പാനൂർ: നഗരസഭയിലെ അപകടാവസ്ഥയിലായ മത്സ്യ മാർക്കറ്റ് കെട്ടിടം പൊളിക്കൽ ശനിയാഴ്ച തുടങ്ങും. കെട്ടിടം പൊളിക്കൽ മിക്കവാറും രാത്രിയിലാണ് നടക്കുക. കെട്ടിടം പൊളിക്കുമ്പോൾ പൊടിശല്യവും അപകട സാധ്യതയും കണക്കിലെടുക്കേണ്ടതിനാൽ പരിസരത്തുള്ള എല്ലാ വ്യാപാരികളും മുൻകരുതൽ എടുക്കണമെന്ന് നഗരസഭ അസി. എൻജിനീയറും കരാറുകാരനും ആവശ്യപ്പെട്ടു.
3,66,000 രൂപക്കാണ് കരാർ ഉറപ്പിച്ചത്. ഇവിടെ തന്നെയാണ് പുതിയ മത്സ്യമാർക്കറ്റ് നിർമിക്കുക. ബുധനാഴ്ച നടന്ന നഗരസഭ യോഗത്തിലാണ് മത്സ്യ മാർക്കറ്റ് കെട്ടിടം പൊളിച്ചുമാറ്റാൻ തീരുമാനമായത്. പൊളിച്ചശേഷം സ്ഥലലഭ്യതക്കനുസരിച്ച് പാർക്കിങ് സൗകര്യമടക്കം ഉൾപ്പെടുത്തി പ്ലാൻ തയാറാക്കും.
ഏറെക്കാലമായി ഈ കെട്ടിടം പ്രവർത്തനരഹിതമായിട്ട്. കോൺക്രീറ്റ് ദ്രവിച്ച് കമ്പികൾ പുറത്താവുകയും പൊട്ടിവീഴുകയും ചെയ്തതോടെ ഇവിടെ പ്രവർത്തിക്കുന്ന കടകളും ഓഫിസുകളും നഗരസഭ ഒഴിപ്പിച്ചിരുന്നു. മുമ്പ് ഒരു തവണ ടെൻഡർ വിളിച്ചുവെങ്കിലും കരാർ പ്രവൃത്തി തുടങ്ങിയില്ല.
രണ്ടാം തവണ നടത്തിയ ടെൻഡർ വിളിച്ചെടുത്ത കരാറുകാരനാണ് പൊളിക്കൽ പ്രവൃത്തി ആരംഭിക്കുന്നത്. മുൻ എം.എൽ.എ പരേതനായ കെ.എം. സൂപ്പി പാനൂർ പഞ്ചായത്ത് പ്രസിഡന്റായ 1991ലാണ് മത്സ്യ മാർക്കറ്റ് ഉദ്ഘാടനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.