പയ്യന്നൂർ: നിർമാണത്തിലെ അപാകത കാരണം വെള്ളൂരിൽ ദേശീയപാതയിലെ ഗതാഗതം പ്രതിസന്ധിയിലേക്ക്. ഒറ്റമഴയിൽ തന്നെ പാത ചളിക്കുളമായി. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ ചെറുവാഹനങ്ങളുടെ ഗതാഗതം സാധ്യമല്ലാതായ സ്ഥിതിയാണ്. ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുന്ന വിധത്തിലുള്ള വെള്ളൂരിലെ ദേശീയപാത നിർമാണത്തെപ്പറ്റി വേനൽക്കാലത്തുതന്നെ ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു.
മറ്റു സ്ഥലങ്ങളിൽ സർവിസ് റോഡ് നിർമാണം കഴിഞ്ഞ് വാഹനങ്ങൾ തിരിച്ചുവിട്ട ശേഷമാണ് പ്രധാന പാത വികസനം ആരംഭിക്കുന്നത്. എന്നാൽ, ഇവിടെ മിക്കയിടങ്ങളിലും സർവിസ് റോഡിന്റെ നിർമാണം പൂർത്തിയായിട്ടില്ല. പ്രധാനപാതയുടെ മധ്യത്തിലൂടെയാണ് വാഹനങ്ങൾ പോകുന്നത്. ഇരുഭാഗത്തും വലിയ ഉയരത്തിൽ മണ്ണ് കൂട്ടിയിടുകയും ചെയ്തിട്ടുണ്ട്.
മഴ പെയ്ത് മണ്ണൊലിച്ച് പാതയിലെത്തിയതോടെയാണ് ഗതാഗതം ദുരിതമയമായത്. മാത്രമല്ല, ഭൂനിരപ്പിൽനിന്ന് ഒന്നര മീറ്ററിലേറെ ഉയരത്തിലാണ് ഇവിടെ ഓവുചാലും സർവിസ് റോഡും പണിയുന്നത്. ഇത്രയും ഉയർത്തി സർവിസ് റോഡ് പണിയുന്നത് യാത്രക്കാർക്കും നാട്ടകാർക്കും വലിയ പ്രയാസമാണുണ്ടാക്കുക.
ഡ്രയ്നേജിന്റെ ഉയരം കാരണം ഇരുവശത്തും മതിൽ രൂപം കൊള്ളുകയായിരുന്നു. ഇതാണ് ഇടിയുന്നത്. മഴക്കാലത്ത് പരിസരങ്ങളിലെ വെള്ളം ഡ്രയ്നേജിലേക്ക് ഒഴുകിപ്പോകുന്നതിന് സൗകര്യമില്ല. ഇത് വെള്ളക്കെട്ടും അപകടവും വരുത്തിവെക്കുമെന്നും നേരത്തേപരാതി ഉയർന്നിരുന്നു.
പ്രാദേശികമായ ഭൂമിശാസ്ത്രം പരിഗണിക്കാതെയും ജനങ്ങളുമായി ആശയവിനിമയം നടത്താതെയുമുള്ള നിർമാണ പ്രവൃത്തിയാണ് ദുരിതം ക്ഷണിച്ചുവരുത്തിയത്. ഒരു ദിവസത്തെ മഴയിൽ തന്നെ പാത പൂർണമായും ചളിക്കുളമായി മാറിയ സ്ഥിതിക്ക് കാലവർഷം കനക്കുന്നതോടെ പയ്യന്നൂർ-കാഞ്ഞങ്ങാട് പാതയിൽ ഗതാഗതം പൂർണമായും നിർത്തേണ്ട സ്ഥിതിയുണ്ടാവുമെന്ന് നാട്ടുകാർ പറയുന്നു.
വിഷയം നേരത്തേ തന്നെ രാഷ്ട്രീയ പാർട്ടികളും വിവിധ സംഘടനകളും ദേശീയപാത അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്ക് നൽകിയ ഉറപ്പും വെള്ളത്തിലായതായി നാട്ടുകാർ പറയുന്നു. ഒരു കിലോമീറ്ററോളം ദൂരത്തിലാണ് ദുരിതപാത രൂപം കൊണ്ടതെന്നും ഇതിന് അടിയന്തരമായി ശാസ്ത്രീയ പരിഹാരം വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.