പയ്യന്നൂർ: പെട്രോൾ പമ്പിൽ ജോലി ചെയ്ത് മകളെ രാജ്യത്തെ ഒന്നാം നമ്പർ സ്ഥാപനത്തിൽ പെട്രോകെമിക്കൽ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദ പഠനത്തിലെത്തിച്ച അച്ഛനും പരിമിതിയെ ഇന്ധനമാക്കിയ മകൾക്കും സമൂഹമാധ്യമങ്ങളിൽ അഭിനന്ദനം. ട്വിറ്ററിൽ അച്ഛനെയും മകളെയും അഭിനന്ദിച്ചവരുടെ കൂട്ടത്തിൽ കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹർദീപ് സിങ് പുരിയും. പയ്യന്നൂർ ടൗണിലെ ഇന്ത്യൻ ഓയിൽ കോർപറേഷെൻറ കീഴിലുള്ള പമ്പിലെ ജീവനക്കാരൻ പയ്യന്നൂർ അന്നൂർ സ്വദേശി എസ്. രാജഗോപാലിെൻറയും ബജാജ് മോട്ടോർസിലെ ജീവനക്കാരി കെ.കെ. ശോഭനയുടെയും മകളായ ആര്യ രാജഗോപാലാണ് പഠനമികവിൽ സമൂഹത്തിെൻറ ആദരവ് പിടിച്ചുപറ്റിയ മിടുക്കി.
കണ്ടങ്കാളി ഷേണായി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു പഠനത്തിനുശേഷം കോഴിക്കോട് എൻ.ഐ.ടിയിൽനിന്നും പെട്രോ കെമിക്കൽ എൻജിനീയറിങ്ങിൽ ബി.ടെക് ഉന്നത മാർക്കോടെ വിജയിക്കുകയും ഇപ്പോൾ കാൺപുർ ഐ.ഐ.ടിയിൽ രണ്ടാം വർഷ ബിരുദാനന്തര ബിരുദ പഠനം നടത്തുകയുമാണ് ആര്യ. പഠിപ്പിച്ച അധ്യാപകർ ഉൾപ്പെടെ ആര്യയെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ കുറിപ്പിട്ടതോടെ നേട്ടം പെട്ടെന്ന് വൈറലായി. കേന്ദ്ര പെട്രോളിയം മന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ ആര്യയുടെ വാർത്ത ട്വിറ്ററിലൂടെ ഷെയർ ചെയ്തു. 'ഹൃദയം നിറഞ്ഞ സന്തോഷം. ഇത് ഐ.ഒ.സിക്കും പെട്രോളിയം മന്ത്രാലയത്തിനും അഭിമാനകരം'- മന്ത്രി കുറിച്ചു. വാർത്ത കണ്ട മലയാളികൾ അത് സമൂഹ മാധ്യമങ്ങളിലൂടെ ഏറ്റെടുത്തു. കഴിഞ്ഞ 20 വർഷമായി രാജഗോപാൽ പെട്രോൾ പമ്പിൽ ജോലി ചെയ്യുന്നു. ഇതുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് അഭിനന്ദന പ്രവാഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.