പുളിങ്ങോം: കോട്ടക്കുന്നിലെ മുഹമ്മദ് നിഹാന് അടുത്ത വര്‍ഷം ഒന്നാം ക്ലാസില്‍ പോകണം. പക്ഷേ, വീടിനടുത്തുകൂടി ഒഴുകുന്ന തോട് കടന്ന് സ്കൂളില്‍ പോകണമെങ്കില്‍ ചെറുപുഴ പഞ്ചായത്ത് അധികൃതര്‍ കനിയണം.
കഴിഞ്ഞ വര്‍ഷം എൽ.കെ.ജി ക്ലാസില്‍ പോയിരുന്ന നിഹാന് ഈ വര്‍ഷം യു.കെ.ജിയില്‍ തുടര്‍ന്ന് പഠിക്കാനായില്ല. കാരണം കഴിഞ്ഞ നവംബറില്‍ വലിയൊരു അപകടത്തില്‍നിന്നാണ് നിഹാനെ അവന്റെ ഉമ്മ സാജിത രക്ഷിച്ചെടുത്തത്. മഴ പെയ്ത് ചളിവെള്ളം കുത്തിയൊഴുകിയെത്തിയ റോഡിലൂടെ തോടിന് കുറുകെയുള്ള കള്‍വര്‍ട്ട് കടന്ന് ഉമ്മയുടെ മുന്നില്‍ നടക്കുകയായിരുന്നു നിഹാന്.
പെട്ടെന്ന് കാല്‍വഴുതി കൈവരിയില്ലാത്ത കള്‍വര്‍ട്ടിന് മുകളില്‍നിന്ന് അവന് താഴെ തോട്ടിലേക്ക് വീണു. മകന് വീഴുന്നത് കണ്ട ഉമ്മ എം.പി. സാജിത മറ്റൊന്നും ചിന്തിച്ചില്ല. മകനെ രക്ഷിക്കാനായി തോട്ടിലേക്ക് എടുത്തുചാടി. നിഹാന് ഒഴുക്കില്പ്പെട്ടുപോകാതെ രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും സാജിതയുടെ കാലിന് സാരമായി പരിക്കേറ്റു.
കാല് ഇതുവരെയും പൂര്‍ണമായി സുഖപ്പെട്ടില്ല. അതുകൊണ്ടുതന്നെ മകനെ ഒറ്റക്ക് നഴ്സറിയില്‍ വിടാന്‍ കഴിയാതായതോടെ ഈ വര്‍ഷം നിഹാന്റെ പഠിപ്പും മുടങ്ങി.
അടുത്ത വര്‍ഷം സ്കൂള്‍ തുറക്കുമ്പോള്‍ അവനെ ഒന്നാം ക്ലാസില്‍ ചേര്‍ക്കണം. അപകടം ഭയക്കാതെ അവന് സുരക്ഷിതാനായി സ്കൂളില്‍ പോയിവരണമെങ്കില്‍ കള്‍വര്‍ട്ടിന് കൈവരി പിടിപ്പിക്കാന്‍ നടപടിയെടുക്കണം. പുളിങ്ങോം വാഴക്കുണ്ടം വര്‍ക്ക് ഷോപ് മുതല്‍ കോട്ടക്കുന്ന് വരെയുള്ള റോഡില്‍ വാഴക്കുണ്ടം തോടിന് കുറുകെയുള്ള കള്വര്ട്ടിനാണ് കൈവരിയില്ലാത്തത്.
സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുകൂടി കടന്നുപോകാന്‍ നിര്‍മിച്ച റോഡും കള്‍വര്‍ട്ടും എഴു വര്‍ഷം മുമ്പ് പഞ്ചായത്തിന് കൈമാറിയിരുന്നു. കോട്ടക്കുന്നിലെ ഏഴോളം കുടുംബങ്ങള്‍ സ്ഥിരമായും മറ്റു പ്രദേശവാസികള്‍ കൃഷിയിടത്തിലേക്ക് പോയി വരാനും ഉപയോഗിക്കുന്ന റോഡാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.