പയ്യന്നൂർ: മാസം പകുതി പിന്നിടുമ്പോഴും ശമ്പളമില്ലാതെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ജീവനക്കാര്‍. ജനുവരി മാസത്തെ ശമ്പളം കിട്ടാതെ വലയുകയാണ് ഡോക്ടർമാർ ഉൾപ്പെടെ രണ്ടായിരത്തോളം വരുന്ന ജീവനക്കാർ. മാസം ലഭിക്കുന്ന ശമ്പളം കൊണ്ട് മാത്രം ജീവിക്കുന്ന നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത്.
വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്പകളും എല്‍.ഐ.സി ഉള്‍പ്പെടെ പ്രതിമാസം അടക്കേണ്ട തുകകളുമൊന്നും അടക്കാന്‍ സാധിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു. താഴേത്തട്ടിലുള്ള ജീവനക്കാർ, എങ്ങനെയാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകേണ്ടതെന്നറിയാത്ത നിലയിലാണ്. അതേസമയം മെഡിക്കല്‍ കോളജിൽ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം ലഭിക്കുകയും ചെയ്യുന്നുണ്ട്.
സർക്കാർ ഫണ്ട് അനുവദിക്കാത്തതിനാലാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാവാത്തതെന്ന് പ്രിന്‍സിപ്പൽ അറിയിച്ചതായി എന്‍.ജി.ഒ അസോസിയേഷന് മെഡിക്കല്‍ കോളജ് യൂനിറ്റ് ഭാരവാഹികള്‍ പറഞ്ഞു. ജനുവരി മാസ ശമ്പളം ഇതുവരെയും ലഭിക്കാത്ത സാഹചര്യത്തിലാണ് അസോസിയേഷന് പ്രതിനിധികള്‍ പ്രിന്‍സിപ്പലിനെ കണ്ട് പരാതിപ്പെട്ടത്.
സര്‍ക്കാറിന്റെ കണക്കില്‍ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് മറ്റു മെഡിക്കല്‍ കോളജുകളുടെ കണക്കിൽപെടാത്തതിനാലാണ് ഈ വിവേചനമെന്ന് ജീവനക്കാര്‍ പറയുന്നു. മറ്റുള്ളവര്‍ക്ക് കൊടുത്തശേഷം ബാക്കിയുണ്ടെങ്കില്‍ തരാമെന്ന നിലപാട് അംഗീകരിക്കാനാവില്ല. ഡിസംബര്‍ മാസം മുതല്‍ തന്നെ ഫെബ്രുവരി മാസത്തെ ശമ്പളകാര്യം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയപ്പോൾ ശരിയാക്കാമെന്ന് പറഞ്ഞുവെങ്കിലും ശമ്പളം ഇതുവരെ ലഭിച്ചില്ലെന്ന് ജീവനക്കാർ പറയുന്നു.
ശമ്പളം എപ്പോള്‍ തരാനാകുമെന്ന് ഇപ്പോഴും പറയാന്‍ കഴിയാത്ത അവസ്ഥയാണെന്നും ജീവനക്കാരുടെ പ്രതിനിധികള്‍ പറയുന്നു. മന്ത്രിയെയും ഉദ്യോഗസ്ഥ മേധാവികളെയും കണ്ട് ജീവനക്കാരുടെ വിഷമസ്ഥിതി അറിയിക്കുമെന്നാണ് പ്രിന്‍സിപ്പൽ പറഞ്ഞതത്രെ. സര്‍ക്കാര്‍ ഏറ്റെടുത്ത നാള് മുതല്‍ തുടങ്ങിയ ജീവനക്കാരുടെ ദുരിതം രണ്ടുവര്‍ഷം പിന്നിട്ടിട്ടും തുടരുകയാണ്. അന്നുമുതലുള്ള ആനുകൂല്യം തടഞ്ഞുവെച്ചുവെന്നു മാത്രമല്ല ശമ്പളം മാസാമാസം സമയബന്ധിതമായി ലഭിക്കുന്നുമില്ല. ജീവനക്കാരുടെ ജീവിതം നരകതുല്യമായിക്കൊണ്ടിരിക്കുന്നു. പ്രത്യേകിച്ചും കോവിഡ് ഡ്യൂട്ടിചെയ്യുന്നവര്ക്കുപോലും ശമ്പളം നല്‍കാതെ കഷ്ടപ്പെടുത്തുന്നത് സമാനതകളില്ലാത്ത ക്രൂരതയാണെന്ന് ജീവനക്കാര്‍ പറയുന്നു.
കടം വാങ്ങിയും പണയം വെച്ചും എത്രകാലം മുന്നോട്ടുപോകുമെന്ന് അറിയാത്ത അവസ്ഥയിലാണ് തങ്ങളെന്നാണ് ജീവനക്കാരുടെ പരിദേവനം. കുട്ടികള്‍ മുതല്‍ രക്ഷിതാക്കള്‍ വരെ ഭക്ഷണവും മരുന്നും മറ്റ് ഉപജീവന മാര്‍ഗങ്ങളുമില്ലാതെ വലയുന്നു-എന്‍.ജി.ഒ അസോസിയേഷന് മെഡിക്കല്‍ കോളജ് യൂനിറ്റ് പ്രസിഡന്റ് പി.ഐ. ശ്രീധരനും ജന. സെക്രട്ടറി യു.കെ. മനോഹരനും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.