കണ്ണൂർ: മുൻ കാലങ്ങളിൽ കോർപറേഷൻ പരിധിയിൽ നൽകിയ ഓട്ടോറിക്ഷകളുടെ പെർമിറ്റ് പുനഃപരിശോധിക്കണമെന്ന് ഓട്ടോറിക്ഷ തൊഴിലാളി സംരക്ഷണ സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് വെള്ളിയാഴ്ച നഗരത്തിൽ ഓട്ടോറിക്ഷകൾ 24 മണിക്കൂർ പണിമുടക്ക് നടത്തും. കണ്ണൂർ ടൗൺ മേഖലയിൽ 4144ഓളം ഓട്ടോകളാണ് സർവിസ് നടത്തുന്നത്.
ഇതിൽ കണ്ണൂർ നഗരത്തിന് പുറത്തുള്ള പ്രദേശങ്ങളിലെ ഓട്ടോകൾക്കും പെർമിറ്റ് നൽകിയിരുന്നു. ഒന്നു മുതൽ 2500 വരെയുള്ള നമ്പറുകളാണ് ഇത്തരം ഓട്ടോകൾക്ക് നൽകിയത്. ഇവർ പെർമിറ്റ് ട്രാൻസ്ഫറിനുള്ള ഫീസ് നൽകിയിട്ടില്ല. കണ്ണൂർ നഗരസഭ കോർപറേഷൻ ആയതോടെ 2017ൽ വീണ്ടും 1840 പുതിയ കെ.എം.സി നമ്പറുകൾ അനുവദിച്ചു. 320 രൂപ പെർമിറ്റ് ട്രാൻസ്ഫറിന് ഫീസ് അടച്ച് കോർപറേഷൻ പരിധിയിൽ സ്ഥിരതാമസക്കാരനാണെന്ന് കൗൺസിലർ സാക്ഷ്യപ്പെടുത്തിയ കത്ത് അടക്കം നൽകിയാണ് ഇത്രയും ഓട്ടോകൾക്ക് പെർമിറ്റ് നൽകിയത്. നേരത്തേ താലൂക്ക് അടിസ്ഥാനത്തിൽ നൽകിയ പർമിറ്റുകൾ പുനഃപരിശോധിക്കാത്തതാണ് കണ്ണൂർ നഗരത്തിൽ ഇന്നത്തെ ഓട്ടോറിക്ഷകളുടെ പ്രതിസന്ധിക്ക് കാരണമെന്നും ഭാരവാഹികൾ പറഞ്ഞു. സംരക്ഷണ സമിതി ജില്ല ജനറൽ സെക്രട്ടറി സി. ധീരജ്, അഷറഫ് ചാലാട്, ഷീബ രാജൻ, പി.സി. രാജീവൻ, എസ്. റാഷിദ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.