പയ്യന്നൂര്‍: വര്‍ഷങ്ങളായി നാവിക അക്കാദമിയിൽ തൊഴില്‍ ചെയ്തുവരുന്ന തൊഴിലാളികളെ ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. നാവിക അക്കാദമി കരാര്‍ തൊഴിലാളി സംഘടനയായ സതേണ്‍ നേവല്‍ കമാന്‍ഡ് കോണ്‍ട്രാക്ട് വര്‍ക്കേഴ്സ് യൂനിയന്‍ (സി.ഐ.ടി.യു)വിന്റെ നേതൃത്വത്തിലാണ് നേവല്‍ അക്കാദമി ഗേറ്റില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
അക്കാദമിക്കായി കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളിലൊരാള്‍ക്ക് ജോലി നല്‍കുമെന്ന വാഗ്ദാനം ജലരേഖയായപ്പോള്‍ ഇവിടെ നടന്നിരുന്ന നിർമാണ പ്രവൃത്തികളായിരുന്നു നാട്ടുകാര്‍ക്ക് അല്‍പം ആശ്വാസമായിരുന്നത്. നാവിക അക്കാദമി കമീഷന്‍ ചെയ്തതോടെ അക്കാദമി പ്രദേശത്തെ ശുചീകരണമുള്‍പ്പെടെയുള്ള കരാര്‍ ജോലികളായിരുന്നു പിന്നീടുള്ള ആശ്രയം. കരാര്‍ കമ്പനികള്‍ മാറിമാറി വന്നപ്പോള്‍ എഗ്രിമെന്റ് വ്യവസ്ഥയില്‍നിന്നും തൊഴിലാളികളുടെ എണ്ണവും കുറച്ചുകൊണ്ടുവന്നതോടെയാണ് തൊഴിലവസരങ്ങള്‍ കുറയാന്‍ തുടങ്ങിയതെന്ന് തൊഴിലാളികൾ പറയുന്നു.
ഇപ്പോള്‍ 350ഓളം തൊഴിലാളികളാണ് ഇവിടെ കരാര്‍ മേഖലയില്‍ തൊഴില്‍ ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് നിലവിലുള്ള തൊഴിലാളികളുടെ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്താന്‍ നാവിക അക്കാദമി അധികൃതരുള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നതെന്ന പരാതികളുയരുന്നത്. ബുധനാഴ്ച മുതല്‍ ഹൗസ് കീപ്പിങ് ചുമതല പുതിയ കരാറുകാരനാണ്. 280 പേര്‍ ജോലിചെയ്തുവരുന്ന ഈ മേഖലയില്‍ 224 പേരെ ജോലിക്ക് നിയോഗിക്കാനാണ് പുതിയ കരാര്‍.
കൂടാതെ 50 വയസ്സുകഴിഞ്ഞവരെ ജോലിയില്‍നിന്നൊഴിവാക്കണമെന്ന നിർദേശവുമുണ്ടത്രെ. അക്കാദമിയുടെ വരവോടെ മറ്റു തൊഴില്‍മേഖലകള്‍ നഷ്ടമായ നാട്ടുകാര്‍ക്ക്, ഉള്ള തൊഴില്‍കൂടി നഷ്ടമാകുന്ന അവസ്ഥയാണ് കേന്ദ്ര സര്‍ക്കാറിന്റെ തൊഴില്‍നയം മൂലമുണ്ടായിരിക്കുന്നതെന്ന് സംഘടന നേതാക്കള്‍ കുറ്റപ്പെടുത്തി.
ഇതിനെതിരെയാണ് അക്കാദമി ഗേറ്റ് പരിസരത്ത് പ്രതിഷേധം സംഘടിപ്പിച്ചത്. ഇങ്ങനെയുള്ള തൊഴില്‍ നിഷേധം മാത്രമല്ല ഇവിടത്തെ ലാസ്റ്റ്‌ഗ്രേഡ് ജീവനക്കാരെ ഇത്തരം ജോലിക്കായി നിയോഗിച്ച് അവരുടെ കൂലി എഴുതിയെടുക്കാനുള്ള ആസൂത്രിതമായ നീക്കവും നടക്കുന്നുണ്ടെന്നാണ് സതേണ്‍ നേവല്‍ കമാന്‍ഡ് കോണ്‍ട്രാക്ട് വര്‍ക്കേഴ്സ് യൂനിയന്‍ നേതാക്കള്‍ പറയുന്നത്. പ്രതിഷേധ പരിപാടി സി.ഐ.ടി.യു ജില്ല സെക്രട്ടറി പി.വി. കുഞ്ഞപ്പന്‍ ഉദ്ഘാടനം ചെയ്തു. വി. പ്രമോദ് അധ്യക്ഷത വഹിച്ചു. കെ.പി.വി. രാഘവന്‍, ടി. ഗോവിന്ദന്‍, പി.വി. സുജാത, കെ. നിഷ, കെ. രജിത തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.