പാനൂർ: കൂത്തുപറമ്പ് മണ്ഡലത്തിൽ പശ്ചാത്തല സൗകര്യ വികസനത്തിനും കാർഷിക മേഖലയുടെ ഉന്നമനത്തിനും ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യമുറപ്പാക്കുന്നതിനും പദ്ധതികളേറെ. കൂത്തുപറമ്പ് മണ്ഡലത്തിലെ കിഴക്കൻ മേഖലയുടെ വികസനക്കുതിപ്പിന് വഴിയൊരുക്കുന്ന വടക്കേ പൊയിലൂര്‍ -കുഴിക്കല്‍ -സെന്‍ട്രല്‍ പൊയിലൂര്‍ റോഡ് മെക്കാഡം ടാറിങ് പ്രവൃത്തിക്ക് 10 കോടി രൂപ അനുവദിച്ചു. കൂത്തുപറമ്പ് കടവത്തൂര്‍ മലയംകുണ്ട് -കാര്‍ഷിക ജല സംരക്ഷണ പദ്ധതി -സ്ത്രീ സൗഹൃദ കേന്ദ്രം നിർമിക്കുന്നതിനായി അഞ്ച് കോടി രൂപ ബജറ്റിൽ ഉൾപ്പെടുത്തിട്ടുണ്ട്. കുന്നോത്തുപറമ്പ് പഞ്ചായത്ത് ഓഫിസിന് അത്യാധുനിക സംവിധാനത്തോടെ പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് അഞ്ച് കോടി, മണ്ഡലത്തിലെ സമഗ്ര കാര്‍ഷിക പദ്ധതിയും പരമ്പരാഗത ജലസ്രോതസ്സുകളായ തോടുകളുടെയും കുളങ്ങളുടെയും സംരക്ഷണത്തിനും 30 കോടി രൂപയാണ് ബജറ്റ് നിർദേശമുള്ളത്. കാർഷികമേഖലയായ മണ്ഡലത്തിന്റെ ഹരിതാഭ വർധിപ്പിക്കാൻ ഇതിലൂടെ സാധ്യമാവും.
പാനൂര്‍ നഗരസഭ ആസ്ഥാന മന്ദിരം നിർമാണത്തിന് അഞ്ച് കോടി ബജറ്റിലുണ്ട്. ഉചിതമായ സ്ഥലം കണ്ടെത്തി ആധുനിക സൗകര്യത്തോടെ നഗരസഭക്ക് ഓഫിസ് സംവിധാനമൊരുക്കുകയെന്ന ആവശ്യത്തിന് വീണ്ടും ചിറകുവെക്കും.
കൂത്തുപറമ്പ് ഗവ. ആയുര്‍വേദ ആശുപത്രിയിൽ കിടത്തി ചികിത്സ സൗകര്യമൊരുക്കുന്നതിന് പുതിയ ഐ.പി ബ്ലോക്ക് കെട്ടിട നിര്‍മാണത്തിന് 15 കോടി രൂപ, പൊയിലൂര്‍ തേനങ്കണ്ടിതാഴ പുഴക്ക് പാലവും അപ്രോച്ച് റോഡ് നിര്‍മാണത്തിനും അഞ്ച് കോടി അനുവദിച്ചു. കൂത്തുപറമ്പ് അഗ്രിക്കള്‍ച്ചറല്‍ ഡവലപ്മെന്റ് ബയോ റിസോഴ്സ് കം അഗ്രോ സര്‍വിസ് സെന്ററിന്റെ രണ്ടാംഘട്ടം വികസന പദ്ധതിക്ക് അഞ്ച് കോടി രൂപ ബജറ്റിൽ ഉൾപ്പെടുത്തി.
കാത്തിരിപ്പിനൊടുവിൽ കൂത്തുപറമ്പ് നഗരസഭ ബസ് സ്റ്റാന്‍ഡ് ടെര്‍മിനല്‍ നിര്‍മാണം ആരംഭിക്കാൻ 100 കോടി രൂപയാണ് ബജറ്റിലുള്ളത്.
കിഴക്കൻ പ്രദേശത്തിന്റെ പ്രകൃതി സൗന്ദര്യത്തെ ഉപയുക്തമാക്കി വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്നതിന് പൊയിലൂര്‍ പി.ആര്. കുറുപ്പ് സ്മാരക പ്രകൃതി പഠന കേന്ദ്രത്തില്‍ നിന്ന് ആരംഭിച്ച് നരിക്കോട്മല, വാഴമല, വിമാനപ്പാറ, പഴശ്ശി കാനനപാത എന്നിവയെ ബന്ധിപ്പിച്ച് വിനോദ സഞ്ചാര ശൃംഖലയ്ക്ക് 20 കോടി രൂപയും ബജറ്റ് നിർദേശമായുണ്ട്. കൂത്തുപറമ്പ് പൂക്കോട് -നരവൂര്‍ -കാര്യാട്ടുപുറം റോഡ് മെക്കാഡം ടാറിങ് ചെയ്യുന്നതിന് അഞ്ച് കോടി , കൂത്തുപറമ്പ്- കണ്ണൂര്‍ - കോഴിക്കോട് ജില്ലയിലെ മലയോര മേഖലയെ ബന്ധിപ്പിക്കുന്ന പൊടിക്കളം -നരിക്കോട് - വാഴമല -കണ്ടിവാതുക്കല്‍ മലയോര റോഡ് നിർമിക്കുന്നതിന് ഏഴ് കോടി, പൊയിലൂര്‍ വട്ടത്ത് -അടിയോടി ചമ്മത്തില്‍ പാലവും അപ്രോച്ച് റോഡ് നിര്‍മാണവും നടത്തുന്നതിന് അഞ്ച് കോടി, കായിക മേഖലയുടെ ഭാവി ശാശ്വതമാക്കുകയെന്ന ലക്ഷ്യത്തോടെ പാട്യം പഞ്ചായത്തില്‍ സ്പോര്‍ട്സ് അക്കാദമി സ്ഥാപിക്കാൻ അഞ്ച് കോടി, കല്ലിക്കണ്ടി 110 കെ.വി സബ് സ്റ്റേഷന് സ്ഥലമെടുപ്പും അനുബന്ധ പ്രവൃത്തികളും നടത്തുന്നതിന് 10 കോടി, കൂത്തുപറമ്പ് വലിയവെളിച്ചം കോളജ് ഓഫ് അപ്ലൈഡ് സയന്‍സിന് രണ്ടാം നില നിര്‍മാണവും മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനും അഞ്ച് കോടി, നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ കൂത്തുപറമ്പിൽ റിങ് റോഡ് നിര്‍മാണം രണ്ടാം ഘട്ട പ്രവൃത്തിക്കായി പത്തുകോടി രൂപയും അനുവദിച്ചു.
ജില്ലയിലെ മികവുറ്റ ആശുപത്രികളിലൊന്നായ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെ ജീവനക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ താമസ സൗകര്യത്തിന് സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് സ്ഥലമെടുപ്പും കെട്ടിട നിര്‍മാണവും പദ്ധതിക്ക് 50 കോടി രൂപയാണ് ബജറ്റിലുള്ളത്.
പാനൂർ നഗരസഭയിലെ പള്ളിക്കുനി -കക്ക്യപ്രത്ത് -പടന്നക്കര റോഡ് നവീകരണത്തിന് 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കോട്ടയം മലബാര്‍ പഞ്ചായത്തില്‍ കണ്വെന്ഷന് സെന്റര്‍ യാഥാർഥ്യമാക്കുന്നതിന് ആദ്യഘട്ട പ്രവൃത്തിക്ക് അഞ്ച് കോടി രൂപ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.