കണ്ണൂർ: മലബാറുകാരുടെ തട്ടകമായ ബംഗളൂരുവിലെത്തണമെങ്കിൽ അൽപമൊന്നും ബുദ്ധിമുട്ടിയാൽപോര. വിദ്യാർഥികളും വ്യാപാരികളും ഐ.ടി ജീവനക്കാരും അടക്കം വടക്കൻ ജില്ലകളിൽനിന്ന് പതിനായിരക്കണക്കിന് മലയാളികളുള്ള നഗരത്തിലേക്കും തിരിച്ച് നാട്ടിലെത്താനും രണ്ട് ട്രെയിനുകളും എട്ട് കെ.എസ്.ആർ.ടി.സി ബസുകളും മാത്രമാണ് ആശ്രയം. സ്വകാര്യ ബസുകൾ സർവിസ് നടത്തുന്നുണ്ടെങ്കിലും തിരക്കുള്ള സമയങ്ങളിൽ രണ്ടും മൂന്നും ഇരട്ടിയായിരിക്കും ടിക്കറ്റ് നിരക്ക്.
കൂടുതൽ ട്രെയിനുകളും കെ.എസ്.ആർ.ടി.സി ബസും ഓടിക്കണമെന്ന യാത്രക്കാരുടെ ആവശ്യത്തിന് ചില്ലറയൊന്നുമല്ല പഴക്കം.
ഉത്സവ, അവധി ദിവസങ്ങളിൽ ട്രെയിൻ ടിക്കറ്റ് പോലും ലഭിക്കാത്ത സ്ഥിതിയാണ്. പ്രായമായവരും കുടുംബവുമായി വരുന്നവരും സാധാരണയായി ട്രെയിനിനെയാണ് ആശ്രയിക്കുന്നത്. കണ്ണൂരിൽനിന്ന് വൈകീട്ട് 5.05ന് മംഗളൂരു വഴി പോകുന്ന സൗത്ത് ബംഗളൂരു സിറ്റി എക്സ്പ്രസ്, 6.05ന് പുറപ്പെടുന്ന കണ്ണൂർ-യശ്വന്ത്പൂർ എക്സ്പ്രസുമാണ് മലബാറുകാർക്ക് റെയിൽവേ നൽകുന്ന ആശ്രയം. ഇതിൽ കണ്ണൂർ-സൗത്ത് ബംഗളൂരു സിറ്റി എക്സ്പ്രസ് മംഗളൂരു വഴി ആയതിനാൽ തലശ്ശേരി, മാഹി, വടകര ഭാഗങ്ങളിലെ യാത്രക്കാർക്ക് ഉപകരിക്കില്ല. ഷൊർണൂർ വഴി പോകുന്ന യശ്വന്ത്പുർ എക്സ്പ്രസിൽ മധ്യകേരളത്തിലെ യാത്രക്കാരുമുണ്ടാവും. യശ്വന്ത്പൂരിൽ രണ്ട് ജനറൽ കമ്പാർട്ട്മെന്റ് മാത്രമാണുള്ളത്.
അവധി ദിവസങ്ങളിൽ ട്രെയിൻ കണ്ണൂരിൽനിന്ന് പുറപ്പെടുമ്പോൾ കാലുകുത്താൻ ഇടമുണ്ടാകില്ല.
മറ്റുള്ള സ്റ്റേഷനുകളിൽ എത്തുമ്പോൾ ലഗേജുമായി യാത്രക്കാർക്ക് കയറാനാവാത്ത സ്ഥിതിയാവും. തിങ്കളാഴ്ച മാത്രം ഓടുന്ന മംഗളൂരു-യശ്വന്ത്പുർ എക്സ്പ്രസ് ചുരുക്കം യാത്രക്കാർക്ക് മാത്രമാണ് ഉപകാരപ്പെടുന്നത്.
തലശ്ശേരി-മൈസൂരു റെയിൽ യാഥാർഥ്യമാകുന്നതോടെ കർണാടകയിലേക്കുള്ള മലബാറുകാരുടെ യാത്ര എളുപ്പമാവും. ഡി.പി.ആർ തയാറാക്കാനുള്ള ഹെലിബോൺ സർവേ അടക്കം പൂർത്തിയാക്കിയിട്ടുണ്ട്.
പാതക്കായി കർണാടക സർക്കാർ താൽപര്യം കാണിക്കാത്തത് വെല്ലുവിളിയാവുന്നുണ്ടെങ്കിലും റെയിൽവേ യാത്രക്കാർ പ്രതീക്ഷയിൽതന്നെയാണ്. 660 കിലോമീറ്ററാണ് നിലവിൽ കണ്ണൂരിൽനിന്ന് ബംഗളൂരുവിലേക്കുള്ള ട്രെയിൻദൂരം. മൈസൂരു പാത വരുന്നതോടെ ഇത് പകുതിയിൽ താഴെയായി കുറയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.