പയ്യന്നൂർ: കോവിഡ് നിയന്ത്രണങ്ങൾ അയഞ്ഞതോടെ തീവണ്ടികളിൽ തിങ്ങിനിറഞ്ഞ് യാത്രക്കാർ. ഒരു നിയന്ത്രണവും പാലിക്കാതെയാണ് തീവണ്ടികളിൽ യാത്രക്കാരുടെ തിക്കും തിരക്കും. മൂന്നാം തരംഗം പടിവാതിൽക്കൽ എത്തിനിൽക്കുന്നുവെന്ന മുന്നറിയിപ്പ് വന്നതോടെ തീവണ്ടി യാത്ര രോഗപ്പകർച്ചക്കിടയാക്കുമെന്ന ഭീതി ഉയർന്നുകഴിഞ്ഞു.
ഭൂരിഭാഗം വണ്ടികളും എല്ലാ സ്റ്റേഷനുകളിലും നിർത്താൻ തുടങ്ങുകയും സാധാരണ പോലെ ടിക്കറ്റ് ലഭിക്കുകയും ചെയ്തതോടെയാണ് തീവണ്ടി യാത്രക്കാർ വൻതോതിൽ വർധിച്ചത്. ഇത് ദുരന്തഭീതി കൂട്ടുകയാണ്. ടിക്കറ്റ് കൗണ്ടറുകളിലെ നീണ്ട നിരയ്ക്കുപിന്നാലെ വണ്ടിയിൽ കയറിപ്പറ്റാനുള്ള തിടുക്കവും സാമൂഹിക അകലമെന്ന നിർദേശം അവഗണിക്കപ്പെടുന്നു. വണ്ടിക്കകത്തും നിയന്ത്രണമില്ല. കോവിഡ് 19ന് മുമ്പുള്ള സ്ഥിതിയിലേക്ക് അവസ്ഥ മാറിയതായി യാത്രക്കാർ പറയുന്നു
മുന്നിലെ ജനറൽ കമ്പാർട്ട്മെന്റാണ് ജനപ്രളയകേന്ദ്രം. റിസർവേഷൻ കമ്പാർട്ടുമെന്റുകൾ ഒഴിഞ്ഞുകിടക്കുമ്പോഴാണ് ജനറൽ കമ്പാർട്ടുമെന്റുകൾ തിങ്ങിനിറയുന്നത്. റിസർവേഷൻ കഴിഞ്ഞ് ബാക്കിയുള്ള സീറ്റുകൾ ജനറലായി മാറ്റി തിരക്ക് ഒഴിവാക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു. സർക്കാർ ഓഫിസുകളും വിദ്യാലയങ്ങളും പൂർണമായും തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയതോടെയാണ് യാത്രക്കാരുടെ എണ്ണം കൂടിയത്. സീസൺ ടിക്കറ്റിൽ യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരാണ് ദുരിതത്തിലായത്. മാത്രമല്ല, വാക്സിൻ ലഭിക്കാത്ത വിദ്യാർഥികളും തിങ്ങിനിറഞ്ഞ യാത്രക്കാരിലുണ്ട്.
കോവിഡ് ബാധയെ ഒരു പരിധിവരെ തടഞ്ഞു നിർത്തുന്ന മുഖാവരണം തീവണ്ടിയിൽ യാത്ര ചെയ്യുന്ന ഭൂരിഭാഗം പേരും ധരിക്കുന്നില്ലെന്ന പരാതിയും ഉയരുന്നു. ഇതര സംസ്ഥാന യാത്രക്കാരാണ് മുഖാവരണം ധരിക്കാത്തവരിൽ അധികവും. തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും വരുന്ന വണ്ടികളിലെ ഇതര സംസ്ഥാന യാത്രക്കാർ പേരിനുപോലും മാസ്ക് ധരിക്കുന്നില്ലെന്നാണ് പരാതി. മലയാളി യാത്രക്കാർ താടിയിലുമാണ് ധരിക്കുന്നത്. റെയിൽവേ പൊലീസോ മറ്റ് ഉദ്യോഗസ്ഥരോ ഇതിനെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും മറ്റുയാത്രക്കാർ പറയുന്നു. ഭക്ഷണ സാധന വിൽപനയും പഴയ രീതിയിലേക്ക് തിരിച്ചുവന്നതായും ഇതും രോഗബാധക്ക് കാരണമായേക്കാമെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.