പയ്യന്നൂർ: പയ്യന്നൂർ കണ്ടങ്കാളിയിൽ 100 ഏക്കറോളം വയലും ചതുപ്പും നികത്തി എണ്ണ സംഭരണശാല നിർമിക്കുന്നതിനെതിരെ നടന്ന വർഷങ്ങൾനീണ്ട സമരത്തിന് ഊർജം പകർന്ന നിയമമാണ് കേന്ദ്രം അഴിച്ചുപണിഞ്ഞ് ഇല്ലാതാക്കുന്നത്. നിയമം നിലനിൽക്കുമ്പോൾ തന്നെ സമരം വിജയിപ്പിക്കാനായതിൽ ആഹ്ലാദം കൊള്ളുകയാണ് സമരസമിതി. ഒപ്പം നിയമ ഭേദഗതിക്കെതിരെ അഭിപ്രായമറിയിക്കാനുള്ള സമയം ചൊവ്വാഴ്ച അവസാനിച്ചപ്പോൾ നൂറുകണക്കിന് എതിരഭിപ്രായങ്ങൾ സമർപ്പിക്കാനും സമരസമിതി ശ്രദ്ധിച്ചു.
പെട്രോളിയം സംഭരണശാല സ്ഥാപിക്കുന്നതു സംബന്ധിച്ച് നടത്തിയ പരിസ്ഥിതി ആഘാത പഠനത്തിനെതിരെ നടന്ന പബ്ലിക് ഹിയറിങ് ഏറെ ശ്രദ്ധ നേടിയിരുന്നു. റിപ്പോർട്ട് അവതരണത്തെ തുടർന്ന് പൊതുജനങ്ങളിൽനിന്ന് നടത്തിയ തെളിവെടുപ്പിെൻറയും മറ്റും റിപ്പോർട്ട് കലക്ടർ പരിസ്ഥിതി ആഘാതപഠന സമിതിക്കും സർക്കാറിനും സമർപ്പിച്ചതോടെ ജനങ്ങളുടെ എതിർപ്പ് അധികൃതർക്ക് ബോധ്യപ്പെട്ടു. വിദ്യാർഥികളടക്കം ആയിരത്തിലധികം ആളുകൾ പൊതുതെളിവെടുപ്പിൽ പങ്കെടുത്തുവെന്നും ഹിയറിങ്ങിനെത്തിയ വ്യക്തികളും ജനങ്ങളും പദ്ധതി നടപ്പാക്കുന്നതിനെ എതിർത്തു സംസാരിച്ചുവെന്നുമാണ് കലക്ടറുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്.
2017 ജനുവരിയിലാണ് പഠനം തുടങ്ങിയതെന്നും ഇതുവരെ പൂർത്തിയായിട്ടില്ലെന്നും അതിനുകൂടി വേണ്ടിയാണ് പൊതുതെളിവെടുപ്പ് എന്നായിരുന്നു കമ്പനി പ്രതിനിധിയുടെ വിശദീകരണം. ഇ.ഐ.എ പ്രകാരം ബി കാറ്റഗറിയിലാണ് കണ്ടങ്കാളി പദ്ധതി ഉൾപ്പെട്ടിരുന്നത്. ഇതുപ്രകാരം കമ്പനി നടത്തിയ തെളിവെടുപ്പ് പരിഗണിച്ചത് സംസ്ഥാന പാരിസ്ഥിതിക ആഘാത പഠന സമിതിയായിരുന്നു.
2017ൽ റിപ്പോർട്ട് നൽകിയെങ്കിലും ഏറെ സമ്മർദത്തെ തുടർന്ന് 2019 ജൂണിൽ മാത്രമാണ് സർക്കാർ അനുമതി നൽകിയത്. എന്നാൽ, 2017 മുതൽ തന്നെ പയ്യന്നൂരിൽ സമരം ശക്തിപ്പെട്ടിരുന്നു. ഡോ. മാധവ് ഗാഡ്ഗിൽ ഉൾപ്പെടെയുള്ളവർ പയ്യന്നൂരിലെത്തിയിരുന്നു. കടുത്ത എതിർപ്പിനൊടുവിൽ സർക്കാർ, ഭൂമി ഏറ്റെടുത്ത് നൽകേണ്ടതില്ലെന്ന് തീരുമാനിച്ചതോടെ കമ്പനികൾക്ക് പിൻവാങ്ങേണ്ടി വന്നു. വേണ്ടത്ര പഠനം നടത്താത്തതും മറ്റും ചൂണ്ടിക്കാട്ടി നിയമ നടപടികൾ ഉൾപ്പെടെ സ്വീകരിക്കാനുള്ള സാധ്യത തെളിഞ്ഞത് നിലവിലുള്ള നിയമം കൊണ്ടാണെന്നും ഇതാണ് ഇല്ലാതാകുന്നതെന്നും സമരസമിതി ചെയർമാൻ ടി.പി. പത്മനാഭൻ മാസ്റ്റർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.