പയ്യന്നൂർ: നിയമസഭ പരിസ്ഥിതി കമ്മിറ്റിക്ക് മുമ്പാകെ പരാതി ബോധിപ്പിക്കാനെത്തിയ കെ. റെയിൽ പ്രതിരോധസമിതി പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. സംഘർഷമൊഴിവാക്കുന്നതിെൻറ ഭാഗമായി മുൻകരുതലെന്ന നിലക്കാണ് പൊലീസ് നടപടി.
പയ്യന്നൂർ കൊറ്റി ഗവ. ഗെസ്റ്റ് ഹൗസിൽ സിറ്റിങ്ങിനെത്തിയ നിയമസഭ പരിസ്ഥിതി സമിതിയുടെ മുന്നിൽ പരാതി കൊടുക്കാനെത്തിയ കെ. റെയിൽ സിൽവർലൈൻ പ്രതിരോധ സമിതി പ്രവർത്തകരെയാണ് ബുധനാഴ്ച വൈകീട്ട് പയ്യന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രവർത്തകരായ കെ.സി. ഹരിദാസ്, അപ്പുക്കുട്ടൻ കാരയിൽ, പത്മനാഭൻ കുന്നരു, കെ.പി. വിനോദ്, വി.കെ. അമർനാഥ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
പരിസ്ഥിതിവിഷയങ്ങൾ പഠിച്ച് സർക്കാറിന് റിപ്പോർട്ട് നൽകാൻ നിയമസഭ അംഗങ്ങളെ ഉൾപ്പെടുത്തി നിയമസഭ പരിസ്ഥിതി സമിതി കേരളത്തിൽ രൂപം കൊണ്ടതുതന്നെ, മാടായിപ്പാറ സംരക്ഷിക്കാനുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ്. ഇങ്ങനെയൊരു സമിതിക്ക് മുന്നിൽ വൻ പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുന്ന കെ. റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ പരാതിപ്പെടാൻപോലും ജനങ്ങളെ അനുവദിക്കാത്ത പൊലീസ് നടപടി തികച്ചും ജനാധിപത്യ വിരുദ്ധമാണെന്ന് സമിതി കുറ്റപ്പെടുത്തി.
നിയമസഭ പരിസ്ഥിതി സമിതിക്ക് മുമ്പാകെ പരാതി കൊടുക്കാനെത്തിയ കെ റെയിൽ സിൽവർ ലൈൻ പ്രതിരോധ പ്രവർത്തകരായ അപ്പുക്കുട്ടൻ കാരയിൽ, കെ.സി. ഹരിദാസ്, പത്മനാഭൻ കുന്നരു, കെ.പി. വിനോദ്, വി.കെ. അവർനാഥ് എന്നിവരെ അറസ്റ്റ് ചെയ്ത ജനാധിപത്യവിരുദ്ധമായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കെ. റെയിൽ സിൽവർ ലൈൻ പ്രതിരോധസമിതി പയ്യന്നൂരിൽ പ്രതിഷേധ പ്രകടനം നടത്തി. എൻ. സുബ്രഹ്മണ്യൻ, വിനോദ് കുമാർ രാമന്തളി, പി.എം. ബാലകൃഷ്ണൻ, നിശാന്ത് പരിയാരം, പി. മുരളീധരൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.