പയ്യന്നൂർ: വീടുവിട്ട് ഇറങ്ങിപ്പോയ അമ്മക്കുമുന്നിൽ വർഷങ്ങൾക്കുശേഷം മകൻ എത്തിയപ്പോൾ വൈകാരിക രംഗങ്ങൾക്കാണ് പിലാത്തറ ഹോപ്പിെൻറ മുറ്റം സാക്ഷ്യം വഹിച്ചത്. കർണാടക ബിജാപ്പൂരിലെ ഷണ്മുഖത്തിനാണ് പിലാത്തറ ഹോപ് പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസിയായി കഴിയുകയായിരുന്ന അമ്മ മധുമതിയെ തിരിച്ചുകിട്ടിയത്.
2019 ഒക്ടോബർ 31ന് സുഹൃത്തിനെ യാത്രയാക്കാൻ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു ഹോപ് മാനേജിങ് ട്രസ്റ്റി കെ.എസ്. ജയമോഹൻ. സ്റ്റേഷനിൽ അവശനിലയിൽ കണ്ടെത്തിയ സ്ത്രീക്ക് തണലൊരുക്കാൻ സഹായിക്കണമെന്ന പയ്യന്നൂർ പൊലീസിെൻറ അഭ്യർഥന പ്രകാരം പൊലീസും ഹോപ്പും ചേർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാർക്കിൻസൺസ് രോഗവും അൽഷിമേഴ്സും മാനസിക പ്രശ്നങ്ങളുമുള്ള, കന്നഡ മാത്രം സംസാരിക്കുന്ന ഇവരുടെ കുടുംബത്തെ കണ്ടെത്താൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു. ഒടുവിൽ മെഡിക്കൽ കോളജ് അധികൃതരുടെ അപേക്ഷയിൽ കണ്ണൂർ ലീഗൽ സർവിസ് സൊസൈറ്റി സെക്രട്ടറിയുടെ നിർദേശാനുസരണം ഇവരെ നവംബറിൽ പിലാത്തറ ഹോപ് പുനരധിവാസ കേന്ദ്രത്തിൽ എത്തിച്ച് ചികിത്സയും പരിചരണവും നൽകിവരുകയായിരുന്നു.
ആരോഗ്യനിലയും മനോനിലയും അൽപം മെച്ചപ്പെട്ടപ്പോൾ, ഹോപ്പിൽ കൗൺസലിങ് സഹായിയും വളരെക്കാലം കർണാടകയിൽ താമസിച്ചിരുന്നയാളുമായ രാജശ്രീ വിജയകുമാറിെൻറ പരിശ്രമഫലമായി ഇവരുടെ ബിജാപ്പൂരിലുള്ള കുടുംബത്തെക്കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു. രണ്ടാമത്തെ മകനായ ഷണ്മുഖത്തിെൻറ മൊബൈൽ നമ്പർ കണ്ടെത്തിയ ശേഷം പൊലീസുമായി ചേർന്ന് ഷണ്മുഖനുമായി ബന്ധപ്പെട്ട് ഹോപ്പിൽ എത്തിക്കുകയായിരുന്നു.
തുടർന്ന് ശനിയാഴ്ച പരിയാരം സി.െഎ കെ.വി. ബാബുവിെൻറ സാന്നിധ്യത്തിൽ മധുമതിയെ കർണാടകയിലുള്ള കുടുംബത്തിലേക്ക് മടക്കിയയച്ചു.
ഇവരുടെ തുടർ ചികിത്സക്കും പുനരധിവാസത്തിനുമുള്ള പൂർണ പിന്തുണ തുടർന്നും ഹോപ്പിൽ നിന്നുണ്ടാകുമെന്ന് കുടുംബത്തിന് ഉറപ്പുനൽകിയാണ് യാത്രയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.