കണ്ണൂർ: ഊർപ്പഴശ്ശിക്കാവ് അണ്ടർപാസ് മുതൽ എടക്കാട് പെട്രോൾ പമ്പ് വരെയുള്ള ദേശീയപാത ആറുവരി പാതയുടെ നിർമാണ പ്രവൃത്തികൾ താൽക്കാലികമായി നിർത്തിവെക്കാൻ ദേശീയപാത അതോറിറ്റി സമ്മതിച്ചതിനാൽ കണ്ണൂർ -തോട്ടട -തലശ്ശേരി റൂട്ടിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു.
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അധ്യക്ഷതയിൽ ദേശീയപാത അധികൃതരും ബസ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികളും നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.
നിർദിഷ്ട ആറുവരി ദേശീയപാത കടന്നുപോകുന്നതിനു കുറുകെ നടാലിൽ അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ടാണ് നാലു ദിവസമായി ബസ് സമരം നടത്തുന്നത്. ഇത് ജനത്തെ ദുരിതത്തിലാക്കിയിരുന്നു. ഇതിനിടെയാണ് മന്ത്രി മുൻകൈയെടുത്ത് കണ്ണൂരിൽ യോഗം ചേർന്നത്.
ബസ് ഓണേഴ്സ് അസോസിയേഷൻ, ബസ് ഓപറേറ്റേഴ്സ് കോഓഡിനേഷൻ കമ്മിറ്റി, ഒ.കെ.യു.പി സ്കൂൾ അണ്ടർ പാസ് ആക്ഷൻ കമ്മിറ്റി അംഗങ്ങൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
പ്രശ്നത്തിന്റെ പ്രസക്തമായ എല്ലാ വസ്തുതകളും കണക്കിലെടുത്ത് പൊലീസുമായും ആർ.ടി.ഒ ഉദ്യോഗസ്ഥരുമായും കൂടിയാലോചിച്ച് ദേശീയപാത അതോറിറ്റി റിപ്പോർട്ട് തയാറാക്കി 26നകം തലശ്ശേരി സബ്കലക്ടർക്ക് സമർപ്പിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്തിമ ശുപാർശകൾ സംസ്ഥാന തലത്തിൽ കൈമാറും. ദേശീയപാത അതോറിറ്റി ഓഫിസിന് മുന്നിൽ 25 മുതൽ നടത്താനിരുന്ന സത്യഗ്രഹസമരം പിൻവലിക്കുന്നതായി ആക്ഷൻ കമ്മിറ്റി ഭാരവാഹികളും യോഗത്തിൽ അറിയിച്ചു.
മന്ത്രിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സബ്കലക്ടർ കാർത്തിക് പാണിഗ്രാഹി, എ.ഡി.എം ഇൻചാർജ് കെ.വി. ശ്രുതി, ആർ.ടി.ഒ ഇ.എസ്. ഉണ്ണികൃഷ്ണൻ, എ.സി.പി ടി.കെ. രത്നകുമാർ, ജനപ്രതിനിധികൾ, ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ അംഗങ്ങൾ, ഒ.കെ.യു.പി സ്കൂൾ അണ്ടർപാസ് ആക്ഷൻ കമ്മിറ്റി, ബസ് തൊഴിലാളി സംഘടനാ തൊഴിലാളികൾ, എൻ.എച്ച്.എ.ഐ അധികൃതർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
യോഗത്തിനു ശേഷം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നേതൃത്വത്തിൽ സംഘം സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.