ജില്ലയിൽ തുടക്കമായി.
ഭൂജലശേഷി വർധിപ്പിക്കാനും ഭൂജല ഗുണനിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഭൂജല സമ്പത്തിനെക്കുറിച്ച് കൃത്യമായ വിവരം ശേഖരിക്കുന്നതിലൂടെ ജലവിനിയോഗം എങ്ങനെ വേണമെന്ന് നിശ്ചയിക്കാനും കഴിയുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത.
ജലാശയങ്ങളെ രേഖപ്പെടുത്തുന്നതിലൂടെ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, സാധ്യതാ മേഖലകൾ എന്നിവ മുൻകൂട്ടി കണ്ടെത്തി മുൻകരുതലെടുക്കാനും കഴിയും.
കുളങ്ങൾ, നീരുറവകൾ, കിണറുകൾ, കുഴൽക്കിണറുകൾ എന്നിവയുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. ഇത് ‘നീരറിവ്’ എന്ന മൊബൈൽ ആപ്പിൽ അപ്ലോഡ് ചെയ്ത് തുടർനടപടികൾ സ്വീകരിക്കും. നാഷനൽ ഹൈഡ്രോളജി പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുമായി ചേർന്നാണ് വിവരശേഖരണം നടത്തുന്നത്. ജലസ്രോതസ്സുകളുടെ വിവരങ്ങളെല്ലാം ഫീൽഡുതല പരിശോധന നടത്തിയാണ് ശേഖരിക്കുന്നത്.
നീരറിവ് മൊബൈൽ ആപ്പിന്റെ പരിശീലനം കൂത്തുപറമ്പ്, കല്യാശ്ശേരി ബ്ലോക്കുകളിൽ പൂർത്തിയായി. കണ്ണൂർ, പാനൂർ, തലശ്ശേരി ബ്ലോക്കുകളിൽ പൂർത്തീകരിക്കാൻ ബാക്കിയുള്ള വാർഡുകളിലാണ് ഈ വർഷം വിവരശേഖരണം നടത്തുക.
പൊതു, സ്വകാര്യ ഇടങ്ങളിലെ മുഴുവൻ ജലസ്രോതസ്സുകളും മാപ്പ് ചെയ്ത് വിവരശേഖരണം നടത്തും. 2025 ഫെബ്രുവരിയോടെ പദ്ധതി പൂർത്തീകരിക്കും. ഭൂജല സ്രോതസ്സുമായി ബന്ധപ്പെട്ട് കുടുംബശ്രീ പ്രവർത്തകർ ആവശ്യപ്പെടുന്ന വിവരങ്ങൾ കൃത്യമായി നൽകണമെന്ന് ഭൂജല വകുപ്പ് ജില്ല ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.