പയ്യന്നൂർ: രാജ്യത്തിന്റെ കായിക ചരിത്രത്തിൽ അടയാളപ്പെടാൻ ഇനി കണ്ണൂർ പരിയാരവും. രാജ്യാന്തര നിലവാരത്തിലുള്ള കളിസ്ഥല നിർമിതി അന്തിമഘട്ടത്തിലാണ്. ഖേലോ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന മൈതാനത്തിൽ സിന്തറ്റിക് ട്രാക്കിൽ അടയാളമിട്ടു.
സിന്തറ്റിക് ട്രാക്കിന്റെ വര അടയാളപ്പെടുത്താൻ പരിയാരത്തെത്തിയത് രാജ്യാന്തര കായിക താരം എന്നതും ചരിത്രം. 1992ലെ ബാഴ്സലോണ ഒളിമ്പിക്സിലും 96 അറ്റ്ലാന്റ ഒളിമ്പിക്സിലും എസ്തോണിയ എന്ന രാജ്യത്തെ പ്രതിനിധാനംചെയ്ത് പുരുഷവിഭാഗം പോള്‍ വാള്‍ട്ടില്‍ മത്സരിച്ച വലേറി ബുക്കറേയ് ആണ് കണ്ണൂർ ഗവ. മെഡിക്കല്‍ കോളജിൽ യാഥാർഥ്യമാവുന്ന ഖേലോ ഇന്ത്യ സിന്തറ്റിക് ട്രാക്കിന്റെ ലൈന്‍ മാര്‍ക്കിങ്ങിനായി എത്തിയത്.
പരിയാരത്ത് സിന്തറ്റിക് ട്രാക്ക് നിര്‍മാണക്കരാര്‍ ഏറ്റെടുത്ത ന്യൂഡല്‍ഹി സിന് കോട്ട്സ് ഇന്റര്‍നാഷനല്‍ കമ്പനിയുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലേക്കു വന്നതെന്നും ഇന്ത്യയില്‍ ഇതുപോലുള്ള 90 സിന്തറ്റിക് ട്രാക്കുകള്‍ നിര്‍മാണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ഇത് ഇന്ത്യന്‍ സ്പോര്‍ട്സിലെ വലിയ അത്ഭുതമാണെന്നും വലേറി കൂട്ടിച്ചേര്‍ത്തു. പരിയാരത്ത് എത്തി പ്രവൃത്തി ആരംഭിച്ച വലേറി മാര്‍ക്കിങ് പൂര്‍ത്തിയാക്കി വ്യാഴാഴ്ച വൈകീട്ട് മടങ്ങി. യു.എസ്.എ ആസ്ഥാനമായി പ്രവർത്തിക്കുന്ന വലേറി തന്നെ പ്രസിഡന്റായ കാന്സ്റ്ററ്റ് കമ്പനിയാണ് മാര്‍ക്കിങ്ങിന്റെ ചുമതല ഏറ്റെടുത്തത്.
യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ഗുഡ് വില്‍ ഗെയിംസിലും പോള്‍ വാള്‍ട്ടില്‍ സ്വർണ മെഡല്‍ നേടിയ വലേറി 93ല്‍ സ്റ്റുഗര്‍ട്ടില്‍ നടന്ന ലോക അത്ലറ്റിക്സ് മീറ്റില്‍ ഏഴാമതായിരുന്നു. വലേറിയുടെ പേഴ്സനല്‍ ബെസ്റ്റ് ജംപായ 5.85 മീറ്റര്‍ ഉയരമാണ് ഇപ്പോഴും എസ്തോണിയ രാജ്യത്തിന്റെ നാഷനല്‍ റെക്കോഡ്.
കേന്ദ്ര സര്‍ക്കാറിന്റെ ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ലഭിച്ച ഏഴുകോടി രൂപ ചെലവിലാണ് 400 മീറ്റര്‍ സിന്തറ്റിക് ട്രാക്കും സ്പോര്‍ട്സ് പവലിയനും ഒരുക്കിയിട്ടുള്ളത്. മുന്‍ എം.എല്‍.എ ടി.വി. രാജേഷിന്റെ ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 60 ലക്ഷം ഉപയോഗിച്ചാണ് നാച്വറല്‍ ഫുട്ബാള്‍ ഗ്രൗണ്ട് നിർമിച്ചത്. വലേറി ബുക്കറേവിനെ ടി.വി. രാജേഷ് സ്റ്റേഡിയത്തിലെത്തി സന്ദര്‍ശിച്ചു. കളിസ്ഥലത്തിന്റെ നിലവാരത്തിൽ സംതൃപ്തിയറിയിച്ചാണ് വലേറി മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.