പാനൂർ: മിലിട്ടറി സ്കൂളിൽ കണക്ക് പഠിപ്പിച്ച മിടുക്കൻ ഭാരതത്തിന്റെ ഉപരാഷ്ട്രപതി ആയപ്പോൾ പാനൂർ ചമ്പാട്ടെ രത്ന ടീച്ചർ സ്വപ്നത്തിൽ നിനച്ചിരുന്നില്ല തന്നെ കാണാൻ പ്രിയ വിദ്യാർഥി എത്തുമെന്ന്. എന്നാൽ ആറാം ക്ലാസ് മുതൽ 12 വരെ സൈനിക വിദ്യാലയത്തിൽ താമസിച്ചു പഠിച്ചിരുന്ന ഉപരാഷ്ട്രപതി ധൻകർ തന്റെ ഏറ്റവും പ്രിയ അധ്യാപികയെ കാണാൻ തിങ്കളാഴ്ച ചമ്പാട്ടെ വീട്ടിലെത്തും.
തലശ്ശേരി-പാനൂർ റോഡിൽ ചമ്പാട് കാർഗിൽ ബസ്റ്റോപ്പിന് സമീപം ആനന്ദത്തിലാണ് സൈനിക സ്കൂളിൽ നിന്ന് വിരമിച്ച രത്ന നായർ താമസിക്കുന്നത്. രാജസ്ഥാനിലെ ചിറ്റോർഗ്ര സൈനിക സ്കൂളിലാണ് ജഗദീപ് ധൻകറെ അവർ പഠിപ്പിച്ചിരുന്നത്. രത്ന ടീച്ചർക്ക് ഇപ്പോൾ വയസ്സ് 88.
പഠിക്കുമ്പോൾ താൻ പഠിപ്പിച്ച കണക്ക് വിഷയത്തിൽ മിടുമിടുക്കനായിരുന്നു ധൻകറെന്നും പഠനത്തിന് പുറമേ കായിക മേഖലയിലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നുവെന്നും ടീച്ചർ ഓർമിക്കുന്നു. 1968ൽ 12-ാം തരം വിജയിച്ച് സ്കൂൾ വിട്ട ധൻകർ പല സന്ദർഭങ്ങളിലായി സ്നേഹം തന്നിരുന്ന രത്ന ടീച്ചറെ വന്നു കണ്ടിട്ടുണ്ട്.
ബംഗാളിൽ ഗവർണറായപ്പോഴും ധൻകർ ഫോണിൽ വിളിച്ച് സുഖവിവരം അന്വേഷിച്ചിരുന്നു. രത്ന നായർ 30 വർഷം രാജസ്ഥാനിൽ സേവനമനുഷ്ഠിച്ചു. അവിടെ നിന്ന് വിരമിച്ച് എട്ടുവർഷം എറണാകുളം നവോദയ സ്കൂളിലും കണ്ണൂരിലെ ചെണ്ടയാട് നവോദയ സ്കൂളിലും പ്രിൻസിപ്പലായി. ഇപ്പോൾ വിശ്രമജീവിതം നയിക്കുകയാണ്.
22ന് തിരുവനന്തപുരത്തെത്തുന്ന ഉപരാഷ്ട്രപതി നിയമസഭ മന്ദിരത്തിലെ പരിപാടിയിൽ പങ്കെടുത്ത ശേഷമാണ് കണ്ണൂരിലേക്ക് വരിക. കണ്ണൂർ സിറ്റി പൊലീസ് കമീഷണർ അജിത് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം താഴെ ചമ്പാട്ടെ വസതിയിലെത്തി രത്ന നായരെ കണ്ടു. ഞായറാഴ്ച മുതൽ ചമ്പാടും പരിസരവും എൻ.എസ്.ജിയുടെ നിയന്ത്രണത്തിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.