കണ്ണൂർ: കണ്ണൂർ -കോയമ്പത്തൂർ പാസഞ്ചർ ട്രെയിൻ മെമു ആയതോടെ 'ശങ്ക' തീർക്കാൻ വരി നിൽക്കേണ്ട അവസ്ഥയാണ് യാത്രക്കാർക്ക്. ആവശ്യത്തിന് ശൗചാലയങ്ങൾ ഇല്ലാത്തതാണ് യാത്രക്കാരെ വലക്കുന്നത്. ഈ മാസം ആദ്യം മുതലാണ് പാസഞ്ചർ കോച്ചിന് പകരം മെമു ഓടിത്തുടങ്ങിയത്. പഴയ വണ്ടിയിൽ ഒരു കോച്ചിൽ നാലെണ്ണം വീതം ശൗചാലയങ്ങൾ ഉണ്ടായിരുന്നു.
രണ്ടെണ്ണം വീതം കോച്ചിന്റെ രണ്ടുവശത്തായി ക്രമീകരിച്ചിരുന്നതിനാൽ യാത്രക്കാർക്ക് ഉപയോഗിക്കാനും എളുപ്പമായിരുന്നു. എന്നാൽ, ത്രീ ഫെയ്സ് മെമുവിൽ ശൗചാലയം പാസഞ്ചർ കോച്ചിനേക്കാൾ എണ്ണത്തിൽ പകുതി മാത്രമേയുള്ളൂ. നേരേത്ത ഓടിയതിനേക്കാൾ വൈകി 6.20ന് കണ്ണൂരിൽനിന്ന് പുറപ്പെടുന്ന ട്രെയിനിൽ യാത്രക്കാരുടെ എണ്ണം കൂടുതലാണ്. തുടർച്ചയായ 7.30 മണിക്കൂർ യാത്രക്കൊടുവിൽ ഉച്ചക്ക് 1.50നാണ് വണ്ടി കോയമ്പത്തൂരിലെത്തുക. രാവിലെ ഏറെ യാത്രക്കാർ ആശ്രയിക്കുന്ന വണ്ടി മാഹി കഴിയുമ്പോഴേക്കും സീറ്റുകളെല്ലാം നിറഞ്ഞിരിക്കും. വടകര കഴിയുന്നതോടെ തിരക്ക് വർധിക്കും.
ഇതിനിടയിൽ ശങ്ക തോന്നിയവർക്ക് ശൗചാലയത്തിൽ പോകണമെങ്കിൽ വരിനിൽക്കേണ്ട അവസ്ഥയാണ്. ഒരു കോച്ചിൽ രണ്ടു ശൗചാലയങ്ങൾ മാത്രമാണുള്ളത്. അതും വൃത്തിഹീനമായ അവസ്ഥയിലാണ്. കുടുംബവുമായി യാത്രചെയ്യാനെത്തുന്നവർ കുട്ടികളുമായി ഊഴംകാത്തിരിക്കേണ്ട അവസ്ഥയാണ്. മലബാറുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന തമിഴ്നാട് നഗരമാണ് കോയമ്പത്തൂർ. മലയാളികളായ നിരവധി വിദ്യാർഥികളും കച്ചവടക്കാരും കോയമ്പത്തൂരിലുണ്ട്. പഴനി, മധുര, ഗുരുവായൂർ യാത്രക്കാർ സ്ഥിരമായി ആശ്രയിക്കുന്ന വണ്ടിയാണിത്.
കോഴിക്കോട് എത്തുന്നതുവരെയും അതിനപ്പുറവും ട്രെയിനിൽ നിൽക്കാനോ ഇരിക്കാനോ സ്ഥലമില്ലാതെ യാത്രക്കാർ വീർപ്പുമുട്ടും. അവധി കഴിഞ്ഞുള്ള ദിവസമാണെങ്കിൽ തിരക്ക് ഇരട്ടിക്കും. 14 കോച്ചാണ് കണ്ണൂർ-കോയമ്പത്തൂർ മെമുവിനുള്ളത്. ഇതിൽ 28 ശൗചാലയങ്ങൾ മാത്രം. നൂറുകണക്കിന് യാത്രക്കാരുള്ള വണ്ടിയിൽ മണിക്കൂറുകൾ യാത്രചെയ്യുന്നവർ ബുദ്ധിമുട്ടിയതുതന്നെ. ചിലപ്പോൾ കോച്ചുകളുടെ എണ്ണം വെട്ടിക്കുറക്കും. പട്ടാമ്പിവരെ ജോലിക്കുപോകുന്നവരുടെയും വിദ്യാർഥികളുടെയും തിരക്ക് അതേപടിയുണ്ടാവും.
അതിർത്തി കടന്നാൽ സാധാരണ തിരക്കുണ്ടാവാറില്ല. കോയമ്പത്തൂരിൽനിന്ന് തിരിച്ച് ഉച്ചക്ക് 2.15 പുറപ്പെടുന്ന വണ്ടി 6.45 മണിക്കൂർ പിന്നിട്ട് രാത്രി ഒമ്പതിനാണ് കണ്ണൂരിലെത്തുക. കോഴിക്കോട് ഭാഗത്തുനിന്നും ജോലികഴിഞ്ഞ് വരുന്നവർ ആശ്രയിക്കുന്ന വണ്ടിയാണിത്. മിക്ക സ്റ്റോപ്പുകളിലും നിർത്തുന്നതിനാൽ സ്ഥിരം യാത്രക്കാരാണ് മിക്കവരും.
പാസഞ്ചർ വണ്ടികളുടെ അത്രക്ക് സൗകര്യം മെമുവിൽ ഇല്ലാത്തത് ബുദ്ധിമുട്ടാവുന്നുണ്ട്. കോച്ചുകളുടെ എണ്ണം കൂട്ടണമെന്നാണ് യാത്രക്കാരുടെ ആവശ്യം. വൈകിട്ട് 5.20ന് കണ്ണൂരിൽനിന്ന് പുറപ്പെടുന്ന ഷൊർണൂർ മെമുവിലും ശൗചാലയങ്ങൾ കുറവാണെങ്കിലും ദീർഘദൂര യാത്രക്കാർ ഇല്ലാത്തതിനാൽ അത്രക്ക് ബാധിക്കാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.