കണ്ണൂർ: നാട്ടിലെ റോഡിൽ നിറയെ യാത്രക്കാരുടെ നടുവൊടിക്കുന്ന കുഴികളാണ്. ദേശീയ, സംസ്ഥാന പാതകളും ചെറുറോഡുകളും തകർന്നിരിക്കുകയാണ്. കനത്തമഴയിൽ വെള്ളക്കെട്ട് ഉണ്ടായതോടെ പലയിടത്തും ടാറിളകി കുഴികൾ രൂപപ്പെട്ടു. മഴ ശക്തമാകുന്നതോടെ കുഴികളിൽ വെള്ളം നിറഞ്ഞ് ഇരുചക്രവാഹനങ്ങളടക്കം അപകടത്തിൽപെടുകയാണ്.
നിരത്തിൽ ജീവൻ പൊലിയുമ്പോഴും അധികൃതർക്ക് കുലുക്കമൊന്നുമില്ല. മഴയൊഴിയുമ്പോൾ ചില റോഡുകളിൽ കുഴിയടക്കൽ നടത്തുന്നുണ്ടെങ്കിലും പ്രാവർത്തികമാകുന്നില്ല. ദേശീയപാതക്ക് ഇപ്പോൾ താൽക്കാലിക അറ്റകുറ്റപ്പണി മാത്രമേ നടത്താൻ കഴിയൂ എന്ന നിലപാടിലാണ് അധികൃതർ. പാപ്പിനിശ്ശേരി മുതൽ താവം വരെ കുഴിയിൽ വീഴാതെ യാത്ര സാധ്യമല്ല. ആറുമാസം മുമ്പ് പൂർണമായും ഗതാഗതം അടച്ച് അറ്റകുറ്റപ്പണി നടത്തിയ പാപ്പിനിശ്ശേരി റെയിൽവേ മേൽപാലത്തിൽ വീണ്ടും കുഴികൾ രൂപപ്പെടുന്നുണ്ട്. പിലാത്തറ-പഴയങ്ങാടി-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ നിറയെ കുഴികളാണ്. വാഹനവുമായി ഇതുവഴി വരുന്നവർ ഏറെ കഷ്ടപ്പെടും. ഏറെ പരാതിക്കൊടുവിൽ താൽക്കാലികമായി കുഴിയടക്കൽ തുടങ്ങി. തലശ്ശേരി-കണ്ണൂർ ദേശീയപാതയിൽ കുഴിയടക്കൽ നടക്കുന്നുണ്ടെങ്കിലും പുതിയ കുഴികൾക്ക് കുറവൊന്നുമില്ല. പടന്നപ്പാലം ജങ്ഷനിലെ പാസ്പോർട്ട് ഓഫിസിന് മുന്നിൽ വാരിക്കുഴി അപകടഭീഷണി ഉയർത്താൻ തുടങ്ങി കാലമേറെയായി. ഇവിടെ മരക്കൊമ്പ് നാട്ടി അപകടസൂചനക്കായി നാട കെട്ടിയിരിക്കുകയാണ്. നഗരമധ്യത്തിലും റോഡുകൾ തകർന്നിരിക്കുകയാണ്. കാൾടെക്സിൽ ഇന്റർലോക്ക് പതിക്കാത്തയിടങ്ങളിൽ റോഡ് തകർന്നിട്ടുണ്ട്. ബെല്ലാർഡ് റോഡ്, ചെമ്പൂട്ടി ബസാർ ജങ്ഷൻ എന്നിവ പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. കുഴിക്കുന്ന് റോഡിൽ അടക്കം പൈപ്പിടാനായി റോഡുകീറിയത് വാഹനങ്ങൾക്ക് ഭീഷണിയാണ്. കണ്ണൂർ ഗോഖലെ റോഡ് തകർന്നുകിടന്നിട്ട് കാലമേറെയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.