പാനൂർ: കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള കുറ്റ്യാടി -മട്ടന്നൂർ റോഡ് വികസനത്തിന് വേഗം കൂട്ടാൻ സർക്കാർ തീരുമാനം. അലൈൻമെന്റ് പുറത്തിറക്കിയതോടെ അന്തിമ ഡി.പി.ആർ തയാറാക്കി കിഫ്ബിയിൽനിന്ന് സാമ്പത്തിക അനുമതിക്കായി കാത്തിരിക്കുകയാണ് കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ.
പെരിങ്ങത്തൂർ മുതൽ മട്ടന്നൂർ വരെയുള്ള റോഡിന് സിവിൽ ഇനത്തിൽ 436.43 കോടിയും ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെയുള്ള സാമൂഹിക ആവശ്യങ്ങൾക്ക് 587.03 കോടിയടക്കം ആകെ 1023.46 കോടി രൂപക്കുള്ള എസ്റ്റിമേറ്റാണ് കെ.ആർ.എഫ്.ബി വിഭാഗം കിഫ്ബിക്ക് സമർപ്പിച്ചിട്ടുള്ളതെന്നാണ് സൂചന. ഒന്നര വർഷം മുമ്പ് ഉന്നതതല ചർച്ചകൾക്കുശേഷം ആവശ്യമായ ഭേദഗതി വരുത്തിയാണ് പുതിയ അലൈൻമെൻറിന് രൂപം നൽകിയത്. നിലവിലുള്ള പെരിങ്ങത്തൂർ -മേക്കുന്ന്-പാനൂർ -പൂക്കോട് റോഡിന്റെ വലിയ വളവ് കുറച്ച് പരമാവധി നേരെയാക്കാനാണ് തീരുമാനം. പൂക്കോട് മുതൽ മട്ടന്നൂർ വരെ നിലവിലുള്ള റോഡിനെ മുൻനിർത്തിയാണ് അലൈൻമെന്റ് തയാറാക്കിയത്.
24 മീറ്റർ വീതിയിൽ ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ അളവ് കണക്കാക്കുകയാണ് അടുത്ത ഘട്ടം. ഇത് പൂർത്തിയാവുന്നതോടെ ഭൂമിയുടെ വിവരങ്ങൾ പുറത്തുവിടും. നിലവിലുള്ള റോഡ് വീതികൂട്ടുന്നതിനാൽ ധാരാളം വ്യാപാര സ്ഥാപനങ്ങൾ പൊളിച്ചുമാറ്റേണ്ടിവരുന്നതുസംബന്ധിച്ച ആശങ്ക നിലനിൽക്കുന്നുണ്ട്.
സ്ഥലം എം.എൽ.എക്കുൾപ്പെടെ ഇതുസംബന്ധിച്ച് വ്യാപാര സംഘടനകൾ നിവേദനം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.