കണ്ണൂർ: ക്രിമിനൽ സംഘങ്ങളെയും മയക്കുമരുന്ന് ലഹരി മാഫിയയെയും പൂട്ടാൻ നഗരത്തിൽ പൊലീസിന്റെ രാത്രി പരിശോധന തുടരുന്നു. കണ്ണൂർ ടൗൺ പൊലീസ് തുടർച്ചയായ അഞ്ചാം ദിവസവും രാത്രി ശക്തമായ പരിശോധന നടത്തി അനാവശ്യമായി അലഞ്ഞുനടക്കുന്നവരെയും സാമൂഹിക വിരുദ്ധരെയും പിടികൂടി.
എ.സി.പി ടി.കെ. രത്നകുമാറിന്റെയും ടൗൺ ഇൻസ്പെക്ടർ ബിനുമോഹന്റെയും നേതൃത്വത്തിൽ വെള്ളിയാഴ്ച രാത്രി തുടങ്ങി ശനിയാഴ്ച പുലർച്ച വരെ നീണ്ട പരിശോധനയിൽ 19 പേരെയാണ് കരുതൽ തടങ്കലിലെടുത്തത്. ഇവരെ ചോദ്യം ചെയ്തു. ഇതിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരുടെ ഫോണും വിവരങ്ങളും പരിശോധിച്ചുവരികയാണ്.
കലക്ടറേറ്റ് മൈതാനിക്കു സമീപം സംശയാസ്പദമായ നിലയിൽ കണ്ടെത്തിയ ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നഗരത്തിൽ ശനിയാഴ്ച രാത്രി വൈകിയും പരിശോധന നടന്നു. അടുത്തടുത്ത ദിവസങ്ങളിൽ നഗരത്തിൽ ട്രെയിൻ തീവെപ്പും കൊലപാതകവും മറ്റു അക്രമസംഭവങ്ങളും നടന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി ശക്തമാക്കിയത്. കോർപറേഷൻ ആരോഗ്യവിഭാഗം നൈറ്റ് സ്ക്വാഡും ജനപ്രതിനിധികളും പരിശോധനയിൽ പങ്കെടുത്തു.
പഴയ ബസ് സ്റ്റാൻഡിന് പിന്നിലെ റെയിൽവേ അടിപ്പാതക്ക് സമീപത്തും പ്രസ് ക്ലബിനടുത്ത് മേൽപാലത്തിനടുത്തും അലഞ്ഞുനടന്നവരെ ചോദ്യം ചെയ്തു. ഈ ഭാഗങ്ങളിൽ സാമൂഹിക വിരുദ്ധ ശല്യം രൂക്ഷമാണ്. കടവരാന്തകളിലും ബസ് സ്റ്റാൻഡുകളിലും കിടന്നുറങ്ങിയവരെ മാറ്റി. അലഞ്ഞുതിരിഞ്ഞവരിൽ ചിലർ പൊലീസിനെ കണ്ടതോടെ ഓടിമറഞ്ഞു.
അടിക്കടി നഗരത്തിലുണ്ടാകുന്ന അനിഷ്ട സംഭവങ്ങൾ ജനങ്ങളെ അസ്വസ്ഥമാക്കിയിരുന്നു. അരക്ഷിതാവസ്ഥ നിലനിന്ന സാഹചര്യത്തിലാണ് പൊലീസ് തുടർച്ചയായ പരിശോധനയുമായി ഇറങ്ങിയത്. ഇരുട്ടിന്റെ മറവിലാണ് അക്രമങ്ങൾ അരങ്ങേറിയത്. നഗരത്തിൽ രാത്രി കറങ്ങി നടക്കുന്ന യുവാക്കളെയും വാഹനങ്ങളെയും പൊലീസ് തടഞ്ഞ് മടക്കി അയക്കുന്നുണ്ട്.
മുമ്പ് നിരവധി തവണ കുറ്റകൃത്യങ്ങൾ നടന്ന പ്രദേശങ്ങളിൽ പ്രത്യേക നിരീക്ഷണവും നടത്തുന്നുണ്ട്. കുറ്റകൃത്യങ്ങളിൽ പ്രതിയായവരെയും മയക്കുമരുന്ന് കേസിലെ പ്രതികളെയും നിരീക്ഷിച്ചുവരികയാണ്. കഴിഞ്ഞദിവസം പുലർച്ച പഴയ ബസ് സ്റ്റാൻഡിൽ സ്റ്റേഡിയത്തിന് സമീപം കവർച്ച ശ്രമം തടയുന്നതിനിടെ ലോറി ഡ്രൈവർ കുത്തേറ്റ് റോഡരികിൽ ചോരവാർന്ന് മരിച്ചിരുന്നു. കണിച്ചാര് പൂളക്കുറ്റി സ്വദേശി വടക്കേത്ത് വി.ഡി. ജിന്റോ (39) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.
സംഭവത്തിൽ സ്ഥിരം കുറ്റവാളികളായ മൂന്നുപേരാണ് ടൗൺ പൊലീസിന്റെ പിടിയിലായത്. നഗരമധ്യത്തിൽ കുറ്റവാളികളും സാമൂഹിക വിരുദ്ധരും അഴിഞ്ഞാടുകയാണെന്നും പൊലീസ് പരിശോധന കാര്യക്ഷമമല്ലെന്നും വ്യാപക പരാതി ഉയർന്നിരുന്നു. നഗരത്തിൽ സാമൂഹിക വിരുദ്ധരുടെ വേരറുക്കലാണ് ലക്ഷ്യമെന്ന് പൊലീസ് പറയുന്നു.
അതിനിടെ, പ്രാദേശിക മാധ്യമപ്രവർത്തകനും പാപ്പിനിശ്ശേരി കരിക്കൻകുളം സ്വദേശിയുമായ ഷാജി ദാമോദരന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് വ്യക്തമാക്കി. വീഴ്ചയിൽ തലക്കുണ്ടായ പരിക്കാണ് മരണകാരണം. ശരീരത്തിൽ മർദനമേറ്റ പാടുകളൊന്നും പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മൂന്നാഴ്ച മുമ്പ് പഴയ ബസ് സ്റ്റാൻഡിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഷാജി ബുധനാഴ്ചയാണ് മരിച്ചത്. നഗരത്തിൽ അക്രമികളുടെ അഴിഞ്ഞാട്ടം തുടരുന്നതിനാൽ ഷാജിയുടെ മരണം സംബന്ധിച്ച് സംശയമുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.