തലശ്ശേരി: ഉത്തരേന്ത്യക്കാരനായ ഇബ്രാഹിം സഹധർമിണിയെ മുച്ചക്ര സൈക്കിളിലിരുത്തി രാവിലെ മുതൽ സന്ധ്യ മയങ്ങുന്നതുവരെ നാടുമുഴുവൻ കറങ്ങുകയാണ്. സൈക്കിളിെൻറ സീറ്റിന് പിന്നിലായി വലിയൊരു ഭാണ്ഡക്കെട്ടുമുണ്ട്. നാട്ടിൽ ജീവിക്കാൻ വലിയ തൊഴിലൊന്നുമില്ലാതായപ്പോൾ ജീവിതോപാധിക്കുവേണ്ടി കേരളത്തിൽ എത്തിയവരാണിവർ.
ഇവരെപ്പോലെ തൊഴിലെടുക്കാൻ സന്നദ്ധരായെത്തിയ യുവാക്കളും സ്ത്രീകളുമടക്കം 20 പേർ വേറെയുമുണ്ടിവിടെ. റോഡരികിലും പറമ്പിലും വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും മറ്റു പാഴ് സാധനങ്ങളുമാണ് ജീവിതോപാധിക്കായി നാടു കറങ്ങി ഇവർ ശേഖരിക്കുന്നത്. രാവിലെ വെറും കൈയോടെ സൈക്കിളിൽ പുറപ്പെടുന്ന സംഘത്തിലെ ഓരോരുത്തരും സന്ധ്യയോടെ വലിയ ഭാണ്ഡവുമായാണ് താമസസ്ഥലത്തേക്ക് മടങ്ങിയെത്തുന്നത്.
നഗരസഭയിലും സമീപ പഞ്ചായത്തുകളിലും പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെ വലിച്ചെറിയുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. എന്നാൽ, ഓരോ ദിവസവും കെട്ടുകണക്കിന് കുപ്പികളാണ് ഉത്തരേന്ത്യക്കാരായ ഇവർ വഴിയരികിൽനിന്നും ശേഖരിക്കുന്നത്. ധർമടം ഒഴയിൽ ഭാഗത്തെ താമസസ്ഥലത്താണ് ഇത് ദിവസവും എത്തിക്കുന്നത്. ഇവിടെ നിന്നും പിന്നീട് ചാക്കുകളിലാക്കി ലോറികളിൽ ഡൽഹിയിലേക്ക് കയറ്റി അയക്കുമെന്ന് അസം സ്വദേശിയായ ഇബ്രാഹിം പറഞ്ഞു. ഇവ പ്ലാസ്റ്റിക് റീസൈക്ലിങ്ങിന് വിധേയമാക്കും.
തലശ്ശേരി, കൂത്തുപറമ്പ് മേഖലയിൽ നിരവധി പേരാണ് ഇത്തരത്തിൽ സൈക്കിളിന് പിന്നിൽ വലിയ ചാക്കിൽ പ്ലാസ്റ്റിക് ശേഖരിക്കുന്നത്. കഴിഞ്ഞ വർഷം കോവിഡ് വ്യാപനം കുറഞ്ഞ വേളയിലാണ് സംഘമെത്തിയത്. പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെയുള്ള ആക്രി സാധനങ്ങൾ ശേഖരിക്കുന്ന സംഘത്തിന് വെറും കൈയോടെ ഇതുവരെ താമസസ്ഥലത്തേക്ക് മടങ്ങേണ്ടി വന്നിട്ടില്ല. അയൽസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പ്ലാസ്റ്റിക് ഉപയോഗം കൂടുതലാണെന്നും വെറുതെ കളയുന്ന കുപ്പികൾ അടക്കമുള്ള സാധനങ്ങൾ ശേഖരിക്കുന്നത് വരുമാന മാർഗമാണെന്നും സംഘത്തിലുള്ളവർ ഒരേ സ്വരത്തിൽ പറയുന്നു.
പ്ലാസ്റ്റിക് മാലിന്യം വലിയ പ്രതിസന്ധിയുള്ള പ്രദേശങ്ങളിൽ ഇവ ശേഖരിക്കാനെത്തുന്ന ഈ ഉത്തരേന്ത്യക്കാർ നാട്ടുകാർക്ക് വലിയ ആശ്വാസമാണ്.
പ്ലാസ്റ്റിക് മാലിന്യ സംസ്കരണം വലിയ പ്രതിസന്ധിയാണ് ഓരോ തദ്ദേശ സ്ഥാപനങ്ങളിലും. നഗരങ്ങളിലെയും നാട്ടിൻപുറങ്ങളിലെയും വഴിയരികിലും പറമ്പുകളിലും മാത്രമല്ല, ജലാശയങ്ങളിലും പ്ലാസ്റ്റിക് മാലിന്യം ദിവസവും നിറയുകയാണ്. വേനൽക്കാലത്താണ് ഇതു വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്. വെള്ളവും മറ്റു മധുരപാനീയങ്ങളും നിറച്ചെത്തുന്ന ചെറുതും വലുതുമായ കുപ്പികൾ ഉപയോഗശേഷം ആളുകൾ വഴിയരികിൽ വലിച്ചെറിയുകയാണ്.
ഓരോ പ്രദേശങ്ങളിലും ഇതു പതിവുകാഴ്ചയാണ്. കോവിഡ് കാലത്തെ അടച്ചിടലിൽ മാത്രമാണ് ഇതിന് ചെറിയൊരു മാറ്റമുണ്ടായത്. കുപ്പികൾ വഴിയരികിൽ വലിച്ചെറിയുന്നത് ഒഴിവാക്കാൻ പലയിടത്തും തദ്ദേശ സ്ഥാപനങ്ങൾ മുൻ കൈയെടുത്ത് ബോട്ടിൽ ബൂത്ത് സ്ഥാപിച്ചിരുന്നു. വീടുകളിലെയും കടകളിലെയും പ്ലാസ്റ്റിക് ശേഖരിക്കാനും പദ്ധതികളാവിഷ്കരിച്ചിരുന്നു. എന്നാലും വഴിയരികിലെ മാലിന്യത്തിന് ഒട്ടും കുറവില്ല. ദേശീയപാതയടക്കമുള്ള റോഡരികുകളിൽ മദ്യത്തിേൻറതടക്കമുള്ള ഒഴിഞ്ഞ കുപ്പികളും മറ്റു മാലിന്യവും കാണാം. മാലിന്യം തള്ളുന്നവരെ പിടികൂടാൻ പലയിടത്തും സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും നടപടി പേരിനു മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.