പയ്യന്നൂർ: കഴിഞ്ഞ വിഷുപ്പിറ്റേന്ന് പോത്താങ്കണ്ടം ആനന്ദ ഭവനത്തിൽ നിന്ന് ഇഫ്താർ കഴിഞ്ഞുമടങ്ങുമ്പോൾ മാമുക്കോയ സ്വാമി കൃഷ്ണാനന്ദ ഭാരതിയോട് കഥകളിയരങ്ങ് വാർഷികത്തിന്റെ തീയതി ചോദിച്ചു. മേയ് 28 എന്ന് സ്വാമി മറുപടി പറഞ്ഞപ്പോൾ ഞാൻ വരുമെന്ന് പറയുകയും അപ്പോൾ തന്നെ ഡയറിയിൽ കുറിച്ചിടുകയും ചെയ്തു.
എന്നാൽ, കലയുടെ സംഗമത്തിൽ ചിരിയുടെ മാലപ്പടക്കം കൊളുത്താൻ കലയുടെ സുൽത്താൻ ഇനി വരില്ല. ആ അസാന്നിധ്യം പയ്യന്നൂരിനും സ്വാമി കൃഷ്ണാനന്ദ ഭാരതിക്കും സമ്മാനിച്ച ഹൃദയവേദന ചെറുതല്ല. 22 വർഷത്തെ ഹൃദയബന്ധത്തിനാണ് തിരശ്ശീല വീണതെന്ന് സ്വാമി കൃഷ്ണാനന്ദ ഭാരതി ‘മാധ്യമ’ത്തോട് പറഞ്ഞു.
കുംഭമാസത്തിലെ മീനം നാളിൽ സ്വാമിയുടെ പിറന്നാളിന് സ്ഥിരമായി എത്താറുണ്ട്. ആരും ക്ഷണിക്കാതെ തന്നെ സിനിമ ചിത്രീകരണം ഒഴിവാക്കിയാണ് എത്തിയിരുന്നത്. സ്വയം കുറിച്ചിടും തീയതി. ഓർമിച്ച് തിരക്കുകൾ മാറ്റി ഒരു പകൽ മുഴുവൻ ആനന്ദഭവനത്തിൽ ചെലവഴിക്കും.
ഇതിനുപുറമേ തുരീയം സംഗീതോത്സവം, നവരാത്രി, എല്ലാ വർഷവും നടത്താറുള്ള ഇഫ്താർ വിരുന്ന്, കഥകളിയരങ്ങ് വാർഷികം തുടങ്ങിയ പരിപാടികളിലെല്ലാം മാമുക്കോയ പങ്കെടുക്കാറുണ്ട്. അടുത്ത കാലത്തായി സത്കലാപീഠത്തിന്റെ നേതൃത്വത്തിൽ നടന്ന ടി. പത്മനാഭന്റെ പിറന്നാൾ ആഘോഷത്തിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. കോഴിക്കോട് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ദേശങ്ങളിലൊന്ന് പയ്യന്നൂരാണെന്ന് അദ്ദേഹം പറയാറുണ്ട്.
അതിന്റെ കാരണം കലയുടെയും സംസ്കാരത്തിന്റെയും നാടാണ് പയ്യന്നൂർ എന്നതു തന്നെയാണ്. ഏറെ തിരക്കുള്ള നടനാവുമ്പോഴും വർഷത്തിൽ നാലോ അഞ്ചോ തവണ പയ്യന്നൂരിലെത്തും. ഇതിൽ മിക്കപ്പോഴും വേദിയിൽ കയറാതെ സദസ്സിലിരുന്ന് സാധാരണക്കാരോടൊപ്പം കഥകളിയും ഇതര ക്ലാസിക്കൽ കലകളും ആസ്വദിച്ച് മടങ്ങും. താരജാഡയില്ലാത്ത ഈ സാന്നിധ്യമാണ് പയ്യന്നൂരിന് അന്യമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.