പയ്യന്നൂർ: നിയമത്തിലെ പഴുതുകൾ കണ്ടൽക്കാടുകളുടെ നാശത്തിന് കാരണമാവുന്നു. കേന്ദ്ര സർക്കാറിെൻറ 1986ലെ ഇ.പി.എ പ്രകാരം കണ്ടൽ വനങ്ങൾ സി.ആർ.സെഡ് ഒന്നിൽ പെടുന്നുണ്ടെങ്കിലും ഈ നിയമം പലപ്പോഴും കടലാസിൽ ഒതുങ്ങുകയാണ്. കണ്ടൽ നശിപ്പിക്കുന്നവർക്കെതിരെ ഫലപ്രദമായ ഒരു നടപടിയും ഉണ്ടാവുന്നില്ലെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. 2008ലെ കേരള നെൽവയൽ, തണ്ണീർതട സംരക്ഷണനിയമത്തിൽ വെള്ളം ചേർത്തതും ഹരിത ബെൽറ്റിെൻറ നിലനിൽപിന് ഭീഷണിയാണ്.
ജില്ല കലക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ വിജ്ഞാപനം മൂലം അധികാരപ്പെടുത്തിയ മറ്റുള്ളവർ തുടങ്ങിയവർക്ക് കണ്ടൽ നാശത്തിനെതിരെ നടപടി സ്വീകരിക്കാൻ നിയമമുണ്ട്. എന്നാൽ, ഈ നിയമപ്രകാരം നടപടി സ്വീകരിച്ച സംഭവത്തിൽ പ്രതികളെ ശിക്ഷിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ല. മാത്രമല്ല ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ തന്നെ മത്സ്യകൃഷിക്കും മറ്റുമായി കണ്ടൽ നശീകരണത്തിന് കൂട്ടുനിൽക്കുന്നതായും ആക്ഷേപമുയരുന്നു.
കണ്ടൽ നിൽക്കുന്ന തണ്ണീർതടങ്ങളിലും വയലുകളിലും ഇത്തരം 'വികസനം' നടപ്പിലാക്കാൻ നിരവധി സർക്കാർ ഏജൻസികളുണ്ട്. ഓരോ വർഷവും 250 ഏക്കർ കൈപ്പാട് നിലം നെല്ലും മീനും സംയോജിത കൃഷിക്കായി ഒരുക്കിയെടുക്കുക എന്ന ലക്ഷ്യവുമായി രംഗത്തുള്ള അഡാക്ക് ഇതിനുദാഹരണം. പുതിയ ഇനം വിത്തുകളുമായി കാർഷിക സർവകലാശാലയും രംഗത്തെത്തിയത് അടുത്ത കാലത്താണ്. കൃഷി ചെയ്യാതെ വർഷങ്ങളായി തരിശിടുന്ന കായലോര മുണ്ടകൻ പാടങ്ങൾ കണ്ടൽക്കാടായി മാറുകയും വൈകാതെ വനനിബിഡമാവുകയും ചെയ്യും. ഇത് മുറിച്ചുമാറ്റി കൃഷിയിടമായി തിരിച്ചുകൊണ്ടുവരുകയാണ് പലയിടങ്ങളിലും.
കഴിഞ്ഞ വർഷം ഈ രീതിയിൽ ഏഴോം ഗ്രാമ പഞ്ചായത്തിൽ നിരവധി ഏക്കർ കണ്ടൽവനകളാണ് വയലായി മാറിയത്. ഇത്തരം മരം വെട്ടിയാൽ കണ്ടൽ നശീകരണത്തിന് കേസെടുക്കാൻ നിയമമുണ്ട്. എന്നാൽ, ദുർബലമായ വകുപ്പ് ചുമത്തിയാണ് കേസ് എടുക്കുന്നത്. നിർമാണപ്രവർത്തനങ്ങളൊന്നും നടത്താത്തതുകൊണ്ടും കൃഷിക്ക് ഭൂമിയൊരുക്കുന്ന പേരിലും നിയമം കണ്ണടക്കുന്നതായാണ് പരാതി. ജൈവവൈവിധ്യ സംരക്ഷണ നിയമം, തീരദേശ പരിപാലന നിയമം തുടങ്ങി പ്രകൃതിസംരക്ഷണത്തിന് വേണ്ടിയുണ്ടാക്കിയവയെന്ന് ഉദ്ഘോഷിക്കുന്ന നിയമങ്ങൾ കൊണ്ട് കണ്ടൽ സംരക്ഷിക്കപ്പെടില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ ഉള്ളത് കുഞ്ഞിമംഗലം പഞ്ചായത്തിലാണ്. ഇവിടെ 2000ത്തിെൻറ തുടക്കം മുതൽ തന്നെ വൻതോതിൽ കണ്ടൽ വെട്ടി ചെമ്മീൻ പാടം തുടങ്ങിയിരുന്നു. ഇപ്പോഴും ഗ്രാമ പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളിലും പയ്യന്നൂർ നഗരസഭയിലും മറ്റും ചെമ്മീൻ കൃഷിയുടെ പേരിൽ വൻതോതിൽ കാടുകൾ വെട്ടി തെളിക്കുകയാണ്. നിയമം കണ്ണടക്കുമ്പോൾ നശിക്കുന്നത് ഭൂമിയുടെ ജൈവവേലിയാണ്. കണ്ടൽ നശിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കുന്നില്ലെങ്കിൽ സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള കണ്ടൽക്കാടുകൾ വില കൊടുത്തു വാങ്ങി സംരക്ഷിക്കാൻ വനം വകുപ്പ് തയാറാവണമെന്ന ആവശ്യം പരിസ്ഥിതി പ്രവർത്തകർ ഉന്നയിക്കുന്നു. 10 വർഷം മുമ്പ് ഇതിന് തുടക്കം കുറിച്ചിരുന്നുവെങ്കിലും അത് യാഥാർഥ്യമായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.