അഴീക്കോട്: അഴീക്കോട് ചാലിൽ പ്രവർത്തിക്കുന്ന സർക്കാർ വൃദ്ധസദനത്തിന്റെ പ്രവർത്തനം വീണ്ടും അവതാളത്തിലേക്ക്. കരാർ ജീവനക്കാരുടെ ഒരു വർഷത്തോളമുള്ള ശമ്പളം അനുവദിക്കാതെ പിരിച്ചുവിടുന്നു. ഹിന്ദുസ്ഥാൻ ലാറ്റെക്സ് മൂന്നു വർഷത്തെ പ്രദ്ധതി പ്രകാരം 2022 ഏപ്രിൽ വരെ വൃദ്ധസദനം ഏറ്റെടുത്ത് നടത്തിയിരുന്നു. കാലാവധി കഴിഞ്ഞപ്പോൾ തുടർ അനുമതി നൽകാത്തതിനാൽ അവർ പദ്ധതി ഉപേക്ഷിച്ചു.
ആ കാലയളവിൽ ജോലി ചെയ്തവരെ സർക്കാർ നിർദേശ പ്രകാരം ജോലിയിൽ തുടരാൻ അനുവദിക്കുകയായിരുന്നു. എന്നാൽ, മാസങ്ങളായി ജോലി ചെയ്ത ജീവനക്കാരുടെ ശമ്പളം അനുവദിക്കാത്തതിനാൽ അഞ്ചോളം പേർ ഏതാനും മാസങ്ങൾക്ക് മുമ്പേ ജോലി രാജിവെച്ചു.
അവശേഷിക്കുന്ന നാലുപേർ ശമ്പളമില്ലാതെ ഒരു വർഷമായി ജോലിയിൽ തുടരുകയാണ്. നേരത്തെ ഇത് സംബന്ധിച്ച ‘മാധ്യമം’ വാർത്തയെതുടർന്ന് കെ.വി. സുമേഷ് എം.എൽ.എ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു.
പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് മറുപടി ലഭിച്ചെങ്കിലും ഇതുവരെ ജീവനക്കാരുടെ ശമ്പളം നൽകുന്നതിൽ നടപടി ഉണ്ടായിട്ടില്ല. ഇപ്പോഴും നാലോളം ജീവനക്കാർ ഒരുവർഷത്തോളം ശമ്പളമില്ലാതെ ജോലിയിൽ തുടരുകയാണ്. ഇപ്പോൾ ഇവരെ പിരിച്ചുവിടാൻ തിരുവനന്തപുരം സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഉത്തരവിറക്കിയിരിക്കുകയാണ്.
ജീവനക്കാരുടെ ശമ്പളം അനുവദിക്കാൻ ആവശ്യമായ തുക വിവരം സാമൂഹികനീതി വകുപ്പിന് അയച്ചു കൊടുക്കാനും ഉത്തരവിൽ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ, ആദ്യം രാജിവെച്ച ജീവനക്കാരുടെ ശമ്പളം അനുവദിക്കുന്ന കാര്യത്തിൽ യാതൊരു നടപടിയും ഇതേ വരെ സർക്കാർ തലത്തിൽ നടപടിയായിട്ടില്ല. ഹിന്ദുസ്ഥാൻ ലാറ്റെക്സിൽ ജോലിചെയ്തവരെ തുടരാൻ അനുവദിച്ചെങ്കിലും അവരുടെ നിയമനം സർക്കാർ ഇതേ വരെ അംഗീകരിച്ചിട്ടില്ല.
അക്കാരണത്താൽ ശമ്പളം ധനവകുപ്പ് അംഗീകരിച്ചിട്ടില്ല. അംഗീകാരത്തിനായി സർക്കാറിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് മാത്രമേ ഇവരുടെ ശമ്പളം അനുവദിക്കാൻ നിർവാഹമുള്ളൂവെന്നാണ് തിരുവനന്തപുരം സാമൂഹിക നീതി ഡയറക്ടർ ഓഫിസ് പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.