പയ്യന്നൂർ: മെക്കാഡം ടാറിങ് പൂർത്തിയായ റോഡിൽ വൻ കുഴി രൂപപ്പെട്ടു. കണ്ണൂർ കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ ചന്തപ്പുര- മെഡിക്കൽ കോളജ് റോഡിൽ തുമ്പോട്ടയിലാണ് ടാറിങ്ങിനു ശേഷം വൻ ഗർത്തം രൂപപ്പെട്ടത്.
ചൊവ്വാഴ്‌ച ഉച്ചയോടെയാണ് റോഡ് ഇടിഞ്ഞ് താണത്. ഒരാൾ പൊക്കത്തിലുള്ള കുഴിക്ക് ഒരു മീറ്ററിലധികം വിസ്തൃതിയുണ്ട്. ഗർത്തം രൂപപ്പെട്ട ഉടൻ നാട്ടുകാർ കണ്ടതിനാൽ വൻ ദുരന്തമാണ് വഴിമാറിയത്. അറിയാതെ വാഹനങ്ങൾ എത്തിയിരുന്നുവെങ്കിൽ കുഴിയിലേക്ക് താഴുമായിരുന്നു. കഴിഞ്ഞയാഴ്ചയാണ് റോഡിന്‍റെ ടാറിങ് പൂർത്തിയായത്.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ നാട്ടുകാർ റോഡിൽ അപകട മുന്നറിയിപ്പായി കൊടി നാട്ടുകയും ഈ ഭാഗത്തേക്ക് വാഹനങ്ങൾ വരാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കുകയും ചെയ്തു. ഇതുപോലെ വൻ കുഴി റോഡിന്‍റെ മറ്റ് ഭാഗങ്ങളിലുമുണ്ടാവുമോ എന്ന ഭീതിയിലാണ് നാട്ടുകാർ. ഭൂമിക്കടിയിലെ പൈപ്പിങ് പ്രതിഭാസത്തിന്‍റെ രീതിയിലാണ് ഗർത്തം പ്രത്യക്ഷപ്പെട്ടത്. തൊട്ടടുത്ത് വീടുകളും മറ്റും ഉള്ളതിനാൽ സംഭവത്തെക്കുറിച്ച് വിദഗ്ധ പരിശോധന നടത്തണമെന്ന് പരിസരവാസികൾ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.