പാനൂർ: കഴിഞ്ഞ ദിവസം കതിരൂർ ആറാം മൈൽ ഉണ്ടായ വാഹനാപകടത്തിൽ പൊലിഞ്ഞ പാറാട് സ്വദേശികളായ ഓട്ടോ ഡ്രൈവർ അഭിലാഷിന്റെയും ഷജീഷിന്റെയും ഓർമകളിൽ വിതുമ്പി നാട്. ഓട്ടോ തൊഴിലാളികളായ ഇരുവരും ഉറ്റ സുഹൃത്തുക്കളായിരുന്നു.
ഇരുവരുടെയും മൃതദേഹം ഇന്നലെ ഉച്ചയോടെ പാനൂർ വൈദ്യർ പീടികയിൽ നിന്നും സി.ഐ.ടി.യു ഓട്ടോ തൊഴിലാളികളും നാട്ടുകാരും ഏറ്റുവാങ്ങി. വിലാപയാത്രയായി ജന്മനാടായ പാറാട്ടേക്ക് കൊണ്ടു പോയി. അഭിലാഷിന്റെ മൃതദേഹം പാറാട് ഓട്ടോ സ്റ്റാൻഡിൽ പൊതുദർശനത്തിനു വെച്ചു.
അതിനുശേഷം അഭിലാഷിന്റെ മൃതദേഹം വീട്ടിലേക്ക് എത്തിച്ചു. കത്തി കരിഞ്ഞ മൃതദേഹത്തിൽ അഭിലാഷിന്റെ പടം വെച്ചത് മാത്രം കാണാൻ മാത്രമേ ബന്ധുക്കൾക്കും നാട്ടുകാർക്കും കഴിഞ്ഞുള്ളൂ. പിന്നീട് ഷജീഷിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടു പോയി.
വൻ ജനാവലിയാണ് വിലാപയാത്രയിലും പൊതുദർശനത്തിലും പങ്കുചേർന്നത്. കോയമ്പത്തൂരിലേക്ക് ജോലി ആവശ്യാർഥം പോകുന്നതിനുമുൻപ് സഹോദരി ഷൈമയെ കാണാൻ പോയതായിരുന്നു ഷജീഷ്. ഒപ്പം അഭിലാഷും.ഷൈമയുടെ വീടിന്റെ 100 മീറ്റർ ഇപ്പുറത്ത് ബസ് ഓട്ടോയിൽ ഇടിച്ച് തീ കുണ്ഠമായി മാറിയ സഹോദരനെ ഒരു നോക്കുകാണാൻ പോലും കഴിയായതിന്റെ വേദന കണ്ടു നിൽക്കുന്നവരുടെ പോലും കരളലിയിക്കുന്നതായി.
കെ.പി. മോഹനൻ എം.എൽഎ, കുന്നോത്ത് പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ. ലത, സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ, സംസ്ഥാന കമ്മറ്റി അംഗം പി. ജയരാജൻ, ഒകെ. വാസു മാസ്റ്റർ, കെ.പി. സാജു, വി. സുരേന്ദ്രൻ, അഡ്വ. ഷിജിലാൽ, പി.പി.എ. സലാം തുടങ്ങിയ നേതാക്കൾ വീടുകളിലെത്തി അനുശോചനം അറിയിച്ചു.
സംസ്കാരത്തിനു ശേഷം പാറാട് അനുസ്മരണ യോഗവും നടത്തി. സി.ഐ.ടി.യു ജില്ല സെക്രട്ടറി യു.വി. രാമചന്ദ്രൻ അനുസ്മരണ ഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.