പയ്യന്നൂർ ആർട്ട് ഗാലറിയിലെ ‘ഒറുണ്ട്’ സംഘ ചിത്രപ്രദർശനത്തിന് അമ്മമാർ തിരികൊളുതുന്നു

'ഒറുണ്ടി'ന് അമ്മമാർ തിരികൊളുത്തി; ആർട്ട് ഗാലറിയിൽ നിറവിസ്മയത്തിന്റെ നീരുറവ

പയ്യന്നൂർ: പ്രകൃതി നിർമിതമായ ഉറവ ശേഖരത്തി​ന്റെ ചെറുകുഴികളാണ് കാസർകോടുകാർക്ക് ഒറുണ്ട്. ഒറുണ്ട് എന്ന പേരിൽ ഭാഷാ സംഗമഭൂമികയിൽ ഒരുപാട് ദേശങ്ങൾ ഉണ്ട്. ഈ ദേശക്കാഴ്ചകളുടെ ഉറവകൾ ഇനി ഒരു വാരം പയ്യന്നൂരുകാർക്ക് സ്വന്തം. പയ്യന്നൂർ ഗാന്ധി പാർക്കിലെ ലളിതകലാ അക്കാദമിയിൽ ആരംഭിച്ച ഒറുണ്ട് എന്ന പേരിലുള്ള ചിത്രപ്രദർശനമാണ് ദേശത്തിൻ്റെ വർണ്ണക്കാഴ്ചകൾ കൊണ്ട് സമ്പുഷ്ടമാവുന്നത്.

ആർട്ട് ഗാലറിയിൽ സംഘചിത്രപദർശനം വ്യാഴാഴ്ച രാവിലെയാണ് ആരംഭിച്ചത്. പത്തോളം അമ്മമാർ ചേർന്ന് ചിരാത് തെളിയിച്ച് പ്രദർശന ഉദ്ഘാടനം നിർവ്വഹിച്ചു. പ്രശസ്ത ചിത്രകാരൻമാരായ വിനോദ് അമ്പലത്തറ, സചീന്ദ്രൻ കാറഡുക്ക, രതീഷ് കക്കാട്ട്, പ്രസാദ് കാനത്തുങ്കാൽ എന്നിവരുടെ ഏറ്റവും പുതിയ സൃഷ്ടികളാണ് പ്രദർശനത്തിലുളളത്.

വിനോദ് അമ്പലത്തറ കാസർകോട് ജില്ലയിലെ ചെക്യാർപ്പ്, പന്നിക്കുന്ന് പ്രദേശങ്ങളിൽ സഞ്ചരിച്ച് വരച്ച ലൈവ് പെയിന്റിംഗുകളും ഡ്രോയിങ്ങുകളുമാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. റൈസ് പേപ്പറിൽ മഷി ഉപയോഗിച്ച് രേഖകളിലൂടെയും നിറങ്ങളിലൂടെയും പ്രകൃതിയെ ചിത്രീകരിക്കുന്ന സചീന്ദ്രൻ കാറഡുക്ക മലയാളത്തിലെ പ്രമുഖ മാസികകളിൽ പ്രസിദ്ധീകരിച്ച തന്റെ രേഖാചിത്രങ്ങളുടെ ഇൻസ്റ്റലേഷൻ കൂടി പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് പൊതിഞ്ഞ കുഞ്ഞുവീടുകളും കുന്നിൻ ചെരിവുകളും മനുഷ്യരും അടങ്ങുന്ന പ്രസാദ് കാനത്തുങ്കാലിന്റെ ചിത്രങ്ങളിൽ പോയ രണ്ട് വർഷക്കാലത്തെ നിറംമങ്ങിയ മനുഷ്യജീവിതത്തിന്റെ അതിജീവനത്തെ അടയാളപ്പെടുത്തുന്നു.

ഗ്രാമക്കാഴ്ചകളാണ് രതീഷിൻ്റെ വിഷയം. കുന്നുകളും താഴ്‌വരകളും ചെറുവീടുകളും ബാല്യകാല ഒർമ്മകളും വളളിപ്പടർപ്പുകൾക്കും പൂക്കൾക്കുമിടയിൽ ചിത്രീകരിക്കുന്ന രതീഷ് കക്കാട്ടിന്റെ രേഖാചിത്രങ്ങൾ ഗൃഹാതുരത്വത്തിൻ്റെ ദീപ്തസ്മൃതികൾ പങ്കുവെക്കുന്നു. സ്വന്തം ദേശത്തിന്റെ സാംസ്കാരിക ഭൂപ്രകൃതിയെ വരകളിലൂടെയും വർണ്ണങ്ങളിലൂടെയും പഠനവിധേയമാക്കുകയാണ് നാല് ചിത്രകാരൻമാരുമെന്നത് ഈ വർണ്ണക്കാഴ്ചകളെ തെല്ലൊന്നുമല്ല വ്യതിരിക്തമാക്കുന്നത്. പ്രദർശനം 19 ന് സമാപിക്കും.




Tags:    
News Summary - Orund painting exhibition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.