പയ്യന്നൂർ: സ്വയം തീർത്ത കുരുക്കിൽപെട്ട കാക്കയെ സ്വതന്ത്രമായി വിഹരിക്കാൻ സഹായിക്കുകയായിരുന്നു ബുധനാഴ്ച രാവിലെ മുതൽ പയ്യന്നൂർ അഗ്നിരക്ഷാസേന. ദൗത്യം പൂർത്തിയായി സ്റ്റേഷനിലെത്തിയപ്പോഴാണ് മറ്റൊരു മിണ്ടാപ്രാണിയുടെ ജീവൻ രക്ഷിക്കാനുള്ള നിയോഗത്തിനുള്ള വിളിവന്നത്. ഉടൻ അങ്ങോട്ടു കുതിച്ചു. ദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തുമ്പോഴേക്കും ഒരു പകൽ നടന്നകന്നിരുന്നു.
പയ്യന്നൂർ, കാഞ്ഞങ്ങാട് ദേശീയപാതയോരത്ത് വെള്ളൂർ രാമൻകുളത്തിന് സമീപം മരത്തിനുമുകളിൽ കൂടുകൂട്ടാനുള്ള ശ്രമമാണ് കാക്കയെ കുരുക്കിയത്. മരച്ചില്ലകൾ അത്യപൂർവമായപ്പോൾ പ്ലാസ്റ്റിക് കയർ ഉൾപ്പെടെയാണ് ഇപ്പോൾ കൂടൊരുക്കാൻ കിട്ടുന്ന 'അസംസ്കൃത' വസ്തുക്കൾ. ശിഖരത്തിൽ കുടുക്കിയ അത്തരമൊരു നൂലാണ് കാക്കയുടെ കാലിൽ കുരുക്കിട്ടത്. മരത്തിൽ കെട്ടിയിട്ടപോലെ ചൊവ്വാഴ്ച മുതൽ കുടുങ്ങിക്കിടക്കുകയായിരുന്നു വൃക്ഷശിഖരത്തിൽ ഈ മിണ്ടാപ്രാണി.
മൃഗസ്നേഹിയും മരംമുറി തൊഴിലാളിയുമായ വെള്ളൂരില സുവർണനാണ് അഗ്നിരക്ഷാസേനക്ക് വിവരം നൽകിയത്. കഴിഞ്ഞദിവസം വൈകീട്ടോടെയാണ് കാക്ക മരത്തിനു മുകളിൽ കുടുങ്ങിയത്. വഴിയാത്രക്കാർ പലരും കണ്ടുവെങ്കിലും രക്ഷിക്കാനുള്ള ശ്രമമുണ്ടായില്ല. രാവിലെ ഇതുവഴിവന്ന സുവർണൻ കാക്കയുടെ ദൈന്യത മനസ്സിലാക്കി വിവരം അറിയിക്കുകയായിരുന്നു. ഉടൻ പയ്യന്നൂരിൽനിന്ന് സേനയെത്തി മരത്തിനുമുകളിൽ കയറി അതിസാഹസികമായി കാക്കയെ രക്ഷപ്പെടുത്തി.
സഹജീവിയെ രക്ഷിക്കാനാണെന്നറിയാത്ത കാക്കക്കൂട്ടങ്ങൾ സംഘടിതമായി രക്ഷകരെ ആക്രമിക്കാൻ ശ്രമം നടത്തിയത് പുലിവാലായി. അതുകൂടി ചെറുത്താണ് സ്റ്റേഷൻ ഓഫിസർ ടി.കെ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കാക്കയെ രക്ഷപ്പെടുത്തിയത്. ജീവൻ തിരിച്ചുകിട്ടിയപ്പോൾ നന്ദിയോടെ രക്ഷകരെ നോക്കി കാക്ക പറന്നുപോയപ്പോൾ സേനാംഗങ്ങളുടെ പരിശ്രമത്തിന് പുണ്യത്തിന്റെ ധന്യത.
കാക്കയെ രക്ഷിച്ചെത്തിയതിനുശേഷമാണ് കിണറ്റിലകപ്പെട്ട പശുവിനെ പുറത്തെടുത്തത്. കൊവ്വലിലെ വയലിൽ കിണറ്റിൽ അകപ്പെട്ട പശുവിനെയാണ് പയ്യന്നൂർ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് സുരക്ഷിതമായി പുറത്തെടുത്തത്. ചെറിയ വ്യാസമുള്ള കിണറും പശു എട്ടു മാസം ഗർഭിണിയായതും രക്ഷാപ്രവർത്തനം ശ്രമകരമാക്കി. സ്റ്റേഷൻ ഓഫിസർ സന്തോഷ് കുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ പ്രകാശൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ രജിലേഷ് ലതീഷ്, സുമേഷ്, വിശാൽ, ലിഗേഷ്, സത്യൻ, സുധിൻ, ഷിബിൻ, ഹോംഗാർഡ് രാജീവൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.