പയ്യന്നൂർ: ദേശീയപാത വികസിപ്പിക്കുന്നതിന്റെ ഭാഗമായി നിർമിച്ച സർവിസ് പാതയുടെ പരിമിതി അറിയാതെയുള്ള ഗതാഗതം ക്ഷണിച്ചു വരുത്തുന്നത് വൻദുരന്തം. പാത ഇടുങ്ങിയതും ബസ്സ്റ്റാൻഡിലേക്കും മറ്റും കയറുന്നതിനുള്ള പരിമിതമായ സൗകര്യവും മനസ്സിലാക്കാതെയുള്ള ഡ്രൈവിങ്ങാണ് അപകടക്കെണിയാവുന്നത്.
ഞായറാഴ്ച രാവിലെ പിലാത്തറയിൽ ഉണ്ടായ അപകടം ഈ പരിമിതിയുടെ പരിണതിയാണെന്ന് നാട്ടുകാർ പറയുന്നു. രാവിലെ ജോലിക്കു പോവുകയായിരുന്ന യുവാവിനാണ് പാതയിൽ ജീവിതം നഷ്ടപ്പെട്ടത്. ഒരു കുടുംബത്തിന്റെ പ്രതീക്ഷ കൂടിയാണ് പാതയിൽ പൊലിഞ്ഞത്. സർവിസ് റോഡ് വൺവേയാണെങ്കിലും വീതി കുറവാണ്. ഇതിൽ മറികടക്കാനുള്ള ശ്രമം അപകടം ക്ഷണിച്ചു വരുത്തുന്നു.
മാത്രമല്ല, റോഡരികിൽ വികസനപാതക്കു വേണ്ടിയെടുത്ത വലിയ കുഴികളോ മൺതിട്ടകളോ കൂട്ടിയിട്ട മൺകൂനയോ ഇല്ലാത്തയിടം വിരളം. അശ്രദ്ധമായ ഡ്രൈവിങ്ങാണെങ്കിൽ അപകടം ഉറപ്പാണ്. ഇതിനു പുറമെ ഇടക്കിടക്ക് പാത മാറി യാത്ര ചെയ്യേണ്ട ഭാഗങ്ങളുമുണ്ട്. ഇതും ബുദ്ധിമുട്ടുണ്ടാക്കുന്നു.
ഇടറോഡുകൾ, ബസ്സ്റ്റാൻഡ് എന്നിവിടങ്ങൾക്കു സമീപത്തെ ഹമ്പുകളും കെണിയൊരുക്കുന്നു. മിക്ക ഹമ്പുകളിലെയും അടയാളങ്ങൾ പൊടിനിറഞ്ഞ് കാണാതായി.
ശനിയാഴ്ച ഏഴിലോടിന് സമീപം ചരക്കു ലോറിയും ടിപ്പറും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു. അപകടം ദേശീയ പാതയിൽ ഏറെനേരം ഗതാഗതക്കുരുക്കിന് കാരണമായി. പാതയിൽ തടസ്സമുണ്ടായാൽ റോഡരികിൽ കാണുന്ന സ്ഥലത്തു കൂടി വാഹനങ്ങൾ പായിക്കുന്നവരും നിരവധിയാണ്.
ശനിയാഴ്ച അപകട സമയത്ത് ഈ രീതിയിൽ വാഹനമോടിച്ച ഡ്രൈവറെ സ്ഥലത്തുണ്ടായിരുന്ന പയ്യന്നൂർ ഡിവൈ.എസ്.പി താക്കീത് ചെയ്യുകയുണ്ടായി. പലപ്പോഴും ഇത്തരം ക്ഷമയില്ലായ്മ വൻ ദുരന്തത്തിന് കാരണമാവുമെന്ന് പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.