പാനൂർ: മൊകേരി പഞ്ചായത്തിലെ ചിറമ്മൽ ദ്വീപിലേക്കുള്ള പാലം നിർമാണ പദ്ധതി ജീവൻ വെക്കാൻ ഇനിയെന്ത് പോംവഴിയെന്ന ആശങ്കയിൽ പ്രദേശവാസികൾ. വർഷങ്ങളായുള്ള പാലത്തിനായുള്ള കാത്തിരിപ്പ് അനിശ്ചിതമായി നീളുകയാണ്. മൂന്നു പതിറ്റാണ്ട് പഴക്കമുള്ള വീതി കുറഞ്ഞ നടപ്പാലമാണു ദ്വീപിലേക്കു പ്രവേശിക്കാനുള്ള ഏക വഴി. പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന പാലം സുരക്ഷിതവുമല്ല. നിരവധി കുടുംബങ്ങൾ താമസിക്കുന്ന തോടും പുഴയും ചുറ്റപ്പെട്ട 20 ഏക്കർ സ്ഥലമാണ് അടിസ്ഥാന സൗകര്യമില്ലാതെ വർഷങ്ങളായി ഒറ്റപ്പെട്ടു കിടക്കുന്നത്.
പഞ്ചായത്ത് റോഡിൽ നിന്ന് പാലം പണിയേണ്ട തോടിലേക്ക് എത്തിച്ചേരാൻ രണ്ടര സെന്റ് സ്ഥലം സൗജന്യമായി വിട്ടു നൽകണമെന്നാണ് അധികൃതർ അവസാനമായി നിർദേശിച്ചത്.
പാനൂരിൽ നടന്ന നവകേരള സദസ്സിൽ പാലത്തിനായി സമർപ്പിച്ച അപേക്ഷയിലെ നടപടിയുടെ ഭാഗമായി പാലം നിർമാണവുമായി ബന്ധപ്പെട്ട പ്രവൃത്തിക്കാവശ്യമായ രണ്ടര സെന്റ് സ്ഥലം മൊകേരി പഞ്ചായത്തിന് ഏറ്റെടുത്ത് നൽകാനാകുമോ എന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ല ജോയന്റ് ഡയറക്ടർ രേഖാമൂലം ചോദിച്ചിരുന്നു. തനതു ഫണ്ട് കുറവായതിനാൽ സ്ഥലം പഞ്ചായത്തിന് ഏറ്റെടുക്കാനാവില്ലെന്നു ഭരണസമിതി കഴിഞ്ഞ ദിവസം തീരുമാനം എടുത്തു. പ്രദേശവാസികളിൽ നിന്ന് സ്ഥലം സൗജന്യമായി ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന അറിയിപ്പാണ് നൽകിയത്. ഇതോടെ പാലം പണി എപ്പോൾ, എങ്ങനെ എന്ന ചോദ്യം വീണ്ടും ഉയരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.