പയ്യന്നൂർ: 17 +23 = 30. ജീവശാസ്ത്രം ഉത്തരക്കടലാസ് നോക്കിയയാൾ ഇങ്ങനെ കൂട്ടിയിട്ടപ്പോൾ കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ധ്യാൻ കൃഷ്ണക്ക് നഷ്ടപ്പെട്ടത് ഫുൾ എ പ്ലസ്. റീ വാല്വേഷനിൽ നഷ്ടപ്പെട്ട എ പ്ലസ് തിരിച്ചു വന്നുവെങ്കിലും ഉത്തരക്കടലാസ് പരിശോധിച്ചപ്പോഴാണ് പേപ്പർ നോക്കിയ അധ്യാപകന്റെ കണക്കുകൂട്ടലിലെ പിഴയാണ് എ പ്ലസ് വൈകിയെത്താൻ കാരണമെന്ന് മനസിലായത്. കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തെ എം.വി. ഗിരീഷിന്റെയും എൻ.വി. പ്രിയയുടെയും മകനാണ് ധ്യാൻ കൃഷ്ണ. ഫുൾ എ പ്ലസ് രക്ഷിതാക്കളും അധ്യാപകരും ധ്യാനും പ്രതീക്ഷിച്ചിരുന്നു.
എന്നാൽ, റിസൽട്ട് വന്നപ്പോൾ ഒമ്പത് എ പ്ലസും ഒരു എയും. എല്ലാ വിഷയങ്ങളും നന്നായി പഠിക്കുന്ന ധ്യാനിന് ഇഷ്ട വിഷയമായ ബയോളജിയിൽ എ ലഭിച്ചത് ആർക്കും വിശ്വസിക്കാനായില്ല. അങ്ങനെയാണ് റീവാല്വേഷന് അപേക്ഷിക്കുന്നത്. ഒപ്പം 200 രൂപ അധികമടച്ച് ഉത്തരക്കടലാസും ആവശ്യപ്പെട്ടു. പുനഃപരിശോധനയിൽ ഫുൾ എ പ്ലസ് കിട്ടിയതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചുവെങ്കിലും ഉത്തരക്കടലാസിന്റെ പകർപ്പ് ലഭിച്ചപ്പോഴാണ് കടലാസ് നോക്കിയയാളുടെ കണക്കുപിഴ ബോധ്യപ്പെട്ടത്. 23ഉം 17ഉം കൂട്ടിയിട്ടത് 40ന് പകരം 30 ആയിരുന്നു. ഇതാണ് ബയോളജിയിൽ എ പ്ലസ് എ ആവാൻ കാരണമായത്.
ഇതിനിടയിൽ നാട്ടിലാകെ എപ്ലസുകാർക്ക് അനുമോദനവും മറ്റും നടന്നുകഴിഞ്ഞിരുന്നു. വൈകിയെങ്കിലും എ പ്ലസ് ലഭിക്കുകയും നഷ്ടപ്പെട്ടതിന്റെ കാരണം കണ്ടെത്താൻ സാധിക്കുകയും ചെയ്തതിന്റെ സന്തോഷത്തിലാണ് ധ്യാൻ കൃഷ്ണയും കുടുംബവും. സയൻസ് വിഷയമെടുത്ത് പഠിച്ച വിദ്യാലയത്തിൽ തന്നെ തുടർപഠനം നടത്താനാണ് തീരുമാനമെന്ന് ധ്യാൻ കൃഷ്ണ ‘മാധ്യമ’ത്തോടു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.