പാനൂർ: പൂക്കോം മുതൽ വള്ളങ്ങാട് വരെ 400ഓളം വ്യാപാര സ്ഥാപനങ്ങൾ ഇല്ലാതാവുന്ന കുറ്റ്യാടി -കണ്ണൂർ വിമാനത്താവളം പാത അലൈൻമെന്റ് നിർദേശം വ്യാപാരികൾക്ക് ഇടിത്തീയായി. കുറ്റ്യാടി -നാദാപുരം -പാനൂർ -കണ്ണൂർ വിമാനത്താവള നാലുവരിപ്പാത സർവേ രൂപരേഖയാണ് പ്രസിദ്ധീകരിച്ചത്. റോഡ് കടന്നുപോകുന്ന സ്ഥലങ്ങളെ സംബന്ധിച്ച് രൂപരേഖയിലുണ്ട്. 2018 -19ലാണ് സർവേ നടത്തിയത്. തുടർന്ന് അലൈൻമെന്റ് പ്ലാൻ സമർപ്പിച്ച് പദ്ധതി അംഗീകരിച്ചു.
ജലപാതയും തീരദേശ റെയിലും വാതക പൈപ്പ് ലൈനും ഉൾപ്പെടെയുള്ള വൻ പദ്ധതികൾ വീടുകൾക്കും സ്വത്തിനും ഭീഷണിയായ നിരവധിയാളുകൾക്ക് ദേശീയപാത വികസനവും ഇരുട്ടടിയാവും. അതേസമയം, ഗതാഗതക്കുരുക്കുകൊണ്ട് വീപ്പുമുട്ടുന്ന ഇടുങ്ങിയ ടൗണിനെ നവീനവത്കരിക്കുന്നതിനും കൂടുതൽ സൗകര്യമൊരുക്കുന്നതിനും പാർക്കിങ് പ്രശ്നം പരിഹരിക്കാനും പാത വികസനം വഴി സാധ്യമാവും.
കുറ്റ്യാടി -കണ്ണൂർ വിമാനത്താവളം റോഡിനായുള്ള അലൈൻമെന്റിൽനിന്ന് പാനൂർ ടൗണിനെ ഒഴിവാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. നിലവിലുള്ള നിർദേശപ്രകാരം പൂക്കോം -കൂത്തുപറമ്പ് റോഡിലെ നൂറുകണക്കിന് കച്ചവട സ്ഥാപനങ്ങളാണ് തുടച്ചുനീക്കപ്പെടുക.
വഴിയാധാരമാക്കുന്ന ചെറുകിട വ്യാപാരികളുടെയും തൊഴിലാളികളുടെയും കുടുംബങ്ങളെ സംരക്ഷിക്കാൻ നാദാപുരം, കല്ലാച്ചി ടൗണുകളെ ഒഴിവാക്കിയ മാതൃകയിൽ ബൈപാസ് റോഡ് നിർമിക്കണമെന്നാണ് വ്യാപാരി വ്യവസായി സമിതി പാനൂർ യൂനിറ്റിന്റെ ആവശ്യം. ഇപ്പോൾ 52.2 കി.മീറ്റർ റോഡിനായുള്ള അലൈൻമെന്റിനാണ് അംഗീകാരമായത്.
കോഴിക്കോട് ജില്ല അതിർത്തിയായ പെരിങ്ങത്തൂർ പുഴ കടന്ന് ടൗണിന്റെ വലതുഭാഗത്തുകൂടി കണ്ടോത്ത് ക്ഷേത്രത്തിന് സമീപമാണ് പാതയെത്തുക. മേക്കുന്ന് ടൗണിനെ പൂർണമായി ഒഴിവാക്കി ആരോഗ്യകേന്ദ്രത്തിന് മുന്നിലുള്ള നിലവിലെ റോഡിലെത്തും.
മേനപ്രം ഈസ്റ്റ് യു.പി സ്‌കൂളിന് പിറകിലൂടെ കൊളായി വയൽ വഴി പെരിങ്ങളം വില്ലേജ് ഓഫിസിന് മുന്നിലെത്തും.കീഴ്മാടം ടൗണിന്റെ വലതുഭാഗത്തുകൂടി വലിയാണ്ടിപീടിക കടന്ന് പൂക്കോം ടൗണിനെ ഒഴിവാക്കി മീത്തലെ പൂക്കോത്തെ നിലവിലുള്ള റോഡിൽ എത്തിച്ചേരും.പൂക്കോം എം.എൽ.പിയുടെ സമീപത്തുകൂടെ സരോമ ബസ്‌സ്റ്റോപ് കടന്ന് വലതുഭാഗത്തുകൂടി പാനൂർ ബസ്‌സ്റ്റാൻഡ് ജങ്‌ഷനിൽ എത്തും. ഇവിടെനിന്നും 200 മീറ്റർ ഇടത്തോട്ട് മാറി നജാത്ത് സ്‌കൂൾ വഴി ഗുരുസന്നിധിക്ക് സമീപമാണ് ചേരുക.
വള്ളങ്ങാട് പെട്രോൾ പമ്പിന് അരികിലുള്ള മൊകേരി റോഡുവഴി മാക്കൂൽപീടികയിലെത്തി വീണ്ടും നിലവിലെ റോഡിലെത്തും. പാത്തിപ്പാലം -കൂത്തുപറമ്പ് റോഡിന്റെ വലതുഭാഗത്തുകൂടി പൂക്കോട് ജങ്ഷനിലെത്തും. കോഴിക്കോട് ജില്ലയിലെ നാദാപുരം, കല്ലാച്ചി, കക്കട്ട് ടൗണുകളെ ഒഴിവാക്കി പയന്തോങ്ങ് -ആലിയാട്ട് റോഡുവഴി ആവലോത്ത് എത്തുംവിധം ബൈപാസും നിർമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.