പയ്യന്നൂർ: കഴിഞ്ഞ വർഷം കോൺഗ്രസ് ഓഫിസായ ഗാന്ധി മന്ദിരത്തിനു മുന്നിലെ ഗാന്ധി പ്രതിമയുടെ തല തകർത്തതിന് പിന്നാലെ വീണ്ടുമൊരു ഗാന്ധി പ്രതിമ വിവാദം. പയ്യന്നൂർ ഗാന്ധി പാർക്കിൽ നഗരസഭ നിർമിച്ച ഗാന്ധി പ്രതിമയുടെ കൈയിൽ വടി തിരുകി വെച്ചതാണ് പുതിയ വിവാദം. 2018ലാണ് ഗാന്ധി പാർക്കിൽ ഉണ്ടായിരുന്ന പഴയ ഗാന്ധി പ്രതിമ മാറ്റി പുതിയ ഗാന്ധി ശിൽപം നഗരസഭ മുൻകെയെടുത്ത് നിർമിച്ചത്. ശിൽപി ഉണ്ണി കാനായിയാണ് ശിൽപം പണിതത്. ഈ ശിൽപത്തിൽ വടി ഉണ്ടായിരുന്നില്ല. ഒരു കൈ വീശി മറുകെയിൽ പുസ്തകങ്ങളുമായി നടക്കുന്ന രീതിയിലായിരുന്നു ശിൽപം. ഈ ശിൽപത്തിന്റെ കൈയിലാണ് കഴിഞ്ഞ ദിവസം മുതൽ വടി പ്രത്യക്ഷപ്പെട്ടത്. 1934ലാണ് ഗാന്ധിജി പയ്യന്നൂരിലെത്തിയത്. ഈ സന്ദർഭത്തിൽ ഗാന്ധിജി വടി ഉപയോഗിച്ചിരുന്നില്ലെന്ന് നിർമാണ സമയത്ത് സ്വാതന്ത്ര്യ സമര സേനാനി അപ്പുക്കുട്ട പൊതുവാൾ പറഞ്ഞതു പ്രകാരമാണ് വടിയില്ലാത്ത ഗാന്ധി പ്രതിമ നിർമിച്ചതെന്ന് ഉണ്ണി കാനായി പറഞ്ഞു.
വൈകീട്ട് നാലിനാണ് ഗാന്ധിജി പയ്യന്നൂരിലെത്തിയത്. അതുകൊണ്ട് ഗാന്ധിജിയുടെ അരയിൽ തിരുകി വെച്ച വാച്ചിൽ നാലു മണിയാണ് രേഖപ്പെടുത്തിയത്. വടിയില്ലാത്ത ഗാന്ധിജിക്ക് വടി നൽകിയ നടപടി ഇപ്പോൾ വീണ്ടുമൊരു ശിൽപ വിവാദത്തിന് കാരണമായി. വിഷയം ചർച്ചയായതോടെ പയ്യന്നൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സ്ഥലത്തെ നിരീക്ഷണ കാമറകൾ പരിശോധിച്ചുവെങ്കിലും ദൃശ്യങ്ങൾ വ്യക്തമല്ലെന്ന് പയ്യന്നൂർ ഡി.വൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രൻ ‘മാധ്യമ’ത്തോടു പറഞ്ഞു. പൊലീസ് പ്രാഥമികമായ അന്വേഷണം നടത്തിയെങ്കിലും കേസെടുത്തിട്ടില്ല. തിങ്കളാഴ്ച വൈകീട്ടു വരെ ആരും പരാതിയും നൽകിയിട്ടില്ല. കഴിഞ്ഞ വർഷമുണ്ടായ സി.പി.എം കോൺഗ്രസ് സംഘർഷത്തോടനുബന്ധിച്ചാണ് ഗാന്ധി മന്ദിരത്തിന് മുന്നിലെ ശിൽപത്തിന്റെ തലയറുത്തത്.
ഇത് ഏറെ പ്രതിഷേധത്തിന് കാരണമായിരുന്നു. ഈ സ്ഥലത്ത് പുതിയ ഗാന്ധി പ്രതിമ നിർമിക്കുകയും കഴിഞ്ഞ വർഷം ഒക്ടോബറിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി അനാച്ഛാദനം ചെയ്യുകയുമുണ്ടായി. അതോടെ ആ വിവാദത്തിന് തിരശ്ശീല വീണു. ഗാന്ധി പ്രതിമയിൽ വടി വെച്ച നടപടി ഗാന്ധിജിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ശിൽപി ഉണ്ണി കാനായി പ്രതികരിച്ചു. പിന്നിലുള്ളവരെ കണ്ടെത്തി നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.